കോൺഗ്രസെന്നാൽ മാന്നാറുകാർക്ക് കൊച്ചസീക്കയാണ്
text_fieldsചെങ്ങന്നൂർ: മാന്നാറിൽ കോൺഗ്രസിന്റെ മുഖമാണ് കൊച്ചസീക്ക. കോൺഗ്രസിന്റെ ഏതു പ്രവർത്തനങ്ങളും ഉഷാറാക്കുന്നത് കൊച്ചസീക്കയാണ്. ആറ് പതിറ്റാണ്ടോളം നീളുന്നതാണ് കൊച്ചസീക്കയുടെ കോൺഗ്രസ് പ്രവർത്തന പാരമ്പര്യം. ലാഭനഷ്ടങ്ങളോ അധികാര മോഹങ്ങളോ ഇല്ലാതെ 70ാം വയസ്സിലും സാധാരണ പ്രവർത്തകനായി രാപ്പകലില്ലാതെ കർമനിരതനാണ് അദ്ദേഹം. മാന്നാർ ഗ്രാമപഞ്ചായത്ത് കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ പടിപ്പുരക്കൽ വീട്ടിൽ പി.പി. അബ്ദുൾ അസീസാണ് പൊതുപ്രവർത്തനത്തിലൂടെ നാട്ടുകാരുടെ കൊച്ചസീക്കയായത്.
പോസ്റ്റർ പ്രചാരണത്തിനും അഭ്യർഥനകൾ വീടുവീടാന്തിരം കയറിയിറങ്ങി കൊടുക്കാനും എന്തിനും ഏതിനും ആരെയും നോക്കിനിൽക്കാതെ, ഒറ്റക്കിറങ്ങും അതാണ് ശീലം. കോർണർ യോഗങ്ങൾ, പൊതുയോഗങ്ങൾ എന്നിവയിലുൾപ്പെടെ പ്രാസംഗകനുമാണ്. ദേശീയ-അന്തർദേശീയ വിഷയങ്ങൾ പ്രതിപാദിക്കും. എതിരാളികൾക്ക് കുറിക്കുകൊള്ളുന്ന തരത്തിലാണ് പ്രസംഗം. പിതാവിന്റെ മരണത്തോടെ അഞ്ചാംക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചുവെങ്കിലും നിരന്തരമായ പത്രവായനയിലൂടെയും പ്രധാനപ്പെട്ട വിഷയങ്ങളുള്ള പത്ര-മാസികൾ സൂക്ഷിച്ചുവെച്ച് അപഗ്രഥിക്കുന്നതിലൂടെയുമുള്ള അറിവ് മാത്രമാണ് തനിക്കുള്ളതെന്ന് അഭിമാനത്തോടെ പറയുന്നു. ഇന്ദിര ഗാന്ധിയുടെ നേതൃപാടവവും കരുത്തും ഇന്നും ആരാധനയോടെ കാണുന്നു. കെ. കരുണാകരന്റെ അനുയായിയായിരുന്ന പി.എ. അസീസ് കുഞ്ഞിന്റെ സതേൺ മെറ്റൽ ഇൻസസ്ട്രീസ് ഫാക്ടറിയിൽ 1970 മുതൽ 84 വരെ സ്പിന്നറായി ജോലി നോക്കിയിരുന്നു. മിൽമയുടെയും ‘മാധ്യമം’ ദിനപത്രത്തിന്റെയും ഏജൻസികൾ ദീർഘകാലം തുടർന്നു. സൈക്കിൾ ചവിട്ടാനുള്ള ബുദ്ധിമുട്ട് കാരണം പിന്മാറി. ഇപ്പോൾ വിശ്രമജീവിതമാണെന്നു പറയാമെങ്കിലും തെരഞ്ഞെടുപ്പായാൽ അതിൽനിന്നു പിന്നാക്കം പോകാൻ തയാറല്ല.
യു.ഡി.എഫിന്റെ ഉറച്ചകോട്ടയായ വാർഡിൽ കോൺഗ്രസിനും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിനും പഞ്ചായത്തുതലം മുതൽ സംസ്ഥാന തലത്തിൽവരെ ഒട്ടനവധി നേതാക്കളാണുള്ളത്. എന്നാൽ, യഥാസമയം കാര്യങ്ങൾ പ്രാവർത്തികമാക്കണമെങ്കിൽ കൊച്ചസീക്ക രംഗത്തിറങ്ങണം. രണ്ടുതവണ തെരഞ്ഞെടുപ്പിനിടെ എതിരാളികളുടെ മർദനത്തിനിരയായിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം ഭാരവാഹി, ബൂത്ത് പ്രസിഡന്റ്, വാർഡ് പ്രസിഡന്റ് തുടങ്ങിയ പദവികളിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. നായർസമാജം സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ കെ.എസ്.യു നടത്തിയ ജാഥയിൽ പങ്കെടുത്തതാണ് ആദ്യ രാഷ്ട്രീയ പ്രവർത്തനം. ആർ. ബാലകൃഷ്ണപിള്ള മാവേലിക്കര ലോക്സഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്തതുമുതലുള്ള രാഷ്ട്രീയകാര്യങ്ങൾ ഓർമയിലുണ്ട്. 78ലെ പിളർപ്പിൽ അന്നു രമേശ് ചെന്നിത്തലക്ക് എ വിഭാഗത്തോടായിരുന്നു ആദ്യം ആഭിമുഖ്യമെന്ന് കൊച്ചസീക്ക ഓർക്കുന്നു. റഷീദാബീവിയാണ് ഭാര്യ. അബ്ദുൾ സലാം, ഷെഫീഖ് മുഹമ്മദ് അൽഖാസിഖ് (കായംങ്കുളം സേട്ട് പള്ളി മുസ്ലിയാർ), ഷെമീന പായിപ്പാട് എന്നിവർ മക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.