അവർ പണിമുടക്കിയാൽ, ഈ പാടശേഖരങ്ങൾ തരിശാകും
text_fieldsചെങ്ങന്നൂർ: ഇതരസംസ്ഥാന തൊഴിലാളികളില്ലെങ്കിൽ അപ്പർ കുട്ടനാടൻ പുഞ്ച പാടശേഖരങ്ങളിലെ ഒരിപ്പൂ കൃഷി ഇല്ലാതാകുമെന്ന് പറയുന്നത് നേരാണ്. വർഷത്തിൽ ഒരു കൃഷിയെമാത്രം ആശ്രയിക്കുന്ന മാന്നാറിലെ കുരട്ടിശ്ശേരി -കുട്ടമ്പേരൂർ മേഖലകളിലെ നെൽപ്പാടങ്ങളിൽ ഞാറ് നടീൽ മുതൽ കൊയ്ത്ത് വരെ ഇവരില്ലെങ്കിൽ നടക്കില്ല. ദിവസവും രാവിലെ മാന്നാർ പന്നായികടവ് - തൃക്കുരട്ടി മഹാദേവ ക്ഷേത്ര ജംഗ്ഷൻ ഭാഗങ്ങളിൽ ചങ്ങനാശ്ശേരി ഭാഗത്തുനിന്നുള്ള ബസുകളുടെ വരവ് കാത്തുനിൽക്കുന്നവർ ഏറെയാണ്. ബസിൽ വന്നിറങ്ങുന്ന പായിപ്പാട് കേന്ദ്രീകരിച്ച് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളെ കൂട്ടിക്കൊണ്ട് തൊഴിലിടങ്ങളിലേക്ക് പോകാൻ ടെമ്പോ വാനുകളും -ഓട്ടോറിക്ഷകളുമടക്കം നിരവധി വാഹനങ്ങളാണ് അതിരാവിലെ ഇവിടെയുണ്ടാകാറുള്ളത്. പാവുക്കര -വളളക്കാലി തുടങ്ങിയ പടിഞ്ഞാറൻ ഭാഗത്തേക്കുള്ള റോഡുകളിലൂടെ നടന്നെത്തുന്ന നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികൾ വേറെയും.
കൃഷിയൊരുക്കം ആരംഭിച്ചതോടെയാണ് ഇവരുടെ വരവ് കൂടിയത്. അറുന്നൂറിലധികം പേരിപ്പോൾ എത്തുന്നുണ്ടെന്ന് കർഷകർ പറയുന്നു. ഞാറുപറിച്ചു നടീല്‍ മുതൽ വിളവെടുപ്പും കറ്റ മെതിക്കലും വരെ അവർ ചെയ്യുന്നു. കാര്‍ഷിക ജോലികളെല്ലാംതന്നെ മടികൂടാതെ വേഗത്തില്‍ ചെയ്തു തീര്‍ക്കുന്നുണ്ടെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും കൃഷിയിടങ്ങളിലെ പാരമ്പര്യ അറിവുകളും നാടന്‍ ഭാഷ പ്രയോഗങ്ങളും കൈമാറുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഏറെ വർഷങ്ങളായി ഇവിടെ പണിയെടുക്കുന്ന മുതിർന്ന തൊഴിലാളികളിലൂടെയാണ് ഈ പ്രശ്നം പരിഹരിക്കപ്പെടുന്നത്. തൊഴിലാളി ക്ഷാമം മുതലെടുത്ത് തൊഴിലാളികൾ വേതനം കൂടുതലാവശ്യപ്പെടുന്നത് തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ വർഷം 750-800 രൂപയായിരുന്നു കൂലി. എന്നാലിപ്പോൾ 900 മുതൽ ആയിരം രൂപവരെയാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ ഏജന്റൻമാരായി പ്രവർത്തിക്കുന്നവർക്കാണ് ഒരു പങ്ക് കൊടുക്കേണ്ടത്. ഒരേക്കർ പാടത്ത് ഞാറുനടുന്നതിന് മുമ്പ് 7000 ആയിരുന്ന സ്ഥാനത്തിപ്പോൾ 8000 ആണ് കൈപ്പറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.