കെ-റെയിൽ കല്ലിടൽ തുടരുന്നു; വേറിട്ട പ്രതിഷേധവുമായി കുട്ടികൾ
text_fieldsചെങ്ങന്നൂർ: ജനരോഷം മറികടന്ന് പൊലീസ് സംരക്ഷണത്തിൽ കെ-റെയിൽ സിൽവർ ലൈൻ പദ്ധതി സർവേയുടെ ഭാഗമായുള്ള കല്ലുകൾ സ്ഥാപിക്കൽ തുടരുന്നു. വ്യാഴാഴ്ച മുളക്കുഴ പഞ്ചായത്തിലെ പൂപ്പൻകരമോടി തച്ചിലേത്ത് ഭാഗത്ത് മതിൽ ചാടി കടന്നെത്തിയ കുട്ടികളുടെ പ്രതിഷേധം വേറിട്ട കാഴ്ചയായി.
സ്കൂൾ യൂനിഫോമണിഞ്ഞ വിദ്യാർഥിനിയുമുണ്ടായിരുന്നു. ''കെ റെയിൽ കമ്പനി ഗോ ബാക്ക്, വിട്ടുതരില്ല വിട്ടുതരില്ല ഒരിഞ്ചു മണ്ണും വിട്ടുതരില്ല, കെ റെയിൽ കമ്പനി ഗോ ബാക്ക്, കെ റെയിൽ ഞങ്ങൾക്കു വേണ്ടേ വേണ്ടാ, പൊലീസ് നീതി പാലിക്കുക'' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉശിരോടെ ഉയർത്തുന്നവരിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെയുണ്ടായിരുന്നു. രാവിലെ പാറപ്പാട് മേഖലയിൽ സർവേ ആരംഭിച്ചപ്പോഴും വീട്ടമ്മമാർ ഉൾപ്പെടെയുള്ള വനിതകൾ ശക്തമായ എതിർപ്പുമായി രംഗത്തുണ്ടായിരുന്നു. പൂപ്പൻകരമോടി കിഴക്ക്, വലിയ പറമ്പ് കോളനി, പാറപ്പാട് തുടങ്ങിയ പ്രദേശങ്ങളിലും സർവേ നടത്തി.
ബുധനാഴ്ച അവസാനഘട്ടത്തിലെ കല്ലിടലിനിടെ വൈകീട്ട് മുളക്കുഴ തെക്ക് തോട്ടിയാട്ട് ഫാ. മാത്യു വർഗീസിനെയും (29), അമ്മ മേരി വർഗീസിനെയും (65) പൊലീസ് കൈയേറ്റം ചെയ്തതായി സമരക്കാർ ആരോപിച്ചു. വീട് നഷ്ടമാകുന്ന കാഴ്ച കണ്ടു ചെറുത്തപ്പോൾ പൊലീസ് ശക്തമായി പിടിച്ചുവലിച്ചെന്നും ഇതിനിടെ അമ്മ കുഴഞ്ഞുവീണതായും ഫാ. മാത്യു പറഞ്ഞു. ട്രിച്ചി സെന്‍റ് തോമസ് ഓർത്തഡോക്‌സ് പള്ളി വികാരിയാണ്.
കെ-റെയിലിന് അനുമതി നൽകില്ല -കൊടിക്കുന്നിൽ
ചെങ്ങന്നൂർ: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് അന്തിമ അനുമതി നൽകില്ലെന്ന് റെയിൽവേ ബോർഡ് അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. വിഷയത്തിൽ കേരളത്തിലെ സാഹചര്യം വിശദീകരിക്കാനാണ് ചെയർമാൻ വി.കെ. ത്രിപാഠിയുമായി എം.പി റെയിൽവേ ആസ്ഥാനമായ റെയിൽഭവനിൽ കൂടിക്കാഴ്ച നടത്തിയത്.
കെ-റെയിൽ സിൽവർ ലൈനിന് തത്ത്വത്തിൽ നൽകിയ അനുമതി എന്നത് സർവേ പോലെയുള്ള നടപടികൾക്കു വേണ്ടി സ്വാഭാവികമായി ഏതുസംസ്ഥാന സർക്കാർ അഭ്യർഥിച്ചാലും അനുവദിക്കുന്ന ഒന്ന് മാത്രമാണ്. എന്നാൽ, റെയിൽവേ വകുപ്പ് സിൽവർ ലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല. റെയിൽവേയുടെ വസ്തുവിൽ കൂടി ഒരു കാരണവശാലും മറ്റൊരു ലൈൻ കടന്നുപോകാൻ അനുവദിക്കില്ലെന്ന നിലപാട് റെയിൽവേ ബോർഡ് ചെയർമാൻ ആവർത്തിച്ചതായും എം.പി അറിയിച്ചു.
ഭദ്രാസന കൗൺസിൽ പ്രതിഷേധിച്ചു
ചെങ്ങന്നൂർ: വൈദികനെ പൊലീസ് മർദിച്ചതിൽ ചെങ്ങന്നൂർ ഭദ്രാസന കൗൺസിൽ പ്രതിഷേധിച്ചു. ഓർത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും ചെങ്ങന്നൂർ ഭദ്രാസനത്തിലെ മുളക്കുഴ സെന്‍റ് മേരീസ് പള്ളി ഇടവകാംഗവുമായ തോട്ടിയാട്ട് വീട്ടിൽ ഫാ. മാത്യു വർഗീസിനെ പൊലീസ് അകാരണമായി മർദിക്കുകയും വലിച്ചിഴക്കുകയും ചെയ്തതിൽ കൗൺസിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.