ആർ.ഡി.ഒയും സൂപ്രണ്ടുമില്ല: ചെങ്ങന്നൂരിലെ ഭൂമി തരംമാറ്റ അപേക്ഷകൾ പൊടിപിടിക്കും
text_fieldsചെങ്ങന്നൂർ: ചെങ്ങന്നൂർ റവന്യൂ ഡിവിഷനൽ ഓഫിസിൽ (ആർ.ഡി.ഒ) തീർപ്പുകാത്ത് കിടക്കുന്ന 8,000 ഫയലുകളിൽ നടപടി വൈകുമെന്ന് ഉറപ്പിച്ച് അധികൃതർ. ആർ.ഡി.ഒയും ജൂനിയർ സൂപ്രണ്ടും അടക്കം ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് പോലും ജീവനക്കാരില്ലാതിരിക്കെ ഫയലുകൾ കെട്ടിക്കിടക്കുകയല്ലാതെ പിന്നെന്താണ് സംഭവിക്കുകയെന്നാണ് ജീവനക്കാരുടെ തന്നെ ചോദ്യം. അപേക്ഷകളിൽ ഏറെയും ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ടവയാണ്. ഇക്കാരണത്താൽ സർക്കാറിലേക്ക് ലഭിക്കേണ്ട 50 കോടിയോളം രൂപയും ട്രഷറിയിൽ എത്തില്ല. 2020 പകുതിയോടെയാണ് ആർ.ഡി ഓഫിസിൽ ഫയലുകൾ കെട്ടിക്കിടക്കാൻ തുടങ്ങിയത്. 2021 ജനുവരിവരെ 740 ഫയലുകളാണ് ഉണ്ടായിരുന്നത്. കൃഷി, വില്ലേജ് ഓഫിസുകളിൽനിന്ന് അനുമതി കിട്ടി ആർ.ഡി ഓഫിസിൽ ഒരു ഒപ്പിനായി കിടക്കുന്നവയാണ് ഭൂരിഭാഗവും.
വിരമിച്ച ആർ.ഡി.ഒക്ക് പകരക്കാരനെ മാസങ്ങളായിട്ടും നിയമിച്ചിട്ടില്ല. ജൂനിയർ സൂപ്രണ്ടുമില്ല. കാസർകോടുകാരനായ സീനിയർ സൂപ്രണ്ട് ഓഫിസിലെത്തുന്നത് വിരളം. ആർ.ഡി.ഒ സർവിസിൽനിന്ന് വിരമിച്ചശേഷം പുഞ്ച സ്പെഷൽ ഓഫിസറായ പന്തളം സ്വദേശിനി ജെസിക്കുട്ടി മാത്യുവിനാണ് ചുമതല നൽകിയിരിക്കുന്നത്. കാർഷിക മേഖലയിലെ വിവിധങ്ങളായ പദ്ധതി പൂർത്തീകരണവും അനുബന്ധ തിരക്കുകളും കാരണം വല്ലപ്പോഴുമാണ് ഇവർ ആർ.ഡി ഓഫിസിൽ എത്തുന്നതത്രെ. ചെങ്ങന്നൂരിന് പുറമെ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾകൂടി ഉൾപ്പെടുന്നതാണ് ആർ.ഡി.ഒയുടെ അധികാര പരിധി. സംസ്ഥാന രൂപവത്കരണ സമയത്തുള്ള തസ്തികകളാണ് ഇന്നുമുള്ളത്. വിവരാവകാശം, നെൽവയൽ സംരക്ഷണം ഉൾപ്പെടെ മാറിവരുന്ന നിയമങ്ങൾക്കനുസരിച്ച് വർധിച്ചുവരുന്ന അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിനാവശ്യമായ അംഗബലം ഓഫിസിലില്ല. ഒഴിവുകൾ നികത്താത്ത സാഹചര്യം കൂടിയാകുമ്പോൾ പ്രതിസന്ധി മൂർഛിക്കുന്നു. എട്ട് ക്ലർക്കുമാർ മാത്രമാണ് ഡിവിഷൻ ഓഫിസിലുള്ളത്. മുൻകാലങ്ങളിലേതിനേക്കാൾ ആറിരട്ടി വരെ അപേക്ഷകൾ പരിഗണനക്ക് വരുമ്പോഴാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.