റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽനിന്ന് 28,327 രൂപ നഷ്ടമായി
text_fieldsചെങ്ങന്നൂർ: റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ എസ്.ബി.ഐ പുലിയൂർ ശാഖയിലെ അക്കൗണ്ടിൽനിന്ന് അടുത്തടുത്ത ദിവസങ്ങളിൽ മൂന്നു തവണകളായി 28,327 രൂപ നഷ്ടമായതായി പരാതി. 75കാരനായ ചെറിയനാട് പടാരത്തിൽ ഡോ. പി.എം. മാത്യൂസിന്റെ അക്കൗണ്ടിൽനിന്ന് ആദ്യം 327 രൂപ പിൻവലിച്ചതായി വൈകീട്ട് മൊബൈലിൽ സന്ദേശം വന്നു. ഉടൻ ബാങ്കിൽ വിളിച്ചു പരാതി അറിയിച്ചപ്പോഴാണ് 17, 18 തീയതികളിൽ രണ്ട് തവണയായി 20,000, 8000 രൂപ വീതം നഷ്ടപ്പെട്ടതായി അറിഞ്ഞത്. മിച്ചമായി അവശേഷിക്കുന്നത് 26 പൈസ മാത്രമാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു. പണം പിൻവലിച്ചതായി ഒരു സന്ദേശവും തനിക്ക് ലഭിച്ചില്ലെന്ന് മാത്യൂസ് പറയുന്നു.
1971 മുതൽ ഇടപാടുകൾ നടത്തുന്ന അക്കൗണ്ടാണിത്. കാർ സർവിസ് ചെയ്യാൻ മഹീന്ദ്രയുടെ കോഴഞ്ചേരി സർവിസ് സെന്ററിലേക്ക് മാത്യൂസ് വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് 8127866412 എന്ന നമ്പറിൽനിന്ന് കാറിന്റെ സർവിസിന് ബുക്കിങ് ചാർജായി 50 രൂപ അയക്കണമെന്ന് ആവശ്യപ്പെട്ടു.
വിളിച്ചയാൾ മലയാളത്തിൽ ആരംഭിച്ച് പിന്നീട് ഹിന്ദി കലർന്ന സംസാരമായതോടെ, സംശയം തോന്നി സർവിസിന് ബുക്കിങ് ചാർജ് എന്തിനെന്ന് ചോദിക്കുകയും വിളിച്ചയാളുടെ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. ഉടൻ രാജസ്ഥാൻ കരൺപൂർ ഗാന്ധിനഗർ സ്വദേശിയായ സൻജീവ് കുമാറിന്റെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ വാട്സ്ആപ്പിൽ ലഭിച്ചു.
രണ്ടാമത് കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് ശർമ എന്നയാൾ 7001507724 എന്ന നമ്പറിൽനിന്നും വിളിച്ചത്രെ. ഇതിനു ശേഷമാണ് പണം നഷ്ടമായതെന്ന് മാത്യൂസ് പറഞ്ഞു. ബാങ്ക് ശാഖയിലും ഹെഡ് ഓഫിസിലും പൊലീസ് സൈബർ സെല്ലിലും പരാതി നൽകി. ബാങ്കിൽ പാരാതി നൽകിയപ്പോൾ പണം തിരിച്ചുകിട്ടുന്ന കാര്യം സംശയമാണെന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമുള്ള സമീപനമാണ് മാനേജർ സ്വീകരിച്ചതെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.