ഗുണ്ട ആക്രമണം; കടയുടമയായ സ്ത്രീക്കും ജീവനക്കാർക്കും പരിക്ക്
text_fieldsചെങ്ങന്നൂര്‍: എം.സി റോഡിൽ നഗരഹൃദയത്തില്‍ രാത്രി ഗുണ്ട ആക്രമണം. കടയുടമയായ സ്ത്രീയെയും ജീവനക്കാരെയും മര്‍ദിച്ചു. ചെറിയനാട് മുരളി നിവാസില്‍ ഗീതാകുമാരി (52), ജോലിക്കാരായ കോട്ടയം മാഞ്ഞൂര്‍ മുകളേല്വീട്ടില് ശ്രീകുമാര്‍ (44), ഇടുക്കി പശുപ്പാറ ഇല്ലിക്കല്‍ ഷൈജുമോന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനും ഷൈനി എബ്രഹാം റോഡിനും മധ്യത്തിൽ മാമ്മൻ മെമ്മോറിയൽ ആശുപത്രിക്ക് എതിർവശമുള്ള സൈനിക് റെസ്റ്റ് ഹൗസ് വളപ്പിൽ പ്രവര്‍ത്തിക്കുന്ന തട്ടുകടയിലാണ് ഗുണ്ട ആക്രമണമുണ്ടായത്.
ഞായറാഴ്ച രാത്രി 11ഓടെ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതു സംബന്ധിച്ച് കടയുടമ ഗീതാകുമാരി പറയുന്നത്: കട അടച്ചുകൊണ്ടിരിക്കെ രണ്ടുപേര്‍ വന്ന് ആഹാരം ആവശ്യപ്പെട്ടു. ദോശയും സാമ്പാറും മാത്രമേയുള്ളൂവെന്നറിയിച്ചു. അതുമതിയെന്ന് പറഞ്ഞ് അവർ ഭക്ഷണം കഴിക്കാനിരുന്നു. പിന്നീട് ചമ്മന്തി ആവശ്യപ്പെട്ട് ബഹളം തുടങ്ങി.
സ്ഥിതി വഷളായപ്പോൾ കടയിലെ മറ്റ് ജോലിക്കാർ ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തുനിന്ന് കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തിയാണ് മര്‍ദിച്ചത്. ഷൈജുവിന്റെ മൂക്കിടിച്ചുതകര്‍ത്തു. തലക്ക് പിന്നിൽ കസേരകൊണ്ട് അടിച്ചു മുറിവേല്പിക്കുകയും ചെയ്തു. കണ്ണിനും സാരമായ പരിക്കുണ്ട്. ഷൈജു പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കണ്ണാശുപത്രിയിലെ ജീവനക്കാരനാണ്. തട്ടുകടയിൽ പാർട്ട് ടൈമായി ജോലി നോക്കുകയാണ്.
ശ്രീകുമാറിനെ കൈപിടിച്ച് തിരിച്ചശേഷം മര്‍ദിച്ചവശനാക്കി. ഗീതാകുമാരിയെയും ഭര്‍ത്താവ് മുരളീധരനെയും മര്‍ദിച്ചു. പരിക്കേറ്റ നാലുപേരും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലും ചികിത്സ തേടി. അക്രമികള്‍ കടയിലെ സാധനങ്ങളെല്ലാം തല്ലിത്തകര്‍ത്തു.
പൊലീസെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞു. ഗീതാകുമാരി ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്കി. സമീപമുള്ള കടകളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്. രാത്രി മദ്യലഹരിയിലെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.