ജയന്തി കൊലക്കേസ്; 20 വർഷം പിന്നിട്ടിട്ടും നടുക്കുന്ന ഓർമ
text_fieldsചെങ്ങന്നൂർ: സമൂഹമന:സാക്ഷിയെ ഞെട്ടിച്ച കൊലക്കേസിന് ഒടുവിൽ വിരാമം. ഭാര്യ ജയന്തിയെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ 20 വർഷങ്ങൾക്കുശേഷമാണ് മാന്നാര്‍ കുട്ടമ്പേരൂര്‍ താമരപ്പള്ളില്‍ ജി.പി. കുട്ടികൃഷ്ണന് കോടതി വധശിക്ഷ വിധിച്ചത്. 2004 ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. സംഭവശേഷം കുട്ടികൃഷ്ണൻ സുഹൃത്ത് വഴി ഈരാറ്റുപേട്ട സ്വദേശിയായ ജ്യോതിഷനുമായി പരിചയത്തിലാകുകയും അയാളുടെ കൂടെ കട്ടപ്പനയിലെ ലോഡ്ജില്‍ ഒളിവിൽ കഴിയുകയും ചെയ്തു. ജ്യോതിഷന് മരിച്ചതിനെ തുടര്‍ന്ന് കട്ടപ്പനയില്‍നിന്ന് ഒഡീഷയിലേക്ക് പോയി. അവിടെ പല കമ്പനികളിലും സെക്യൂരിറ്റി സ്ഥാപനങ്ങളിലും ജോലി ചെയ്തു. അതോടൊപ്പം ഷെയര്‍ മാര്‍ക്കറ്റ്, ഓണ്‍ലൈന്‍ ട്രേഡ്ബിസിനസ് എന്നിവയിലും വ്യാപൃതനായിരുന്നു.
ഷെയര്‍ ബിസിനസുമായി ബന്ധപ്പെട്ട് ഇടക്ക് മുംബൈയില്‍ പോകാറുണ്ടായിരുന്നുവെന്ന് പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് അവിടെ അന്വേഷണം നടത്തി. കുട്ടികൃഷ്ണന് ബിസിനസിൽ സാമ്പത്തികനഷ്ടം വന്നതായും അറിയാൻ കഴിഞ്ഞു.
ഇതിനിടെ മുംബൈയില്‍ നിന്ന് കളമശ്ശേരി സ്വദേശിക്കൊപ്പം പോയെന്നറിഞ്ഞ് കൊച്ചിയിലുള്ള ഷെയര്‍ മാര്‍ക്കറ്റിങ് മേഖലയുമായി ബന്ധപ്പെട്ടവരിൽനിന്ന് പൊലീസ് വിവരശേഖരണം നടത്തി. ഒടുവിൽ, കളമശ്ശേരിയില്‍നിന്ന് കുട്ടികൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃക്കാക്കരയില്‍ വാസ്തുനോട്ടവും ജ്യോതിഷവും നടത്തിവരികയായിരുന്നു. 14 വര്‍ഷത്തോളം പിടിക്കാതിരുന്നതിനാല്‍ ഒരിക്കലും പിടിക്കപെടില്ല എന്ന വിശ്വസത്തില്‍ കഴിഞ്ഞുവെന്നാണ് പ്രതി അന്ന് മൊഴി നൽകിയത്.
മാവേലിക്കര വള്ളികുന്നം മൂന്നാംവാർഡിൽ രാമകൃഷ്ണ ഭവനത്തിൽ പരേതനായ രാ മകൃഷ്ണകുറുപ്പിന്റെയും ശങ്കരിയമ്മയുടെയും മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയമകളായിരുന്നു ജയന്തി. ബി.എസ്.സി പാസായി നിൽക്കു മ്പോഴായിരുന്നു ഗൾഫുകാരനായ കുട്ടികൃഷ്ണനു മായുള്ള വിവാഹം. വിവാഹശേഷം മാന്നാർ കുട്ടമ്പേരൂർ ആലുംമൂട് ജങ്ഷന് സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസം ആരംഭിച്ച കുട്ടികൃഷ്ണൻ, മകൾ ജനിച്ച് ഒരുവർഷവും രണ്ട് മാസവും കഴിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയത്. കുട്ടികൃഷ്ണൻ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് കേസിന്റെ വിചാരണ നീണ്ടു പോകാനിടയാക്കിയത്. കുട്ടികൃഷ്ണൻ ജാമ്യത്തിലിറങ്ങിയശേഷം കൊലപാതകം നടന്ന വീടും വസ്തുവും വിറ്റ് പണവുമായാണ് നാടുവിട്ടത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇപ്പോൾ ടൂ വീലർ വർക്ക് ഷോപ്പാണ് പ്രവർത്തിക്കുന്നത്. പ്രതിയെ പിടികൂടാൻ കഴിഞ്ഞ വർഷം ജൂണിലാണ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.