ബസിൽനിന്ന് വിദ്യാർഥിനികൾ തെറിച്ചുവീണ സംഭവം; മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു
text_fieldsചെങ്ങന്നൂർ: സ്വകാര്യ ബസിന്റെ ഡോർ അടക്കാതെ സർവിസ് നടത്തിയതിനെ തുടർന്നാണ് വിദ്യാർഥിനികൾ റോഡിലേക്കു തെറിച്ചുവീണതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡോറാണ് ബസിനുള്ളത്. വാതിലുകൾക്കു മറ്റ് സാങ്കേതിക തകരാറില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. ഡ്രൈവർ നിയന്ത്രിത ഡോർ ഓപറേറ്റിങ് സംവിധാനമാണ് ബസിനുള്ളത്. അപകടത്തിനിടയാക്കിയ വാഹനത്തിലെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി ആരംഭിച്ചതായി ചെങ്ങന്നൂർ ജോയന്റ് ആർ.ടി.ഒ വി. ജോയ് പറഞ്ഞു.
എം.വി.ഐമാരായ ആർ. പ്രസാദ്, ബി. ജിനേഷ്, എ.എം.വി.ഐമാരായ ശ്യാം കുമാർ, വൈശാഖ് എസ്. പിള്ള എന്നിവരാണ് പരിശോധിച്ചത്. ഡോർ തുറന്നു സർവിസ് നടത്തുന്ന ബസുകളുടെ പെർമിറ്റടക്കം സസ്പെൻഡ് ചെയ്യാനുനുള്ള കർശന പരിശോധനകൾ വരുംദിവസങ്ങളിലുണ്ടാകുമെന്ന് ആലപ്പുഴ ആർ.ടി.ഒ സജി പ്രസാദ് അറിയിച്ചു.
വെൺമണി-പുലക്കടവ്-ഹരിപ്പാട് മണ്ണാറശാല റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസായ അംബികയിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് നാലരക്കാണ് ബുധനൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളായ ബിൻസി, ഫിദ ഫാത്തിമ എന്നിവർ വീണത്. പടിഞ്ഞാറ്റുംചേരി സുബ്രഹ്മണ്യ സ്വാമി ജങ്ഷൻ കഴിഞ്ഞുള്ള രണ്ടാമത്തെ വളവിലെത്തിയപ്പോൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
തലക്ക് പരിക്കേറ്റ വിദ്യാർഥിനികളിൽ ഒരാൾ പരുമല സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരാളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.