ശബരിമല സീസൺ തുണച്ചു; വരുമാനത്തിൽ ടോപ് ഗിയറിട്ട് ചെങ്ങന്നൂർ ഡിപ്പോ
text_fieldsചെങ്ങന്നൂർ: ശബരിമല തീർഥാടനകാലം പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ആശ്വാസം. വരുമാനത്തിൽ കുതിച്ചുകയറിയതോടെ ചെങ്ങന്നൂർ ഡിപ്പോ ആശ്വാസത്തിലാണ്. കോവിഡ് പിടിമുറുക്കിയ 2020-21 സീസണിനെ അപേക്ഷിച്ച് 90 ശതമാനം വർധനയാണ് ഇത്തവണയുണ്ടായത്. കോവിഡ്കാലത്തെ മാന്ദ്യം ഡിപ്പോയെ ബാധിച്ചില്ല. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് വരുമാനം 3.12 കോടി പിന്നിട്ടു. മുൻവർഷം (2020-21) സീസൺ പൂർത്തിയായപ്പോഴും ആകെ കിട്ടിയത് 34.77 ലക്ഷം രൂപയായിരുന്നു.
തീർഥാടനകാലം ആരംഭിച്ച് 41 ദിവസം പിന്നിട്ടപ്പോൾ വരുമാനം രണ്ടുകോടി രൂപക്കടുത്ത് എത്തിയിരുന്നു.
എന്നാൽ, മകരവിളക്കിന് മുന്നോടിയായി, പിന്നീടുള്ള 21 ദിവസത്തിൽ 1.12 കോടി രൂപ കിട്ടി. മകരവിളക്കിനു ഒരാഴ്ച മുമ്പ് ദിവസേനയുള്ള സർവിസ് ശരാശരി 60ൽനിന്ന് 75 ആയി ഉയർത്തി. ഒരുദിവസം 78 സർവിസ് വരെ പോയിരുന്നെന്ന് അധികൃതർ പറഞ്ഞു. ഈ മാം 16 വരെയുള്ള കണക്കുപ്രകാരം ചെങ്ങന്നൂരിൽനിന്ന് കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റെടുത്ത് ശബരിമലയ്ക്ക് യാത്ര ചെയ്തത് 2,57,608 തീർഥാടകരാണ്. 1640 സർവിസും 1866 ട്രിപ്പും ഓടി. ചെങ്ങന്നൂരിൽനിന്ന് മാത്രം 38 ബസാണ് ഉപയോഗിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്ന കഴിഞ്ഞ സീസണിൽ ആകെ നടത്തിയത് 244 സർവിസായിരുന്നു. 17 ബസാണ് ഓടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.