കിണറുകളും കുളങ്ങളും വറ്റി; കനാൽ വെള്ളത്തിന്റെ അളവ് കൂട്ടണമെന്ന് ഗ്രാമപഞ്ചായത്തുകൾ
text_fieldsചെങ്ങന്നൂർ: കഠിനമായ ചൂടിൽ കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ പി.ഐ.പി കനാലിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്നു ഗ്രാമപഞ്ചായത്തുകൾ. നിലവിൽ പമ്പാ ഇറിഗേഷന്റെ (പി.ഐ.പി) ഇടതു-വലതു കര കനാലുകളിലൂടെയായി 11 ക്യുമെക്സ് വെള്ളമാണ് തുറന്നുവിടുന്നത്.
ജനുവരിയിൽ 12 ക്യുമെക്സ് വെള്ളമായിരുന്നു വിട്ടിരുന്നത്. പുഞ്ചപ്പാട ശേഖരങ്ങളിലെ നെൽകൃഷി വിളവെടുപ്പു തുടങ്ങിയതോടെ വെള്ളത്തിന്റെ അളവ് കുറച്ചു. നേരത്തേ കൃഷിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കൂടുതൽ വെള്ളം തുറന്നുവിട്ടിരുന്നത്.
കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളത്തിന്റെ ആവശ്യമില്ലെങ്കിലും സമീപത്തെ ജലസ്രോതസ്സുകൾ വറ്റിവരണ്ടതോടെ ജലക്ഷാമം രൂക്ഷമായി. വിഷുക്കാലം ലക്ഷ്യമിട്ടിറക്കിയ പച്ചക്കറികൾക്കും കരകൃഷിക്കും വെള്ളം വേണം. വെള്ളമില്ലാത്തതിനാൽ ഏത്തവാഴയടക്കമുള്ള കരഭൂമികളിലെ കൃഷികൾ കരിഞ്ഞുണങ്ങുകയാണ്.
പി.ഐ.പി കനാലിനോടു ചേർന്ന പ്രദേശങ്ങളിൽ മറ്റുസ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടാറില്ല. ഈ സാഹചര്യത്തിലാണ് പുഞ്ചക്കൊയ്ക്കു കഴിഞ്ഞ മേഖലകളിലേക്കും വെള്ളമെത്തിക്കണമെന്ന ആവശ്യമുയരുന്നത്. വർഷങ്ങളായി നവീകരിക്കാതെ കിടന്ന പി.ഐ.പി കനാലിൽ നല്ലൊരുഭാഗം നവീകരിച്ചിരുന്നു.
ചോർച്ച പരിഹരിച്ച മേഖലകളിൽനിന്നു കൂടുതൽ വെള്ളമെത്തിക്കണമെന്ന് പഞ്ചായത്ത് അധ്യക്ഷന്മാർ ആവശ്യപ്പെടുന്നുണ്ട്. വേനൽ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ കനാൽ വെള്ളത്തിനുള്ള ആവശ്യമേറും. എന്നാൽ, വെള്ളം നിയന്ത്രിച്ച് കൊടുക്കാൻ മാത്രമേ കഴിയൂ എന്ന നിലപാടിലാണ് പി.ഐ.പി ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.