ആഗ്രഹം സഫലമാക്കി സച്ചു; കലക്ടർ വീട്ടിലെത്തി
text_fieldsചെങ്ങന്നൂർ: താൻ വരച്ച കലക്ടറുടെ ചിത്രം അദ്ദേഹത്തിന് നേരിട്ട് നൽകണമെന്ന ആഗ്രഹം സഫലമാക്കി പ്ലസ് വൺ വിദ്യാർഥി സച്ചു. മുളക്കുഴ ഗ്രാമ പഞ്ചായത്ത് ഏഴാംവാർഡിലെ അമരിയുഴത്തിൽ സേതുനിവാസിൽ സച്ചുവിനുവേണ്ടി ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ അപ്രതീക്ഷിതമായി വീട്ടിലെത്തി. നിനച്ചിരിക്കാതെയുള്ള സന്ദർശനം ആദ്യം അമ്പരപ്പിനും പിന്നീട് ആഹ്ലാദത്തിനും വഴിമാറി. പഠനത്തോടൊപ്പം ചിത്രരചനയിലും മികവ് പുലർത്തുന്ന സച്ചുവിന് കലക്ടർ സമ്മാനവും നൽകി. നേരത്തേ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫിസർ പി. ബിജി വഴിയാണ് സച്ചുവിന്റെ ആഗ്രഹം കലക്ടറെ അറിയിച്ചത്. ഒരു ദിവസം വരാമെന്ന് അദ്ദേഹം അന്ന് വാക്കും നൽകി. അങ്ങനെയാണ് സച്ചുവിന്റെ ആഗ്രഹം നിറവേറിയത്.
മുളക്കുഴ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സച്ചു പഠിക്കുന്നത്. ഇതേ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് സഹോദരി സേതുലക്ഷ്മി.
ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ എം. പാനൽ കണ്ടക്ടറായിരിക്കെ 12 വർഷം മുമ്പ് ജോലിക്കിടെ പിതാവ് മരിച്ചു. കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജീവനക്കാരിയാണ് മാതാവ് സുമാദേവി. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും സച്ചുവിന് എ പ്ലസ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.