ബുദ്ധന്മാരുടെ ഊര് ബുധനൂരായി
text_fieldsചെങ്ങന്നൂർ: ഉത്തര പള്ളിയാറിെൻറ സാമിപ്യത്താൽ കാർഷിക സമൃദ്ധിയുടെ വിളനിലവും ചുടുകട്ട (ഇഷ്ടിക) വ്യവസായത്തിെൻറ ഈറ്റില്ലവുമാണ് ബുധനൂർ. ബുദ്ധന്മാരുടെ ഊരാണ് (ദേശമാണ്) ബുധനൂരായി മാറിയതെന്നാണ് ഒരു പറച്ചിൽ. ബി.സി മൂന്നാം നൂറ്റാണ്ടിൽ മൗര്യ ചക്രവർത്തിയായിരുന്ന അശോകനാണ് ബുദ്ധമതത്തെ ഇന്ത്യയുടെ മതമായി പ്രഖ്യാപിച്ചത്.
ഇന്ത്യയിലാകമാനം ബുദ്ധമത പ്രചാരകരായ ബുദ്ധഭിക്ഷുക്കൾ ബുദ്ധവിഹാരങ്ങൾ സ്ഥാപിച്ച് ആരാധന നടത്തിയിരുന്നു. കേരളത്തിലും പ്രത്യേകിച്ച് ആലപ്പുഴ, കരുമാടി, മാവേലിക്കര, ബുധനൂർ പ്രദേശത്തും ബുദ്ധമതം പ്രചരിച്ചിരുന്നു. അങ്ങനെയാണ് ഈ സ്ഥലത്തിെൻറ ആദ്യനാമം പുത്തനൂർ (പുത്തൻ ഊര്) എന്നാകാനുള്ള സാധ്യത. പുത്തൻ ഊര് പുതുതായി ഉണ്ടായ ഊര് അല്ലെങ്കിൽ ദേശം. പുത്തൻ എന്നാൽ പഴയ മലയാളത്തിൽ ബുദ്ധൻ എന്നർഥം. സംസ്കൃത ഭാഷയുടെ സ്വാധീനമാണ് ഈ മാറ്റത്തിന് കാരണം. ജ്യോതിശാസ്ത്രത്തിൽ 12 ഗ്രഹങ്ങളിൽ ബുധൻ എന്ന ഗ്രഹത്തെപ്പറ്റി പ്രതിപാദിക്കുമ്പോൾ പാണ്ഡിത്യം, അറിവ്, ബുദ്ധി എന്നിവയുടെ കാരകനാണ്. ബുദ്ധിയുള്ളവരുടെ ഊര് ലോപിച്ചാണ് ബുധനൂർ എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു.
ബുധനൂർ ശ്രീ പടിഞ്ഞാറ്റിൻചേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ബുദ്ധമതം പ്രചാരം നേടിയതെന്നും പറയുന്നു. ദ്രാവിഡ സംസ്കാരത്തിലധിഷ്ഠിതമായ നാഗാരാധനയും നാഗത്തറകളും കാവുകൾ കുളങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ബുധനൂർ കുന്നത്തൂർകുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച, പള്ളിവിളക്കുകൾ, കളമെഴുത്തുംപാട്ടും, പുള്ളുവൻപാട്ടും, ആപ്പിണ്ടിയും ആചാരത്തനിമയോടെ നിലനിർത്തുന്നു. പത്തേക്കർ വിസ്തൃതിയുള്ള ഇലഞ്ഞിമേൽ വള്ളിക്കാവ് വാനരന്മാരുടെ ആവാസകേന്ദ്രമാണ്. ഇവിടെയാണ് ചൂട്ടു പടയണി, കച്ചയേറ് നടക്കുന്നത്. അനേകം ബ്രാഹ്മണ ഇല്ലങ്ങൾ, വാര്യസമുദായത്തിലെ കുടുംബങ്ങൾ, ഗ്രാമം കൊട്ടാരം, എണ്ണയ്ക്കാട് തറയിൽ കൊട്ടാരം എന്നിവയുമുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഉളുന്തി സെന്‍റ് ആനീസ് പള്ളി, ബുധനൂർ പെരിങ്ങാട് സി.എസ്.ഐ പള്ളി, ബുധനൂർ സെന്‍റ് ഏലിയാസ് ഓർത്തഡോക്സ് പള്ളി, സെന്‍റ് പോൾസ് മാർത്തോമ പള്ളി, മാടപ്പള്ളിൽ സെൻറ് ജോർജ് ദേവാലയം, ശ്രീശുഭാനന്ദ ഗുരുദേവെൻറ ജന്മഗ്രഹം, ബുധനൂർ പെരിങ്ങാട്, കടമ്പൂർ, ബുധനൂർ കിഴക്ക്, എണ്ണയ്ക്കാട് ഗ്രാമം, പെരിങ്ങിലിപ്പുറം ഗുരുമന്ദിരം എന്നിവ നാടിന്‍റെ സാംസ്കാരിക ജീവിതത്തിെൻറ പെരുമയും ഒരുമയും പ്രകീർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.