വയസ്സ് 73, പഠനം പ്ലസ്ടുവിന്; വിജയം ഉറപ്പെന്ന് പൊന്നമ്മ
text_fieldsചെങ്ങന്നൂര്‍: പ്രായത്തെ മറികടന്ന് ഹരിതകര്‍മ സേനയിൽ സജീവാംഗമായ 73 കാരിയായ പൊന്നമ്മ പ്ലസ്ടു പരീക്ഷ എഴുതുന്നു. പ്രായം ഇത്രയായെങ്കിലും ഉന്നതവിജയം ഉറപ്പാണെന്ന തികഞ്ഞ ആത്മവിശ്വാസമാണ് പൊന്നമ്മക്ക്. മുണ്ടന്‍കാവ് കൊട്ടാരത്തില്‍ ദേവരാജന്റെ ഭാര്യയാണ് വി.ഡി. പൊന്നമ്മ.
പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശ മാറാനാണ് അവസരം കിട്ടിയപ്പോള്‍ ആഗ്രഹപൂർത്തീകരണത്തിനായി തുനിഞ്ഞത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളെഴുതണമെന്ന ആഗ്രഹം നഗരസഭയിലെ വികസന വിദ്യാ കേന്ദ്രത്തിന്റെ ചുമതലയുള്ള ആശാ റാണിയെ അറിയിക്കുകയായിരുന്നു. 2023 സെപ്റ്റംബറിലെ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി 80 ശതമാനത്തിലധികം മാര്‍ക്കോടെ ഉന്നത വിജയം നേടിയതോടെ ആത്മവിശ്വാസം വര്‍ധിച്ചു. ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ പ്ലസ് വണ്‍ പഠനമാരംഭിച്ചു. 2024 ജൂലൈയിൽ പരീക്ഷയില്‍ അറുപത് ശതമാനത്തിലേറെ മാര്‍ക്കോടെയാണ് വിജയിച്ചത്.
മാര്‍ച്ചിലെ പ്ലസ് ടു പരീക്ഷയില്‍ പൊന്നമ്മക്ക് ഉന്നത വിജയമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ സൂപ്പര്‍വൈസര്‍മാരുടെ ചുമതല വഹിക്കുന്ന അധ്യാപകര്‍ പൊന്നമ്മയുടെ വടിവൊത്ത കൈയക്ഷരം കണ്ട്അത്ഭുതപ്പെട്ടിട്ടുണ്ട്. ഭാഷയിലെ നൈപുണ്യവും ഏറെ പ്രശംസനീയമാണെന്ന് ഹരിത കര്‍മസേനയുടെ ചുമതല വഹിക്കുന്ന സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. നിഷ പറയുന്നു.
എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷകളിലെ വിജയത്തിനു പൊന്നമ്മയെ നഗരസഭാ ചെയര്‍പേഴ്സണ്‍ ശോഭവര്ഗീസ്, സ്ഥിരം സമിതി ചെയര്മാന്മാരായ റിജോജോണ് ജോര്‍ജ്, ടി. കുമാരി, അശോക് പടിപ്പുരയ്ക്കല്‍, ശ്രീദേവി ബാലകൃഷ്ണന്, സെക്രട്ടറി എം.എസ്. ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ പൊന്നമ്മ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് മുൻ ഏരിയാ കമ്മിറ്റി അംഗവും നിലവില്‍ സീഡ്സൊസൈറ്റി സെക്രട്ടറിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.