പള്ളിയോടത്തില്‍ ഫോട്ടോഷൂട്ട്: ആചാര ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണം -മഹിള ഐക്യവേദി
text_fieldsചെങ്ങന്നൂർ: പള്ളിയോടത്തില്‍ ഫോട്ടോഷൂട്ട് നടത്തി ആചാരം ലംഘിച്ച സ്ത്രീക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മഹിള ഐക്യവേദി ആവശ്യപ്പെട്ടു. തിരുവാറന്മുള പള്ളിയോടങ്ങളുടെ ആചാര അനുഷ്ഠാനുങ്ങളും വിശ്വാസങ്ങളെയും വെല്ലുവിളിച്ച് കേരളത്തിലെ സ്ത്രീകൾക്ക് മൊത്തം നാണക്കേടുണ്ടാക്കിയ ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ ഐക്യവേദി ജില്ലാ വർക്കിങ് പ്രസിഡന്‍റ് രമാദേവി ആവശ്യപ്പെട്ടു.
പുതുക്കുളങ്ങര ദേവിക്ഷേത്രത്തിന്‍റെ സമീപത്തുള്ള മാലിപ്പുരയിലെ പള്ളിയോടത്തിൽ സീരിയിൽ നടി തൃശൂർ സ്വദേശി നിമിഷയാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഷൂസിട്ട് കയറി ഫോട്ടോയെടുത്തത് നിയമലംഘനമാണെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്‍റ് കെ.എസ്. രാജന്‍ ആരോപിച്ചിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും രാജൻ പറഞ്ഞു.
പള്ളിയോടങ്ങളില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നും വ്രതശുദ്ധിയോടെയാണ് പുരുഷന്‍മാര്‍ കയറുന്നതെന്നും പള്ളിയോട സേവാസംഘം ചൂണ്ടിക്കാട്ടി. പള്ളിയോടങ്ങൾ സൂക്ഷിക്കുന്ന നദിതീരത്തോട് ചേര്‍ന്ന പള്ളിയോടപ്പുരകളിൽ പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല. ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോടപുരയിലോ പള്ളിയോടത്തിലോ ആരും കയറാൻ പാടില്ല. പള്ളിയോടത്തിൽ എങ്ങനെയാണ് ഈ നടി കയറിയതെന്ന് അറിയില്ലെന്നും കരക്കാരുടെ ഒത്താശയോടെയാണ് കയറിയതെങ്കിൽ കരക്കാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പള്ളിയോടം സേവാസംഘം അറിയിച്ചു.
അതേസമയം, പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്തത് അറിവില്ലായ്മമൂലം സംഭവിച്ചതാണെന്ന് നിമിഷ വ്യക്തമാക്കിയിരുന്നു. ആചാരങ്ങൾ ലംഘിക്കണമെന്ന് വിചാരിച്ചിട്ടില്ല. സംഭവത്തിൽ വിശ്വാസികൾക്കുണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. ചിത്രം സോഷ്യൽ മീഡിയിൽ നിന്ന് പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.