കോടികളുടെ തൊഴിൽ തട്ടിപ്പ്: ബി.ജെ.പി നേതാവിെൻറ വീട്ടിലേക്ക് കബളിപ്പിക്കപ്പെട്ടവരുടെ മാർച്ച്
text_fieldsചെങ്ങന്നൂർ: ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ (എഫ്.സി.ഐ), റെയിൽവേ, ഇ.എസ്.ഐ, എയിംസ്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിവാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കബളിപ്പിക്കെപ്പട്ടവർ മാർച്ച് നടത്തി. ചെങ്ങന്നൂർ മുളക്കുഴ കാരയ്ക്കാട് ആലുനില്ക്കുംതടത്തിൽ വീട്ടിൽ മുൻ ഗ്രാമ പഞ്ചായത്തംഗവും ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്ന സനു എൻ. നായരുടെ ഭാര്യ ഭാഗ്യലക്ഷ്മി മേനോന്, ബുധനൂര്‍ ചേലക്കാട് നിധിന് കൃഷ്ണന്, ഭാര്യ വീണ, മുൻ എഫ്.സി.ഐ. അംഗം എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ ലെനിൻ മാത്യു, ബിബിന്‍ വര്‍ഗീസ് എന്നിവരെ നാലുമാസങ്ങൾ പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
കേസിലെ പ്രതികളായ സനു എൻ. നായർ (48), ബുധനൂർ താഴുവേലിൽ വീട്ടിൽ രാജേഷ് കുമാർ (38) എന്നിവർ കഴിഞ്ഞ 15ന് ചെങ്ങന്നൂർ പൊലീസിൽ കീഴടങ്ങിയിരുന്നു. 34 പേരാണ് ഇതുവരെ പലപ്പോഴായി കോടതിയെ സമീപിച്ചിരിക്കുന്നത്. അടൂർ, കൊട്ടാരക്കര, പന്തളം, പത്തനംതിട്ട, തിരുവല്ല, കൊല്ലം, ചെങ്ങന്നൂർ, എന്നീ സ്ഥലങ്ങളിലുള്ളവരാണ്. ഇതിൽ 10 പെൺകുട്ടികളുമുണ്ട്. ഇതിൽ, പത്തനംതിട്ടയിലുള്ള ഒരുവീട്ടിലെ രണ്ടുമക്കളുടെ ജോലിക്കായി 40 ലക്ഷം രൂപയാണ് ഇവർ വാങ്ങിയത്.
പൊലീസില്‍ അറിയിച്ചശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാരയ്ക്കാട് ജങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്, നെടുവത്തുമുക്കില് സമാപിച്ചു. ഏഴ് പ്രതികളുള്ള കേസില്‍ ഇതുവരെ രണ്ട് പ്രതികളെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. പൊലീസിലും രാഷ്ട്രീയ രംഗത്തുമുള്ള പ്രതികളുടെ ഉന്നത സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന് പരാതിക്കാര്‍ ആരോപിച്ചു. നാല്പതിലധികം ആളുകളില്‍നിന്നും പത്തുകോടി രൂപയോളം പ്രതികള്‍ തട്ടിയെടുത്തുവെന്നും ലോക്കല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും പരാതിക്കാര്‍ കുറ്റപ്പെടുത്തി. അതിനാല്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ നിധിന് കൃഷ്ണന്, അഖില്‍, പ്രിജില്‍, അഞ്ജു, അനില്‍ കുമാര്‍, രതീഷ്, സാബു തോമസ്, ശശാങ്കന്, ജിത്തു കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.