രാത്രി വാഹനം തടഞ്ഞ് കവർച്ച നടത്തുന്ന സംഘത്തിന്റെ നേതാവ് പിടിയിൽ
text_fieldsചെങ്ങന്നൂർ: എറണാകുളം മുതൽ കന്യാകുമാരി വരെ സംഘാംഗങ്ങളുള്ള വാഹനമോഷണ അക്രമിസംഘത്തിെൻറ നേതാവായ എടത്വ ചങ്ങംകേരി വൈപ്പശ്ശേരിൽ ലക്ഷംവീട് കോളനിയിൽ വിനീതിനെ (21) കൊല്ലം കടപ്പാക്കടയിൽനിന്ന് ഈസ്റ്റ് പൊലീസ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.
മാമ്പുഴക്കേരിയിൽനിന്ന് മോഷ്ടിച്ച ബൈക്കിൽ കാറിനെ പിന്തുടർന്ന് എം.സി റോഡിൽ ഇരുചക്രവാഹനം ഉപേക്ഷിച്ച് വീഡിയോഗ്രാഫറായ വള്ളികുന്നം മുളക്കവിളയിൽ ശ്രീപതിയുടെ കാർ തടഞ്ഞ് സ്വർണമാല, മോതിരം, മൊബൈൽ ഫോൺ, കാമറ, പണം എന്നിവ കൈക്കലാക്കി വാഹനവുമായി കടന്നുകളയുകയായിരുന്നു. കൊല്ലത്ത് ഈ കാർ ഉപേക്ഷിച്ച് മറ്റൊരു കാർ മോഷ്ടിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ചെങ്ങന്നൂർ പൊലീസ് കൊല്ലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. കസ്റ്റഡിയിൽ വാങ്ങി തുടർനടപടി സ്വീകരിക്കും.
രാത്രി വാഹനം തടഞ്ഞ് കവർച്ച നടത്തുകയാണ് പതിവ്. എറണാകുളം മുതൽ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിെൻറ നേതാവാണ് വിനീത്. ചടയമംഗലത്തുനിന്ന് മോഷ്ടിച്ച കാറിൽ കടക്കാൻ ശ്രമിക്കുമ്പോഴാണ് വ്യാഴാഴ്ച രാവിലെ പിടിയിലായത്.
ഷിന്‍സിയെ വിവാഹം ചെയ്തശേഷം ഇരുവരും ചേര്‍ന്നായി മോഷണം. ആലപ്പുഴ പുന്നമട സ്വദേശിനിയാണ് ഷിന്‍സി. മുമ്പ് ജുവനൈല്‍ ഹോമില്‍ രണ്ടുവര്‍ഷം കഴിഞ്ഞ വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടുകയായിരുന്നു. കഴിഞ്ഞമാസം അവസാനം വിനീത്, മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽനിന്ന് വിനീതും മിഷേലും കടന്നുകളഞ്ഞു.
കോവിഡ് കേന്ദ്രത്തിൽനിന്ന് കടന്നശേഷം മാത്രം 20 കവർച്ചയാണ് വിവിധ സ്ഥലങ്ങളിൽ നടത്തിയത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മിഷേലിനെ തിങ്കളാഴ്ച രാവിലെ 9.30ന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടക്കുന്നതിനുമുമ്പ് പെട്രോള്‍ പമ്പില്‍ മുഖംമൂടി ധരിച്ചെത്തി കത്തികാട്ടി പണം തട്ടാന്‍ ശ്രമിച്ചിരുന്നു. കിളിമാനൂര്‍ ഇരട്ടച്ചിറ ഇന്ത്യൻ ഓയില്‍ പമ്പില്‍ പുലര്‍ച്ച രണ്ടോടെയായിരുന്നു സംഭവം.
ബുള്ളറ്റ് ബൈക്കിലെത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലേക്ക് പെട്രോൾ നിറക്കാൻ മറ്റൊരു വാഹനം കടന്നുവന്നതോടെ പ്രതി കടന്നുകളഞ്ഞു. ഉടന്‍ വിവരം കിളിമാനൂര്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പൊലീസിനെ വട്ടം കറക്കിവന്ന വിനീത് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.