തൊഴിൽ അന്വേഷകരെത്തേടി സര്‍ക്കാര്‍ വീടുകളിൽ എത്തുന്നത് ഇതാദ്യം -മന്ത്രി ഗോവിന്ദന്‍
text_fieldsചെങ്ങന്നൂർ: തൊഴില്‍ അന്വേഷകരെത്തേടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീടുകളിലേക്ക് എത്തുന്നത് രാജ്യത്ത് ആദ്യമാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് കേരള നോളജ് ഇക്കണോമി മിഷന്‍ നടത്തുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ നേതൃത്വത്തില്‍ നടത്തുന്ന സര്‍വേയും മന്ത്രി ഉദ്ഘാടനം ചെയ്തു.
കെ-ഡിസ്‌ക് മുഖേന അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ നടത്തുന്ന ഗുണഭോക്തൃ സര്‍വേയിലൂടെ കണ്ടെത്തുന്ന അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരില്‍ ഒരുലക്ഷം പേര്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍ നല്‍കും. 18നും 59നും ഇടയില്‍ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരങ്ങളാണ് ശേഖരിക്കുക. കൗണ്‍സലിങ് നല്‍കുന്നതിന് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളില്‍നിന്ന് വിദ്യാഭ്യാസ യോഗ്യതയുള്ള 1000 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കും. ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എൻജിനീയറിങ് കോളജില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കെ-ഡിസ്‌ക് മെംബര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ കാമ്പയിന്‍ വിശദീകരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സൻ മറിയാമ്മ ജോണ്‍ ഫിലിപ്പ്, കേരള മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. അനില്‍കുമാര്‍, അടൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി. സജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജെബിന്‍ പി. വര്‍ഗീസ്, ഇന്ദിരാ ദാസ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഹേമലത, മഞ്ജുളദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍. പുഷ്പലത മധു, പ്രസന്ന രമേശ്, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, വി. വിജി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.