പൊട്ടിവീഴാറായി തൂക്കുപാലം
text_fieldsചെങ്ങന്നൂർ: ചരിത്രപ്രസിദ്ധവും ആചാരാനുഷ്ഠാന പ്രധാനവുമായ ആറന്മുള ഉത്രട്ടാതി ജലോത്സവം നടക്കാനിരിക്കെ ഏതുനിമിഷവും പൊട്ടിവീഴാറായ നിലയിൽ പുത്തൻകാവ്-ഇടനാട് തൂക്കുപാലം. പള്ളിയോടങ്ങളുടെ യാത്ര ഈ പാലത്തിന് താഴേക്കൂടിയാണ്. നിലവിൽ ഉത്രട്ടാതി ജലോത്സവത്തിന് മുന്നോടിയായ വള്ളസദ്യ നടക്കുകയാണ്.
പള്ളിയോടസേവ സംഘത്തിൽ അംഗങ്ങളായ 52 പള്ളിയോടങ്ങളിൽ പകുതിയോളം പടിഞ്ഞാറൻ മേഖലയിൽനിന്ന് ആറന്മുളയിൽ എത്തേണ്ടവയാണ്.
പതിനൊന്നിനാണ് ഉത്രട്ടാതി ജലോത്സവം. സംരക്ഷണ നിർമിതിയായി നിലനിന്നിരുന്ന പാലം ജീർണാവസ്ഥയിലാണ്. പകുതിഭാഗം ഒടിഞ്ഞ് പമ്പയിലേക്ക് തൂങ്ങിനിൽക്കുന്നു. നദിയുടെ വീതി കുറഞ്ഞ ഈ ഭാഗത്ത് ഒടിഞ്ഞുതൂങ്ങിക്കിടക്കുന്ന പാലത്തിൽ പള്ളിയോടങ്ങളുടെ അമരം തട്ടി അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.
പാലത്തിന്റെ താഴേക്ക് നീണ്ടുനിൽക്കുന്ന ഇരുമ്പുകമ്പികളിൽ തട്ടാതിരിക്കാൻ എതിർദിശയിലേക്ക് വെട്ടിക്കുന്നതിനിടെ കോടിയാട്ടുകര പള്ളിയോടം മൂന്നാഴ്ച മുമ്പ് ഇവിടെ മറിഞ്ഞിരുന്നു. ഇവിടെ നദിയിൽ ശക്തമായ ഒഴുക്കും വളവുമുണ്ട്.
ഈ ഭാഗം ഒഴിവാക്കി പോകാനുള്ള ഏകമാർഗം ആദിപമ്പയിലൂടെ വഞ്ഞിപ്പോട്ടിൽ കടവിലൂടെ ആറാട്ടുപുഴയിൽ എത്തുന്നതാണ്. എന്നാൽ, ആദിപമ്പയിലെ പൊക്കക്കുറവുള്ള ചേലൂർക്കടവ് പാലം കടക്കൽ എളുപ്പമല്ല.
പള്ളിയോടങ്ങളുടെ ആറന്മുളയിലേക്കുള്ള യാത്രക്ക് തടസ്സമായി നിൽകുന്ന ഇടനാട്-പുത്തൻകാവ് തൂക്കുപാലത്തെ കുറിച്ച് ചെങ്ങന്നൂർ ചതയം ജലോത്സവ സാംസ്കാരിക സമിതി കലക്ടർക്ക് പരാതി നൽകി.
ദുരന്തസാധ്യത ഒഴിവാക്കാൻ അടിയന്തര ഇടപെടൽ അഭ്യർഥിച്ച് ചെയർമാൻ എം.വി. ഗോപകുമാർ, ജനറൽ സെക്രട്ടറി കെ.ആർ. പ്രഭാകരൻ നായർ, ബോധിനി, ജനറൽ കൺവീനർ അജി ആർ. നായർ എന്നിവരാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.