ആനയുടെ കണ്ണിലേക്ക് ലേസർ രശ്മിയടിച്ച സംഭവം; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
text_fieldsചെങ്ങന്നൂർ: തൃച്ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് ഘോഷയാത്രക്കിടയിൽ ആനയുടെ കണ്ണിലേയ്ക്ക് ലേസർ രശ്മികൾ അടിച്ചതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഉപദേശക സമിതി രക്ഷാധികാരി കെ. ഷിബുരാജാണ് പൊലീസ് മേധാവിക്കും ചെങ്ങന്നൂർ ഡിവൈ.എസ്.പിക്കും പരാതി നൽകിയത്.
തിങ്കളാഴ്ച രാവിലെയാണ് പരാതിക്കിടയായ സംഭവം നടന്നത്. ആറാട്ടിനുശേഷം ഘോഷയാത്ര തിരിച്ച് കിഴക്കേനടയിലെ ക്ഷേത്രഗോപുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി തിടമ്പേറ്റിയിരുന്ന ഓമല്ലൂർ മണികണ്ഠന്‍റെ കണ്ണിലേക്ക് ലേസർ രശ്മികൾ അടിക്കുന്ന വീഡിയോ വ്യപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആനയെ പ്രകോപിപ്പിക്കുന്നതിനായി മനഃപൂർവ്വമായിട്ടാരെങ്കിലും ചെയ്തതാണോയെന്ന് പരിശോധിച്ച് കണ്ടെത്തണം. അങ്ങനെയങ്കിൽ അവരെ അടിയന്തരമായി കണ്ടെത്തി കേസെടുക്കണം.
ലേസർ രശ്മികൾക്ക് പകരം ആനയുടെ ശരീരത്ത് പതിക്കുന്നത് സൂര്യരശ്മികളുടെ പ്രതിഫലനമോ മറ്റെന്തെങ്കിലുമാണോയെങ്കിൽ തെറ്റിദ്ധാരണ ഉണ്ടാക്കത്തക്കവിധം വീഡിയോ പ്രചരിപ്പിച്ച് ഭക്തജനങ്ങളിൽ ഭീതിയും ആശങ്കയും ഉണ്ടാക്കിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. സംഭവത്തിന്‍റെ നിജസ്ഥിതി കണ്ടെത്തുന്നതോടൊപ്പം യഥാർഥ കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം. വീഡിയോ എടുത്തയാളെയും സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചവരെയും കണ്ടെത്താനായി അടിയന്തരമായി അന്വേഷണം ആരംഭിക്കണം.
ക്ഷേത്രത്തിലെ വലിയ ഉത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളതിനാൽ വിഷയം ഗൗരവമായി കാണുകയും ഉത്സവ സമയത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് കെ. ഷിബുരാജൻ നൽകിയ പരാതിയിൽ പറയുന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്നതിന് ഉപദേശകസമിതി യോഗം ഉടനടി വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ടേറ്റീവ് ഓഫീസർക്ക് കത്തു നൽകിയതായും കെ. ഷിബുരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.