കെ റെയിൽ: മന്ത്രി സജി ചെറിയാൻ വീടുകൾ കയറിയിറങ്ങി; രമേശ് ചെന്നിത്തല പിഴുത കല്ല് പുനഃസ്ഥാപിച്ചു
text_fieldsചെങ്ങന്നൂര്‍: സിൽവർ ലൈൻ പ്രതിഷേധം ശക്തമായ ചെങ്ങന്നൂർ കൊഴുവല്ലൂരിൽ വീടുകളിൽ കയറിയിറങ്ങിയുള്ള മന്ത്രി സജി ചെറിയാന്റെ പ്രചാരണം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പിഴുതുമാറ്റിയ സർവേക്കല്ല് പുനഃസ്ഥാപിക്കുകയും ചെയ്തു. കൊഴുവല്ലൂർ കിഴക്കേ മോടിയിൽ തങ്കമ്മയുടെ (64) വീട്ടിലെ പിഴുതെറിഞ്ഞ സര്‍വേക്കല്ലാണ് പുനഃസ്ഥാപിച്ചത്.
പണിമുടക്കായതിനാൽ ഇരുചക്രവാഹനത്തിലായിരുന്നു മന്ത്രി എത്തിയത്. മുളക്കുഴ പഞ്ചായത്തിലെ കൊഴുവല്ലൂരിലെ വീടുകൾ കയറിയിറങ്ങി ജനങ്ങളുടെ ആശങ്ക അകറ്റാനായിരുന്നു സന്ദർശനം. 11, 12 വാർഡുകളിൽ ഉൾപ്പെട്ട 20ലധികം വീടുകളിൽ രാവിലെ 7.45 മുതൽ 9.45 വരെയുള്ള സമയത്താണ് മന്ത്രിയും കൂട്ടരും പ്രചാരണം നടത്തിയത്.
കഴിഞ്ഞദിവസം രമേശ് ചെന്നിത്തല എത്തിയപ്പോൾ പൊട്ടിക്കരഞ്ഞ തങ്കമ്മയെയും മന്ത്രി സന്ദർശിച്ചു. ''അമ്മാമ്മ എങ്ങും പോകേണ്ട, അപ്പുറത്ത് മാറ്റി മനോഹരവീട് പണിത് തരും. പിണറായി വിജയനെ വിശ്വാസമുണ്ടോ. നാലിരട്ടി നഷ്ടപരിഹാരം അക്കൗണ്ടിൽവന്ന ശേഷം വീട്വിട്ടിറങ്ങിയാൽ മതി. പുനരധിവാസവും ഉറപ്പാക്കും.
കമ്യൂണിസ്റ്റുകാർ വാക്കുപറഞ്ഞാൽ പാലിക്കും. സുപ്രീം കോടതി വിധി വന്നതോടെ പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രസക്തിയില്ലാതായി'' -മന്ത്രി വിശദീകരിച്ചു. 20 വീട്ടുകാരെയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. സമരസമിതിക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
അതേസമയം, പദ്ധതി ഏറ്റവും കൂടുതൽ ബാധിക്കുന്ന ഭൂതംകുന്ന് കോളനിവാസികളോട് മന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്ഥലവും വീടും വെച്ചുതന്നാൽ മാറാമെന്നായിരുന്നു മറുപടി. സി.പി.എമ്മും മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ-റെയില്‍ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി ആരോപിച്ചു.
സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എച്ച്. റഷീദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. ഗോപാലകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം പി.എസ്. മോനായി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സി.എസ്.ഐ പള്ളി കവലയിലെ വിലാസിനിയുടെ ചായക്കടയിൽ കയറി കട്ടൻചായ കുടിക്കാനും പഞ്ചായത്ത് സ്റ്റേഡിയം, എം.എൽ.എ ഫണ്ടിൽ നിർമിക്കുന്ന അംഗൻവാടി കെട്ടിടത്തിന്റെ പണികളുടെ പുരോഗതി വിലയിരുത്താനും സമയം കണ്ടെത്തിയാണ് മന്ത്രി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.