കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി കുടുംബശ്രീക്കാർ
text_fieldsചെങ്ങന്നൂർ: സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർ ജീവിതത്തിന്റെ ഊടും പാവും നെയ്യുന്നതിൽ പ്രധാന പങ്കാണ് കുടുംബശ്രീകൾക്കുള്ളത്. ഇല്ലായ്മകളുടെ വറുതിയും സർക്കാർ ആനുകൂല്യങ്ങളുടെ ഗുണവും ഏറെ അനുഭവിക്കുന്നവരാണ് കുടുംബശ്രീ പ്രവർത്തകർ. ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാറുകളുടെ പ്രവർത്തനത്തിന്റെ മെച്ചവും പോരായ്മയും പ്രതിഫലിക്കുന്നത് അവരിലൂടെയാണ്. തെരഞ്ഞെടുപ്പുകളിൽ ഭരണമാറ്റത്തിന് വഴിയൊരുക്കുന്നതിൽ നിർണായക പങ്ക് കുടുംബശ്രീ പ്രവർത്തകർക്കുണ്ട്.
സംസ്ഥാന സർക്കാറിന്റെ പൊതുപരിപാടികളിൽ സദസ്സ് നിറയുന്നത് കുടുംബശ്രീക്കാരുടെ സാന്നിധ്യം കൊണ്ടാണ്. അവർക്കും തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയാൻ ഏറെയുണ്ട്. സംസ്ഥാന സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് അവർ ചർച്ചചെയ്യുന്നു. സംസ്ഥാന സർക്കാറിനെക്കുറിച്ച് സമ്മിശ്രമാണ് അവരുടെ പ്രതികരണങ്ങൾ. അതേസമയം, കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്യുന്നു.
മോദി സർക്കാർ കാട്ടിക്കൂട്ടുന്ന ഓരോ പ്രവൃത്തികളും സാധാരണക്കാരായ കുടുംബങ്ങളെ കൊടിയ ദാരിദ്രത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നതാണെന്ന് ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടൽ ജീവനക്കാരായ കുടുംബശ്രീ പ്രവർത്തകർ കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിലെ വനജകുമാരി ശിവപ്രസാദ്, 13ാം വാർഡിലെ ശാന്തമ്മ എന്നിവരുടെ അഭിപ്രായം.
പാചകവാതകം, പെട്രോൾ, ഡീസൽ വിലവർധന ജനജീവിതം വഴിമുട്ടിക്കുന്നതാണ്. സീറോ ബാലൻസ് അക്കൗണ്ട് തുറപ്പിച്ചിട്ട് അതിൽ 15 ലക്ഷത്തിനുപകരം 15 പൈസപോലും ഇതുവരെ കിട്ടിയിട്ടില്ല. യുവാക്കളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്ന തരത്തിലുള്ള സ്വകാര്യവത്കരണ നയങ്ങളാണ് സ്വീകരിച്ചുവരുന്നത്. ഇലക്ഷൻ അടുക്കുമ്പോൾ നേരിയ വിലക്കുറവ് നൽകിയശേഷം അധികാരം കിട്ടുമ്പോൾ അതിലിരട്ടി വർധിപ്പിക്കുന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അവർ പറയുന്നു.
പാവപ്പെട്ടവന്റെ അത്താണിയായ സർക്കാർ കേരളം ഭരിക്കുമ്പോൾ പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള കെ-അരി വിതരണം തടഞ്ഞ കേന്ദ്ര സർക്കാർ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല. ഉത്സവ സീസണുകളായ ഈസ്റ്റർ-റമദാൻ-വിഷു വിപണികൾ രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്രം അന്നം മുടക്കി.
നോട്ട് നിരോധനംകൊണ്ട് ജനങ്ങൾക്കു ഒരു നേട്ടവും ഉണ്ടാക്കിയില്ല എന്നു മാത്രമല്ല കുത്തക മുതലാളിമാരെ വാനോളമുയർത്തി. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലച്ചു. തിരുവനന്തപുരം വിമാനത്താവളം കേരള സർക്കാർ ഏറ്റെടുക്കാൻ തയാറായപ്പോൾ സ്വകാര്യവ്യക്തിക്ക് വിൽക്കുകയാണ് ചെയ്തത്. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലച്ച് കുത്തക മുതലാളിമാരെ സഹായിക്കുന്ന കേന്ദ്രത്തിലെ 10 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഇടതുപക്ഷം പിന്തുണക്കുന്ന സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നതിനാൽ കോൺഗ്രസിന്റെ ന്യായ് ഗ്യാരന്റിയെ തങ്ങൾ പിന്തുണക്കുന്നതായി ഇരുവരും പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ ഇന്ത്യയെ മുരടിപ്പിലേക്കും തൊഴിലില്ലായ്മയിലേക്കും വിലക്കയറ്റത്തിലേക്കും നയിച്ച വർഷങ്ങളാണ് കടന്നുപോയതെന്ന് 12ാം വാർഡ് എ.ഡി.എസ് സെക്രട്ടറി മായ സുരേഷ്, ശിവതീർഥം കുടുംബശ്രീ സെക്രട്ടറി ആർ. രതി എന്നിവർ അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ ജനത കഴിഞ്ഞ പത്തുമാസമായി വേട്ടയാടപ്പെട്ടുകയാണ്. പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണ്. കേന്ദ്ര സർക്കാർ ഭരണകാലത്ത് ഏറ്റവുമധികം ദ്രോഹിക്കപ്പെട്ടത് കർഷകരാണ്.
കൃഷിമേഖല കോർപറേറ്ററുകൾ കൈയടക്കിയെന്നും അവർ ചൂണ്ടികാട്ടി. കേന്ദ്രഭരണം മാറണം അഴിമതിയും ജനാധിപത്യ ധ്വംസനവുമാണ് നടക്കുന്നത്. ഹിന്ദുത്വ രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് അവരുടെ ശ്രമമെന്ന് കുടുംബശ്രീ അംഗമായ കോവുംപുറത്ത് പുത്തൻവീട്ടിൽ ലൈലാബീവി സഹായി ബഷീർ പറഞ്ഞു.
പിണറായി സർക്കാർ നിരാശയിലാഴ്ത്തി
ജനങ്ങൾ വളരെയധികം പ്രതീക്ഷ വെച്ചുപുലർത്തിയ ണ്ടാം പിണറായി സർക്കാറിന്റെ ഭരണം സാധാരണ-ഇടത്തരം കുടുംബങ്ങളെ നിരാശയിലാഴ്ത്തിയെന്ന് ലൈലാബീവി സഹായി ബഷീർ അഭിപ്രായപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ അടിക്കടിയുണ്ടാകുന്ന വിലവർധനയും സപ്ലൈകോയുടെ മാവേലി സ്റ്റോറുകളിൽ സാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചതും തിരിച്ചടിയായി. സംസ്ഥാന സറക്കാറിനെക്കുറിച്ചുള്ള അഭിപ്രായം മായ സുരേഷും ആർ. രതിയും കെ-റെയിൽ വിമർശനത്തിലൊതുക്കി. കേരളത്തിലെ ഇടതുസർക്കാർ സൂപ്പറാണെന്നാണ് വനജകുമാരി ശിവപ്രസാദും 13ാം വാർഡിലെ ശാന്തമ്മയും അഭിപ്രായപെട്ടു.
എം.പി മാറണമെന്നും വേണ്ടെന്നും
നിലവിലെ എം.പി മാവേലിക്കര മണ്ഡലത്തിലെ ജനകീയ വിഷയങ്ങൾ ലോക്സഭയിൽ അവതരിപ്പിക്കാനും അവക്ക് പരിഹാരം കണ്ടെത്താൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടും സ്വീകരിച്ചത് മുന്നിലുണ്ടെന്ന് മായ സുരേഷും ആർ. രതിയും അഭിപ്രായപ്പെട്ടു. കെ-റെയിൽ സിൽവർ ലൈൻ പദ്ധതി ഏകപക്ഷീയമായി നടപ്പാക്കാൻ കേരള സർക്കാർ ശ്രമിച്ചതിനെതിരെ എം.പി നടത്തിയത് വിട്ടുവീഴ്ചയില്ലാത്ത സമരമാണ്.
നിലവിലെ എം.പി മാറണമെന്ന് ലൈലാബീവി സഹായി ബഷീർ പറഞ്ഞു. വലിയ വികസന പ്രവർത്തനങ്ങളൊന്നും പ്രാദേശികതലത്തിൽ കൊണ്ടുവന്നിട്ടില്ല. മാവേലിക്കരയിൽ മാറ്റം ഉണ്ടാകണം. ജനാധിപത്യപരമായ രീതിയിൽ ജനങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നതാണെന്ന ചിന്ത ജനപ്രതിനിധികൾക്ക് ഉണ്ടാകണം. എങ്കിൽ മാത്രമേ വികസന പദ്ധതികൾ വരുകയുള്ളൂവെന്ന് ലൈലാ ബീവി സഹായി ബഷീർ പറഞ്ഞു.
രാഷ്ട്രീയം ഏതായാലും സാധാരക്കാർക്കു പ്രാപ്യമായ ചെറുപ്പക്കാരനായ എം.പിയെയാണ് നമുക്ക് ആവശ്യമെന്ന് വനജകുമാരി ശിവപ്രസാദും ശാന്തമ്മയും അഭിപ്രായപ്പെട്ടു. ഹൈമാസ്റ്റ് വിളക്കുകൾ മാത്രമല്ല വികസനമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.