യുവതിയുടെ ആത്മഹത്യ; ഭർത്താവിന് ഏഴുവർഷം തടവും ഒരുലക്ഷം പിഴയും
text_fieldsചെങ്ങന്നൂർ: യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭർത്താവിന് ഏഴുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 32കാരി ആത്മഹത്യ ചെയ്ത കേസിൽ കായംകുളം കീരിക്കാട് വേരുവള്ളിൽഭാഗം കാങ്കാലിൽ കിഴക്കേതിൽ മനോജിനെയാണ് (40) ചെങ്ങന്നൂർ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി. സുധീർ ശിക്ഷിച്ചത്.
2016 ഏപ്രിൽ 12നാണ് കേസിനാസ്പദമായ സംഭവം. മുളക്കുഴ പഞ്ചായത്ത് 10ാം വാർഡ് കോയിപ്പുറത്ത് മലയിൽ വീട്ടിൽ ആനന്ദൻ-ലീലാമ്മ ദമ്പതികളുടെ മകൾ ആശയെയാണ് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.
ലീലാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് 498 എ, 304 ബി വകുപ്പുകൾ പ്രകാരം മനോജിനും മാതാവ് ശാരദക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയിൽ ആരംഭിച്ച വിചാരണ പിന്നീട് ചെങ്ങന്നൂരിലേക്ക് മാറ്റുകയായിരുന്നു.
സ്ത്രീധനമായി നൽകാനുണ്ടായിരുന്ന രണ്ടുലക്ഷത്തിൽ ബാക്കി തുകയായ 40,000 രൂപ ആശ ആത്മഹത്യ ചെയ്യുന്നതിന് രണ്ടുമാസം മുമ്പ് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ആ തുകക്ക് തുല്യമായ ഒരു സെൻറ് ഭൂമി മനോജിെൻറ പേരിലെഴുതണമെന്നും അത് സമുദായക്കാരറിഞ്ഞ് കൊടുക്കണമെന്നും അന്ന് പറഞ്ഞിരുന്നു. പണം കിട്ടാനുള്ള കാലതാമസത്തിൽ പ്രതികൾ ആശയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കേസ്. മാതാവിനെ കുറ്റക്കാരിയല്ലെന്ന് കണ്ടതിനാൽ വെറുതെവിട്ടു.
ഒന്നാം സാക്ഷിയായ ലീലാമ്മക്ക് പിഴ തുകയായ ഒരു ലക്ഷം നൽകാൻ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ റെഞ്ചി ചെറിയാൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.