കെ.എസ്.ആർ.ടി.സി സർവിസുകൾ താളംതെറ്റി; ശബരിമല ഇടത്താവളത്തിലും ക്ലച്ച് പിടിക്കാതെ
text_fieldsസ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധമുള്ള മിൽസ് മൈതാനത്ത് കൊട്ടാരക്കരക്കും കോട്ടയത്തിനും മധ്യേയുള്ള ഏക ബസ്സ്റ്റേഷനും ഡിപ്പോയും 1965ൽ കെ.ആർ. സരസ്വതിയമ്മ എം.എൽ.എയുടെ കാലത്താണ് പ്രവർത്തനം ആരംഭിച്ചത്
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയുടെ കിഴക്കേയറ്റത്ത് പത്തനംതിട്ടയോട് തൊട്ടുരുമിക്കിടക്കുന്ന ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിൽ.
സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധമുള്ള മിൽസ് മൈതാനത്ത് കൊട്ടാരക്കരക്കും കോട്ടയത്തിനും മധ്യേയുള്ള ഏക ബസ്സ്റ്റേഷനും ഡിപ്പോയും 1965ൽ കെ.ആർ. സരസ്വതിയമ്മ എം.എൽ.എയുടെ കാലത്താണ് പ്രവർത്തനം ആരംഭിച്ചത്.
പമ്പക്ക് എല്ലാദിവസവും, ഇടുക്കി, ആനത്തോട്, ദേവികുളം, കട്ടപ്പന, കോഴിക്കോട്, ഗുരുവായൂർ, കളിയിക്കാവിള തുടങ്ങിയ റൂട്ടുകളിൽ അഭിമാനകരമായ സർവിസുകളും ചങ്ങനാശ്ശേരി, മാവേലിക്കര, പന്തളം, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ കലാലയങ്ങളിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി നിരവധി സ്റ്റുഡൻറ്സ് ഒൺലി സർവിസുകളും പ്രധാന്യം നൽകി നടത്തിയ സർവിസുകളെല്ലാം ഓർമയായി.
തുടക്കത്തിൽ 16 സർവിസുകളായിരുന്നത്. അത് 62 ഷെഡ്യൂൾവരെയായി ഉയർന്നു. കോവിഡ് മഹാമാരിക്ക് മുേമ്പ ബസ്സ്റ്റേഷെൻറ പ്രാധാന്യം കുറഞ്ഞു.
കുത്തകയായി നിലനിർത്തിയിരുന്ന റെയിൽവേ സ്േറ്റഷൻ -പത്തനംതിട്ട , കൊല്ലം- ചെങ്ങന്നൂർ റൂട്ടുകളിലെ ചെയിൻ സർവിസുകൾ പേരിന് മാത്രമാക്കിയതിന് പിന്നിൽ രാഷ്ട്രീയ -ട്രേഡ് യൂനിയൻ - ഉദ്യോഗസ്ഥ സ്വാധീനങ്ങൾ വലിയ തോതിലുണ്ടായത് കനത്ത തിരിച്ചടിയായി. സ്വകാര്യ ബസുടമകൾ ഈ റൂട്ടുകൾ കൈയടക്കിയതിനൊപ്പം കാലക്രമേണ വാഹനങ്ങൾ കുറച്ചും ട്രിപ്പുകൾ മുടക്കിയും ജനങ്ങളുടെ സൗകര്യപ്രദമായ യാത്രകൾക്ക് വിഘാതം സൃഷ്ടിച്ചു. ഇതോടെ, ഗ്രാമീണ മേഖലയിലെയും ജില്ല ആസ്ഥാനങ്ങളിലടക്കമുള്ള ഓർഡിനറി, ഫാസ്റ്റ് പാസഞ്ചറുകളും ഇല്ലാതായി. രേഖകളിൽ അഞ്ച് സൂപ്പർഫാസ്റ്റുകളടക്കം 34 സർവിസുകളാണുള്ളത്. തൃശൂർ-കൊട്ടാരക്കര, പാലക്കാട്, കണ്ണൂർ- പൈതൽമല എന്നിവയാണ് ദീർഘദൂരത്തിൽ ഓപറേറ്റ് ചെയ്യുന്നത്.
14 ഫാസ്റ്റ് പാസഞ്ചറുകളിൽ കോട്ടയം- കൊട്ടാരക്കര, തിരുവനന്തപുരം, അമൃത, വൈറ്റില, പുനലൂർ, എറണാകുളം, ആലുവ, കൊല്ലം എന്നിവയും ഉൾപ്പെടുന്നുണ്ട്. നിലവിൽ 35 ബസുകൾ മാത്രമാണുള്ളത്. 2020ൽ 42 ഷെഡ്യൂളിനായി 54 ബസുകളുണ്ടായിരുന്നു. 15 ഓർഡിനറികളിൽ ചെറിയനാട് വഴിയുള്ള കൊല്ലം ഇലവുംതിട്ട-പത്തനംതിട്ട, ആറന്മുള-കോഴഞ്ചേരി, കൊഴുവല്ലൂർ-പന്തളം, വെണ്മണി - പന്തളം, പാറച്ചന്ത -പന്തളം സർവിസുകൾ ഓടുന്നുണ്ട്. എല്ലാവിഭാഗത്തിലുമായി 230 ജീവനക്കാരാണുള്ളത്. ഇതിൽ കണ്ടക്ടറും ഡ്രൈവർമാരുമായി 69 പേർ മാത്രം.
കോവിഡും കാറൻറീനുമടക്കം പലരും ദിവസങ്ങളോളം അവധിയെടുക്കുന്നത് സർവിസിനെ താളംതെറ്റിക്കുന്നു. 2016ൽ പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടുകോടി മുടക്കിയ- ഗാരേജ് കം ഓഫിസ് കോംപ്ലക്സിെൻറ നിർമാണം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.
ഗാരേജ് -വർക്ഷോപ് എന്നിവ താൽക്കാലികമായി അവിടേക്ക് മാറ്റുകയായിരുന്നു. വെള്ളക്കെട്ടിലും ഓയിലിലും കിടന്നാണ് ബസിനടിയിൽ കയറി മെക്കാനിക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നത്. യാർഡിൽ ടാറിങ്ങും കോൺക്രീറ്റും നടത്തിയിട്ട് വർഷങ്ങളായി. ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫിസറുടെ തസ്തികയാണെങ്കിലും ആ ചാർജുള്ള എ.ടി.ഒമാരാണ് പതിറ്റാണ്ടുകളായി നിയമിക്കപ്പടുന്നത്. പ്രമോഷൻ ലഭിക്കുകയാണെങ്കിൽ ആ തസ്തികയിൽ തന്നെ തുടരുന്ന രീതിയാണുള്ളത്.
അംഗീകാരം കാത്ത് സർക്കുലർ സർവിസുകൾ
നിർത്തിവെച്ചതടക്കമുള്ള പുതിയ സർക്കുലർ സർവിസുകൾ വിപുലമായി നടത്തുന്നതിനായി വിശദമായ റിപ്പോർട്ടുകൾ തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഇതിൽ വടശ്ശേരിക്കര, സീതത്തോട് വഴിയുള്ള മൂഴിയാർ-ആങ്ങമൂഴി സർവിസുകളുമുണ്ട്.
ബസുകളും അതിനാവശ്യമായ ജീവനക്കാരെയും ലഭിക്കുന്ന മുറക്ക് ഷെഡ്യൂളുകൾ ഓപറേറ്റ് ചെയ്യാൻ കഴിയുമെന്ന് എ.ടി.ഒ എം.ജി. സുരേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. ഈമാസം 30ന് എറണാകുളത്ത് നടക്കുന്ന സെൻട്രൽ സോൺ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. ശബരിമല സീസണടക്കം അടുത്തുവരുന്നതിനാൽ കൂടുതൽ സർവിസുകൾ കാര്യക്ഷമാക്കാനാണ് നീക്കം. ശബരിമല തീർഥാടനകാലത്ത് ഏറ്റവും കൂടുതൽ പമ്പ സർവിസ് നടത്തി ടിക്കറ്റ് വരുമാനത്തിലൂടെ റെക്കോഡ് നേട്ടവും ചെങ്ങന്നൂരിന് സ്വന്തമാണ്.
ഇനിയുെമത്താത്ത വികസനം കാതോർത്ത്
കേരളത്തിലെ മറ്റ് ഡിപ്പോകളെ അപേക്ഷിച്ച് ചെങ്ങന്നൂരിൽ 100 മീറ്റർ നീളവും 30 മുതൽ 40 വരെ മീറ്റർ വീതിയും വരുന്ന ഒരേക്കറിലധികം വിസ്തൃതിയിലുള്ള ഭൂമിയാണുള്ളത്. പി.സി. വിഷ്ണുനാഥ് എം.എൽഎയുടെ കാലത്ത് രണ്ടുകോടി മുടക്കി നിർമിച്ച ഇരുനില ഗാരേജ് കം ഓഫിസ് കോംപ്ലക്സ് മാത്രമാണ് പുതിയ കെട്ടിടം.
1978 മാർച്ചിൽ മന്ത്രിയായിരുന്ന കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം നിർവഹിച്ച ജില്ല ഓഫിസ് കെട്ടിടത്തിനു പകരം പുതിയതായി എൽ ആകൃതിയിൽ രണ്ടുനില ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചാൽ 60 മുറികൾ വാടകക്ക് നൽകാനാകും. ഇതിലൂടെ പ്രതിമാസം ലക്ഷങ്ങൾ വീതം കോർപറേഷന് വരുമാനമുണ്ടാക്കാം. ഇതിനായുള്ള വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. അതുപോലെ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനുള്ള നടപടിയും ആലോചനയിലുണ്ട്. കാലാകാലങ്ങളിൽ മണ്ഡലത്തിലെ ജനപ്രതിനിധികളെ സ്വാധീനിക്കുന്ന ചില ഉദ്യോഗസ്ഥരാണ് ചെങ്ങന്നൂർ ബസ് സ്റ്റേഷെൻറ വികസനത്തിന് തടസ്സമാകുന്നത്.
വഴിതിരിച്ചുവിട്ട് സർവിസ്; തർക്കവും ബഹളവും പതിവ്
കോട്ടയം- കൊട്ടാക്കര റൂട്ടിലെ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവിസുകളിലൊന്ന് രാവിലെ 5.25ന് കൊട്ടാരക്കരക്ക് അയക്കുന്ന ബസ് തിരികെ പന്തളത്തെത്തി ആലപ്പുഴക്ക് നേരിട്ട് സർവിസ് നടത്തിയിരുന്നു. ഇപ്പോഴത് പന്തളത്ത് എത്തിയ ശേഷം മന്ത്രിയുടെ താമസസ്ഥലമായ കൊഴുവല്ലൂർ വഴിയാണ് ജില്ല ആസ്ഥാനത്തേക്ക് പോകുന്നത്.
ഇതിലൂടെ നേരിട്ടുള്ള യാത്രക്കായി ടിക്കറ്റ് എടുക്കുന്നവർക്ക് ഗ്രാമപ്രദേശങ്ങളിലൂടെ ചുറ്റിക്കറങ്ങിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഇത് ഏറെസമയനഷ്ടത്തിന് കാരണമാകുന്നു. ഈപ്രശ്നം ചൂണ്ടിക്കാട്ടുന്ന യാത്രക്കാരുമായി തർക്കവും ബഹളവും പതിവാണ്. യാത്രക്കാർ പാതിവഴിയിൽ ഇറങ്ങി മറ്റ് മാർഗങ്ങൾ അവലംബിക്കുന്നതോടെ വരുമാനത്തിലും കുറവുണ്ട്. ഇതിനു പകരമായി ഓർഡിനറി ബസ് ഇതുവഴി സർവിസ് നടത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
ചികിത്സയടക്കമുള്ള കാര്യങ്ങൾക്ക് അമൃത മെഡിക്കൽ കോളജിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവിസും വേണം.
പുതിയ ഷെഡ്യൂളുകൾ റെയിൽവേ സ്റ്റേഷനിൽ തുടങ്ങിയ അവിെട അവസാനിപ്പിക്കുന്ന രീതി അയ്യപ്പഭക്തരടക്കമുള്ള യാത്രക്കാർക്ക് ഗുണകരമാകും. മുൻ കാലങ്ങളിൽ ജനപ്രതിനിധികൾ, യൂനിയൻ ഭാരവാഹികൾ, യാത്രക്കാരുടെ പ്രതിനിധികൾ ഉദ്യോഗസ്ഥരടങ്ങുന്ന പ്രതിമാസ അവലോകന യോഗങ്ങൾ നടത്തിയാണ് പുതിയ റൂട്ടുകൾ, സർവിസുകൾ എന്നിവ ക്രമീകരിച്ചിരുന്നത്. ഇപ്പോൾ ഈസംവിധാനം നിലവിലില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.