Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightവരട്ടാർ പുനരുജ്ജീവനം:...

വരട്ടാർ പുനരുജ്ജീവനം: നടക്കുന്നത് മണൽക്കൊള്ള, ശരിവെച്ച് ജലവിഭവ വകുപ്പ് റിപ്പോർട്ട്

text_fields
bookmark_border
വരട്ടാർ പുനരുജ്ജീവനം: നടക്കുന്നത് മണൽക്കൊള്ള, ശരിവെച്ച് ജലവിഭവ വകുപ്പ് റിപ്പോർട്ട്
cancel
Listen to this Article

ഇടനാട് (ചെങ്ങന്നൂർ): വരട്ടാർ പുനരുജ്ജീവനമല്ല മണൽ ഖനനമാണ് ആദിപമ്പയിൽ നടക്കുന്നത്. പ്രളയാവശിഷ്ടങ്ങൾ മാറ്റുന്നത് അടക്കം പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ലക്ഷ്യമിട്ടതൊന്നും ഇവിടെ നടന്നിട്ടില്ല. വെള്ളപ്പൊക്കമുണ്ടായാൽപോലും പ്രദേശവാസികൾ ഒറ്റപ്പെടുന്ന സ്ഥിതി തുടരുകയാണ്. ഇടനാട്ടുകാർ തീരമിടിയൽ ഭീഷണിയിലുമാണ്. പത്തനംതിട്ട ജില്ലയിലെ കോയിപ്രത്തെയും ആലപ്പുഴ ജില്ലയിലെ ഇടനാടിനെയും വേർതിരിച്ച് ഒഴുകുന്നതാണ് ആദിപമ്പ.

ജലവിഭവ വകുപ്പിന്റെ കഴിഞ്ഞദിവസം വരെയുള്ള കണക്ക് പ്രകാരം 3436.36 ഘനമീറ്റർ മണ്ണാണ് എം.സി റോഡിനു സമീപം കല്ലിശ്ശേരിയിലുള്ള യാർഡിൽനിന്ന് മാത്രം വിറ്റുപോയത്. ആദ്യഘട്ടത്തിൽ ലോറികളിൽ പാഞ്ഞ ലോഡുകൾ എങ്ങോട്ടുപോയെന്ന്‌ ആർക്കും അറിയുകയുമില്ല. അടുത്തിടെ കുന്നേക്കാട് ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള യാർഡിലും മണലെത്തിച്ചിട്ടുണ്ട്.

ഇതിന്റെ കണക്കുമില്ല. പദ്ധതിപ്രദേശത്ത് മണൽഖനനമില്ലെന്ന് ചെങ്ങന്നൂർ ആർ.ഡി.ഒ, കലക്ടർക്കും കോടതിയിലും റിപ്പോർട്ട് നൽകിയിരിക്കെയാണിത്.

ആദിപമ്പയിൽ വലിയ അളവിൽ മണലുണ്ടെന്ന് വ്യക്തമായ ആദ്യഘട്ടത്തിൽത്തന്നെ എക്കലും പ്രളയാവശിഷ്ടങ്ങളും നീക്കൽ നടപടി അവസാനിപ്പിച്ചിരുന്നു. മണൽക്കൊള്ളക്കെതിരെ നാട്ടുകാർ ജനകീയസമിതി രൂപവത്കരിച്ചു പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല.

ചെങ്ങന്നൂർ നഗരസഭയിലെ കൗൺസിലർമാർ രംഗത്തെത്തിയെങ്കിലും ഉന്നത രാഷ്ട്രീയ ഇടപെടലിൽ മുങ്ങി. ജനകീയ കൂട്ടായ്മയുടെ ഹരജിയിൽ കോടതി ഇടപെട്ടതിനെ തുടർന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ നിർദേശം പാലിച്ച് എക്കൽ, ചളി നീക്കം കൃത്യമായി നടക്കുന്നുണ്ടോയെന്നും നിയമം മറികടന്ന് മണൽഖനനം ചെയ്യുന്നുണ്ടോയെന്നും നേരിട്ടന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടത്.

ഇതേ തുടർന്ന് ആർ.ഡി.ഒ കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് മണൽ ഖനനമില്ലെന്നും പ്രവൃത്തികൾ കൃത്യമായി നടക്കുന്നതായും പറയുന്നത്.

പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് മണ്ണും മണലും നീക്കംചെയ്യാൻ നൽകിയ കരാറിന്റെ കാലാവധി മേയ് 20ന് അവസാനിച്ചിരുന്നു.അതിനിടെ കാലാവധി നീട്ടിക്കിട്ടാൻ കരാറുകാരൻ വീണ്ടും അപേക്ഷ നൽകിയതോടെ നാലുമാസത്തേക്കുകൂടി കരാർ നീട്ടി ഉത്തരവിറങ്ങി. ജലവിഭവ വകുപ്പിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം മേയ് 20ന് പദ്ധതിയുടെ കാലാവധി അവസാനിച്ചപ്പോൾ ആകെ പുരോഗതി രണ്ട് ശതമാനം മാത്രമാണ്. ഇടനാട് വഞ്ഞിപ്പോട്ടിൽക്കടവിലെ പ്രവൃത്തികളിൽ മണൽനീക്കം മാത്രമാണ് നടത്തുന്നതെന്ന് ജലവിഭവ വകുപ്പിന്റെതന്നെ റിപ്പോർട്ടുമുണ്ടായിരുന്നു. വരട്ടാർ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് അടിഞ്ഞുകൂടിയ മണ്ണും ചളിയും എക്കലും പ്രളയാവശിഷ്ടങ്ങളും നീക്കംചെയ്യാനാണ് കരാർ നൽകിയത്. എന്നാൽ, മണൽമാത്രം വേർതിരിച്ചെടുക്കുന്ന പ്രവൃത്തിയാണു നടക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു ജലവിഭവ വകുപ്പിന്‍റെ റിപ്പോർട്ട്.

ഡ്രഡ്‌ജറിനു പുറമെ ആധുനിക യന്ത്രങ്ങളുപയോഗിച്ചായിരുന്ന് മണലൂറ്റ്. ആദ്യഘട്ടങ്ങളിൽ നിർദിഷ്ട പ്രദേശത്ത് ജനങ്ങൾക്കു പ്രവേശനംപോലും നിഷേധിച്ചാണ് പ്രവൃത്തികളാരംഭിച്ചത്. അളന്നുതിട്ടപ്പെടുത്തിയ സ്ഥലത്ത് തീരം നിലനിർത്തി ഖനനം ചെയ്യുമെന്നു പ്രഖ്യാപിച്ചെങ്കിലും വഞ്ഞിപ്പോട്ടിൽക്കടവിൽ മണൽഖനനമാണു നടത്തുന്നതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. വെള്ളത്തിൽനിന്ന് മണൽ ഡ്രഡ്‌ജ് ചെയ്ത് അരിച്ചുകൂട്ടിയിരുന്നു. പലതരത്തിൽ മണൽ വേർതിരിച്ചു കഴുകിയെടുക്കാൻ വിവിധയിനം അരിപ്പകളും തീരത്തോടുചേർന്നു ചെറിയ കുളങ്ങളും നിർമിച്ചു. വലിയ അളവിൽ മണൽ കടത്തിയതായും പരാതിയുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Varatar Rehabilitation
News Summary - Varatar Rehabilitation: Sand Looting Confirmed Water Resources Department Report
Next Story