കിഴക്കേനട സര്‍വിസ് സഹ. ബാങ്കിൽ കോടികളുടെ ക്രമക്കേടുകളെന്ന്
text_fieldsചെങ്ങന്നൂര്‍: നഗരത്തിലെ 3351ാം നമ്പർ കിഴക്കേനട സര്‍വിസ് സഹകരണ ബാങ്കില്‍ കോടികളുടെ സാമ്പത്തിക നഷ്ടവും ക്രമക്കേടുകളുമാണ് സഹകരണവകുപ്പ് രണ്ടുവർഷംമുമ്പ് കണ്ടെത്തിയത്. 1,79,65,843 രൂപയുടെ സാമ്പത്തിക നഷ്ടം സംഘത്തിനുണ്ടാക്കിയതായും 1,00,54,756 രൂപയുടെ ക്രമക്കേടുകൾ നടന്നതായുമായാണ് വിവരാവകാശ നിയമപ്രകാരം ളാകേശ്ശേരി വേങ്ങൂർ രമേശ് ബാബുവിന് ചെങ്ങന്നൂർ സഹകരണസംഘം അസി. രജിസ്ട്രാർ (ജനറൽ) നൽകിയ രേഖയിൽ വ്യക്തമാക്കുന്നത്.
ഏകദേശം മൂന്ന് കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി രണ്ടുവർഷം മുമ്പ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയെങ്കിലും ഇക്കാര്യം നിയമപ്രകാരം പൊലീസിൽ അറിയിക്കുകയോ തുടര്‍നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
സഹകരണ നിയമം വകുപ്പ് 65 പ്രകാരം ചെങ്ങന്നൂർ യൂനിറ്റ് ഇൻസ്പെക്ടറായിരുന്ന കെ. സിയാദ് അന്വേഷിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 68 (1) നിയമപ്രകാരം അസി. രജിസ്ട്രാർ ജനറൽ അന്വേഷിക്കുന്നതായി ഈമാസം 11ന് നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു. നടന്ന നിയമനങ്ങളിൽ പലതിലും സൊസൈറ്റി നിയമങ്ങൾ ലംഘിച്ചാണ്. മൂന്നുകോടിയുടെ അഴിമതി നടത്തിയ ഭരണസമിതിയുടെ പ്രസിഡന്റിനെ രാജിവെപ്പിച്ചശേഷം അതേ ഡയറക്ടർ ബോർഡിലെ ഒരംഗത്തെ പ്രസിഡന്റാക്കി പുതിയ കമ്മിറ്റിയെ നിലവിൽവെച്ചതായും ചൂണ്ടിക്കാട്ടി രമേശ്കുമാർ വിജിലൻസിന് കൈമാറിയ പരാതി ഡയറക്ടർക്ക് അന്വേഷണത്തിന് കൈമാറിയിരിക്കുകയാണ്.
ആരോപണങ്ങൾ സത്യവിരുദ്ധം -മുൻ ബാങ്ക് പ്രസിഡന്റ്
ചെങ്ങന്നൂർ: മൂന്നുകോടിയുടെ അഴിമതി ആരോപണങ്ങൾ സത്യവിരുദ്ധമാണെന്ന് മുൻ ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. പ്രേംലാൽ പറഞ്ഞു. ഓഡിറ്റിങ്ങിനെ തുടർന്ന് സഹകരണവകുപ്പ് 2021 ആഗസ്റ്റ് 27ന് പിരിച്ചുവിട്ട ഭരണസമിതി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് പുനഃസ്ഥാപിച്ചതാണ്.
പരപ്രേരണയില്ലാതെയാണ് പ്രസിഡന്റ് സ്ഥാനവും ഡയറക്ടർ ബോർഡ് അംഗത്വവും രാജിവെച്ചത്. നിക്ഷേപത്തിന്റെ കാര്യത്തിലും സ്വർണ പണയത്തെക്കുറിച്ചും ആരുമിതുവരെ ആരോപണമുന്നയിച്ചിട്ടില്ല. രമേശ് ബാബുവിന്റെ ബന്ധുവിന്റെയുൾപ്പെടെയുള്ളവരുടെ വായ്പ കുടിശ്ശിക ഇതിൽവരും. സെയിൽസ്മാൻ തസ്തിക, പ്രമോഷൻ എന്നിവ നിയമപ്രകാരം മാത്രമാണ് നടത്തിയത്. ബാങ്കിനെ തകർക്കാൻ മാത്രമാണ് ആരോപണങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ആരോപിച്ചു. ബാങ്കിലെ നിക്ഷേപത്തെക്കുറിച്ചും ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും നിക്ഷേപകർ ആശങ്കപ്പെടേണ്ട കാര്യമില്ല. നാളിതുവരെ ബാങ്കിന് 15 കോടിയിലേറെ തുക വായ്പ തിരിച്ചടവുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.