വ്യാജ ലോജിസ്റ്റിക് കമ്പനിയുടെ പേരിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ (ആലപ്പുഴ): വാഹനം വാടകക്കെടുത്ത് മറിച്ചുവിറ്റ കേസിൽ യുവാവ് അറസ്റ്റിൽ. വ്യാജ ലോജിസ്റ്റിക് കമ്പനിയുടെ പേരിൽ വാഹനങ്ങൾ കരാറിലെടുത്ത് തട്ടിപ്പ് നടത്തിയ പാലക്കാട് ചിറ്റൂർ പെരുവമ്പ് വെള്ളീശരം ചെറുവട്ടത്ത് വീട്ടിൽനിന്ന് എറണാകുളം കാക്കനാട് തേവക്കൽ പുത്തൻപുരയ്ക്കൽ ലെയിൻ-48ൽ താമസിക്കുന്ന കാർത്തിക്കിനെയാണ് (27) ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണിയാൾ.
ചെങ്ങന്നൂർ അങ്ങാടിക്കൽ തുണ്ടത്തുമലയിൽ ഉഷ അനിൽകുമാർ നൽകിയ പരാതിയിലാണ് നടപടി. ഉഷയുടെ മകൻ അഭിജിത്തിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ബൊലേറോ പിക്അപ് 26,000 രൂപ മാസവാടകക്ക് കരാർ ഉറപ്പിച്ച് കഴിഞ്ഞ നവംബറിൽ കാർത്തിക് എടുത്തിരുന്നു. എറണാകുളത്തെ ലോജിസ്റ്റിക് സർവിസ് മാനേജിങ് കമ്പനി എന്ന സ്ഥാപനത്തിന്റെ ആവശ്യത്തിനെന്നുപറഞ്ഞായിരുന്നു ഇടപാട്.
അഡ്വാൻസായി 30, 000 രൂപ ഉടൻ കൈമാറുമെന്നും പ്രതിമാസ വാടക ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ, മൂന്നുമാസം കഴിഞ്ഞിട്ടും അഡ്വാൻസും വാടകയും നൽകിയില്ല.
ടെലഫോൺവഴി വാഹനം തിരികെ ആവശ്യപ്പെട്ടെങ്കിലും കാർത്തിക് നൽകിയില്ല. ഇതിനിടെ കാർത്തിക്കിനെ ബന്ധപ്പെടുത്തി സമാനമായ നിരവധി തട്ടിപ്പുവിവരങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമാന തട്ടിപ്പിൽ കൊല്ലം കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത കാർത്തിക്കിനെ റിമാൻഡ് ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചു.
ഉഷയുടെ പരാതിയിൽ കേസെടുത്ത ചെങ്ങന്നൂർ പൊലീസ് കൊല്ലത്തെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിന് ചെങ്ങന്നൂരിലെത്തിച്ചു. ഇയാൾ നൽകിയ സൂചനപ്രകാരം നടത്തിയ അന്വേഷണത്തിൽ തൃശൂരിലെ തൃപ്രയാറിൽനിന്ന് വാഹനം കണ്ടെത്തി.
വാഹനം രണ്ടുലക്ഷം രൂപക്ക് തൃപ്രയാറിൽ പണയപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.