ചെങ്ങന്നൂരിലെ വിദ്യാഭ്യാസ കോംപ്ലക്സ് ഉദ്ഘാടനം 14ന്
text_fieldsചെങ്ങന്നൂർ: വിദ്യാഭ്യാസ വകുപ്പിന്‍റെ ചെങ്ങന്നൂരിലെ ഓഫിസുകൾ ഒരു കുടക്കീഴിലാകുന്നു. ചെങ്ങന്നൂർ എ.ഇ.ഒ ഓഫിസ്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പ്രവർത്തനമേഖലയുള്ള വൊക്കേഷനൽ ഹയർസെക്കൻഡറി അസി. ഡയറക്ടർ ഓഫിസ്, ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് എന്നിവയാണ് പുതിയ സമുച്ചയത്തിൽ പ്രവർത്തിക്കുക.
ചെങ്ങന്നൂർ ആൽത്തറ ജങ്ഷനു സമീപം 3.31 കോടി ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച കോംപ്ലക്സിന്‍റെ ഉദ്ഘാടനം 14ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 9081 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്നു നിലയിലായാണ് നിർമാണം പൂർത്തീകരിച്ചത്.
70 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലായിരുന്നു എ.ഇ.ഒ പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിട നിർമാണം ഇവിടെ ആരംഭിച്ചപ്പോൾ ഓഫിസ് പ്രവർത്തനം ചെങ്ങന്നൂർ ഡയറ്റ് ഹോസ്റ്റലിലെ ഇടുങ്ങിയ മുറിയിലേക്ക് മാറ്റുകയായിരുന്നു. റെയിൽവേ സ്റ്റേഷനു സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി ആർ.ഡി.ഡി ഓഫിസും സ്ഥലസൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.
മിനിസിവിൽ സ്റ്റേഷന്‍റെ രണ്ടാം നിലയിലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി എ.ഡി ഓഫിസ് പ്രവർത്തിക്കുന്നത്. ഈ ഓഫിസുകളുടെ സ്ഥലപരിമിതിയടക്കമുള്ള പോരായ്മകൾക്ക് ഇതോടെ പരിഹാരമാകും. അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെങ്ങന്നൂർ ഗവ. ഗേൾസ് ഹൈസ്കൂൾ എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 14ന് മന്ത്രി നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.