പാൽ ഉൽപാദനം കുറഞ്ഞു; കർഷകർ പ്രതിസന്ധിയിൽ
text_fieldsചെങ്ങന്നൂര്‍: നാട് വെന്തുരുകുമ്പോൾ നാൽക്കാലികളായ മൃഗങ്ങളുടെ ജീവിതവും അവതാളത്തിലായി. പച്ചപ്പുല്ലിന്റെ അഭാവം നിമിത്തം കറവപ്പശു, എരുമ, ആട് എന്നിവയിൽനിന്നുള്ള പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ ക്ഷീരകർഷക കുടുംബങ്ങളുടെ ഉപജീവനമാർഗത്തിനും ഭീഷണിയായി. മിൽമയിലേക്ക് കർഷകർ കൊടുക്കുന്ന പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ഇതിനാൽ അപ്കോസ് സഹകരണ സംഘങ്ങളും നട്ടം തിരിയുന്നു. സംഘങ്ങളില്‍ നേരത്തേ നൽകിയതിന്റെ പകുതി മാത്രമാണ് ഇപ്പോൾ നൽകാനാകുന്നത്.
സംഘങ്ങളില്‍ പാലിന്റെ വരവുകുറഞ്ഞതോടെ മില്‍മയും വിതരണം കുറച്ചു. മില്‍മ കടകളിൽ നൽകുന്ന കവര്പാലിന്റെ എണ്ണം കുറഞ്ഞു. കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യ കമ്പനികളുടെ കവർ പാലാണ് കടകളിലൂടെ കൂടുതലും വിൽപനക്കു ലഭിക്കുന്നത്. പത്താമുദയ മഹോത്സവമുൾപ്പെടെയുള്ള ഉത്സവകാലമായതിനാൽ പാലിന്റെ ഉപഭോഗം വർധിച്ചു. ഇതിനാൽ ആവശ്യക്കാർ ഏറെയാണ്. വിപണിയിൽ നിലനിൽക്കുന്ന പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ സംഘങ്ങള്‍ക്കും വ്യക്തതയില്ല. ചൂട് കൂടിയതോടെ പശുക്കളില്‍ തളര്‍ച്ച അനുഭവപ്പെടുന്നതാണ് പാല്കുറയാന് കാരണമാകുന്നതെന്ന് മൃഗഡോക്ടർമാർ പറയുന്നത്. സങ്കരയിനം പശുക്കള്‍ക്ക് നാടന്‍പശുക്കളെ അപേക്ഷിച്ച് ചൂട് താങ്ങാനുള്ള കഴിവില്ല. പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കൊടുംചൂടില്‍ പുല്ലെല്ലാം കരിഞ്ഞുണങ്ങി.
അതേസമയം, ക്ഷീരവകുപ്പ് പ്രത്യേക ഇൻസെന്റിവ് നല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സഹായം അപര്യാപ്തമാണെന്ന് കര്‍ഷകര്‍ പറയുന്നു. കാലിത്തീറ്റയുടെ വിലകുറക്കാന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വേനല്‍ച്ചൂടിനെ ചെറുക്കാന്‍ കന്നുകാലികളെ കുളിപ്പിക്കണമെന്നും വെയിലത്തു നിർത്തരുതെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നു. ചില ഫാമുകളില്‍ ഫാന്‍, ഷവര്‍ എന്നിവയൊക്കെയുണ്ടെങ്കിലും സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഇത്തരം സൗകര്യമൊന്നും തന്നെയില്ല. അവർക്ക് കിണറും കുളങ്ങളും തോടുകളും ജലാശയങ്ങളുമാണ് ആശ്രയമായിട്ടുള്ളത്. ഇവിടങ്ങളിൽ ആവശ്യത്തിനുള്ള ജല ലഭ്യതയില്ല. മൃഗാശുപത്രികളുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് കന്നുകാലികള്‍ക്ക് മരുന്നും മറ്റു പോഷകവസ്തുക്കളും നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.