ആറു മക്കൾക്കും വേണ്ടാതായ 90 കാരി കരുണാലയത്തിന്റെ കരുതലിൽ
text_fieldsചെങ്ങന്നൂര്‍: പെറ്റു വളർത്തിയ ആറുമക്കളും കൈവിട്ടതോടെ 90കാരിയായ പുലിയൂര് കൊച്ചുകുന്നുപുറത്ത് വീട്ടില്‍ ചെല്ലമ്മാള്‍ ഇനി കിടങ്ങന്നൂര്‍ കരുണാലയത്തിലെ കരുതലിൽ.
വ്യാഴാഴ്ച ചെങ്ങന്നൂർ ആര്.ഡി.ഒ ഓഫീസിലെത്തുമ്പോള്‍ രണ്ടാമത്തെ മകനെത്തി കൂട്ടിക്കൊണ്ടുപോകുമെന്നുള്ള ഇവരുടെ പ്രതീക്ഷയും അസ്ഥാനത്തായി. 74 കാരനായ മൂത്തമകന് മുത്താനന്ദന്റെ കുടുംബത്തോടൊപ്പം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മുത്താനന്ദനെ കൂടാതെ രാധാകൃഷ്ണന്, മുരുകന്, രാജന്, വിശ്വനാഥന്, സെല്‍വി എന്നിവരാണ് മക്കൾ. ആര്.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഫെബ്രുവരിയില്‍ നടന്ന അനുരഞ്ജന യോഗത്തിന്റെ തീരുമാനപ്രകാരം ഓരോ മക്കളും രണ്ടുമാസം വീതം അമ്മയെ നോക്കണമെന്ന് നിർദേശിച്ചിരുന്നു. രണ്ടാമനായ രാധാകൃഷ്ണന് ഇതിന് തയാറായില്ല. മറ്റു മക്കളെ സമീച്ചെങ്കിലും അവരും ഒഴിഞ്ഞുമാറി. ഇതോടെയാണ് അമ്മയെ കരുണാലയത്തിലേക്ക് അയച്ചത്. ചെല്ലമ്മാളുടെ ഭര്‍ത്താവ് നാണപ്പന് ആശാന് നാലുപതിറ്റാണ്ട് മുമ്പു മരിച്ചു. ആകെയുണ്ടായരുന്നത് വാഴൂരില്‍ മൂന്ന് സെന്റ് സ്ഥലമായിരുന്നു. 15 വര്‍ഷം മുമ്പ് ഇത് വിറ്റ് എല്ലാ മക്കൾക്കും തുക വീതിച്ചുനല്‍കിയിരുന്നു. കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെട്ട അമ്മക്ക് കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ട്. നടക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.
ആര്.ഡി.ഒ ജി. നിര്‍മല്‍കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് സുഭാഷ്, സൂപ്രണ്ട് സിന്ധുകുമാരി, സെക്ഷന്‍ ക്ലാര്‍ക്ക് ഹരികുമാര്‍, തന്‍സിര്‍ റഹ്മാന്, മഹ്മിരാജ്, മിനി എന്നിവരുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷയിലാണ് കരുണാലയത്തിലേക്കയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.