കലയുടെ കൊലപാതകം; കുറ്റസമ്മത മൊഴികൾ രേഖപ്പെടുത്തി
text_fieldsചെങ്ങന്നൂർ: ഒന്നര പതിറ്റാണ്ടുമുമ്പ് കാണാതായതായെന്നു കരുതിയ മാന്നാർ ഇരമത്തൂർ സ്വദേശിയായ കല കൊല്ലപ്പെട്ടതാണെന്നുള്ള കണ്ടെത്തലിനെ തുടർന്ന് പൊലീസ് പ്രതികളാക്കിയ ഭർത്താവ് അനിലിന്റെ ബന്ധുക്കളായ മൂന്നുപേരുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി. ചെങ്ങന്നൂർ-മാവേലിക്കര സ്റ്റേഷനുകളിലായിരുന്നവരെ മാന്നാറിലെത്തിച്ചതോടെ മൂവരെയും ആറു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന തിങ്കളാഴ്ച ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
തെളിവുകൾ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കസ്റ്റഡി നീട്ടാൻ അപേക്ഷ സമർപ്പിക്കും. രണ്ടുമുതൽ നാലുവരെയുള്ള പ്രതികളായ ചെന്നിത്തല-തൃപ്പെരുന്തുറ ഇരമത്തൂർ കിഴക്ക് മൂന്നാം വാർഡിൽ ജിനുഭവനിൽ ജിനു ഗോപി (46), കണ്ണമ്പള്ളിൽ കെ.ആർ. സോമരാജൻ (56), കെ.സി. പ്രമോദ് (40) എന്നിവരുടെ കസ്റ്റഡിയാണ് നീട്ടി വാങ്ങുന്നത്. ഇസ്രായേലിലുള്ള മുഖ്യപ്രതിയുടെ ഫോൺ നമ്പർ വീട്ടിൽനിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.
ഉറ്റസുഹൃത്തിന്റെ പക്കൽനിന്നാണ് പുതിയ മൊബൈൽ നമ്പർ കിട്ടിയത്. കെട്ടിടനിർമാണ കരാറുകാരനായ അനിൽ ഒട്ടനവധി കെട്ടിടങ്ങളാണ് പലയിടങ്ങളിലായി നിർമിച്ചുനൽകിയിട്ടുള്ളത്.
പലരുമായി ബന്ധങ്ങൾ സൂക്ഷിക്കുന്നുമുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു സുഹൃത്ത് കേസന്വേഷണമാരംഭിച്ചതോടെ മാന്നാറിൽനിന്ന് നെടുങ്കണ്ടത്തേക്ക് മുങ്ങി. ഇയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് വിണ്ടും വിളിപ്പിച്ചു.
ഇയാൾ സ്റ്റേഷനിൽ നിൽക്കുമ്പോൾ അനിലിന്റെ ഫോൺ കാൾ എത്തി. അങ്ങനെയാണ് പുതിയ നമ്പർ പൊലീസിന് കിട്ടാനിടയായത്. അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
കേസിൽ ആദ്യം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരാളെ ആവലാതിക്കാരനാക്കി മാറ്റുകയും ഒരാളെ വിട്ടയക്കുകയും ചെയ്തു. ഈ നടപടിയിൽ വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് കേസ് ദുർബലപ്പെടുത്താനേ ഉപകരിക്കൂവെന്നാണ് ആക്ഷേപം.
കസ്റ്റഡിയിലുണ്ടായിരുന്നവർ സാക്ഷികളായതിനുപിന്നിൽ ഉന്നത ഇടപെടൽ’
മാന്നാർ: കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുണ്ടായിരുന്നവർ സാക്ഷികളായി മാറിയതിന്റെ പിന്നിൽ രാഷ്ട്രീയ സാമുദായിക രംഗത്തെ ഉന്നത ഇടപെടലെന്ന് ആരോപണം. ഇരമത്തൂർ ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി ശാഖ യോഗം മുൻ പ്രസിഡന്റ് ദയകുമാർ ചെന്നിത്തലയും അംഗങ്ങളും വാർത്തസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. ചോദ്യംചെയ്ത് വിട്ടവരിൽ പലർക്കും കൊലപാതകവുമായി ബന്ധമുണ്ടെന്ന് ഇവർ ആരോപിച്ചു.
ദയകുമാറിന്റെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയെ ചെങ്ങന്നൂർ ആർ.ഡി.ഒയുടെ ഉത്തരവിനെ തുടർന്ന് നിർജീവമാക്കി ചുമതല മാന്നാർ യൂനിയനെ ഏൽപിക്കുകയും പിന്നീട് നിലവിൽവന്ന അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതലകളിൽ കേസിലെ ഒന്നാം പ്രതിയായ അനിൽകുമാറിനെയും സാക്ഷികളായി മാറ്റിയ കെ.വി. സുരേഷ് കുമാർ, സന്തോഷ് ശാരദാലയം എന്നിവരെയും ഉൾപ്പെടുത്തിയത് ഇവരുടെ സാമുദായിക രാഷ്ട്രീയ ബന്ധങ്ങൾ മൂലമാണെന്ന് ഇവർ ആരോപിച്ചു.
പ്രതികളെ സഹായിക്കുന്ന സാഹചര്യമുണ്ടായാൽ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ദയകുമാർ, വിനോദ് ഭവനത്തില്‍ സോമന്, മനുഭവനത്തില്‍ വി. മുരളീധരന് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കലയുടെ മൃതദേഹം കാറിൽ കണ്ടെന്ന് പ്രദേശവാസി
മാന്നാർ: കലയെ കൊലപ്പെടുത്തി കാറിൽ കൊണ്ടുപോകുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ ഇരമത്തൂർ വിനോദ് ഭവനത്തിൽ സോമൻ (70). വാർത്തസമ്മേളനത്തിലാണ് വെളിപ്പെടുത്തൽ. പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ മാപ്പുസാക്ഷിയാക്കിയതിനാലാണ് താൻ വിവരങ്ങൾ അറിയിക്കുന്നതെന്നും സോമൻ പറഞ്ഞു. മാന്നാർ തട്ടാരമ്പലം റോഡിൽ ഐക്കര ജങ്ഷനിൽ താൻചായക്കട നടത്തിയിരുന്നു. കലയെ കൊല ചെയ്തെന്ന് കരുതുന്ന ദിവസം രാത്രി 12 മണിയോടെ കേസിൽ മാപ്പുസാക്ഷിയാക്കപ്പെട്ട കെ.വി. സുരേഷ്കുമാർ മൃതദേഹം മറുവുചെയ്യാൻ സഹായമഭ്യർഥിച്ചിരുന്നു. വിസമ്മതമറിയിച്ചെങ്കിലും നിർബന്ധിച്ച് ഏകദേശം 150 മീറ്റർ അകലെയുള്ള ചിറ്റമ്പലത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിർത്തിയിട്ട വെളുത്ത കാറിന്റെ പിൻസീറ്റിൽ ചലനമറ്റ കലയെ കണ്ടു. പ്രമോദായിരുന്നു ഡ്രൈവർ സീറ്റിൽ. മുൻ സീറ്റിൽ കലയുടെ ഭർത്താവായ അനിലും ജിനുഗോപിയും പരിചയമില്ലാത്ത മറ്റൊരാളുമാണുണ്ടായിരുന്നത്. കാറില്‍ മണ്‍വെട്ടി, പിക്ആക്സ്, കയർ എന്നിവയും ഉണ്ടായിരുന്നു. ഭയംകൊണ്ടാണ് ഇക്കാര്യങ്ങൾ അന്ന് പറയാതിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ മൊഴിയായി നൽകിയിട്ടുണ്ടെന്നും സോമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.