ജില്ല സ്കൂൾ കലോത്സവത്തിന് ചേർത്തല ഒരുങ്ങി
text_fieldsആലപ്പുഴ: കൗമാരപ്രതിഭകൾ ആടിത്തിമിർക്കുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് തിങ്കളാഴ്ച ചേർത്തലയിൽ തിരിതെളിയും. നവംബർ 30 വരെ വിവിധ സ്കൂളുകളിലെ 12 വേദികളിൽ 318 ഇനങ്ങളിലാണ് കലാമാമാങ്കം. 11 ഉപജില്ലകളിലെ 6000ത്തിലധികം വിദ്യാർഥികൾ മാറ്റുരക്കും. ചേർത്തല മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസാണ് മുഖ്യവേദി. ആദ്യദിനം രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി. കൃഷ്ണകുമാർ പതാക ഉയർത്തും. ഗവ. ബോയ്സ് എച്ച്.എസ്.എസിലെ ക്ലാസ് മുറികളിൽ രചനമത്സരങ്ങളോടെയാണ് മേളക്ക് തുടക്കം. ഹോളിഫാമിലി എച്ച്.എസ്.എസ്, എസ്.എസ്.എസ് ശതാബ്ദി സ്മാരക ഓഡിറ്റോറിയം, സെന്റ് മേരീസ് എച്ച്.എസ്.എസ് ഓപൺ സ്റ്റേജ്, എൻ.എസ്.എസ് യൂനിയൻ ഹാൾ എന്നിവിടങ്ങളിലെ വേദികളിൽ ബാൻറുമേളം, ചവിട്ടുനാടകം, പൂരക്കളി, അറബിക് നാടകം, വഞ്ചിപ്പാട്ട്, യക്ഷഗാനം, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, കൂടിയാട്ടം, കഥകളി എന്നിവ നടക്കും. ഗവ. ഗേൾസ് എച്ച്.എസ്.എസിലാണ് ഭക്ഷണശാല.
ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കളിൽ വൈകീട്ട് മൂന്നിന് ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കും. ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. കലോത്സവ ലോഗോ രൂപകൽപന ചെയ്ത പള്ളിപ്പാട് എസ്.എൻ ട്രസ്റ്റ് പ്ലസ്ടു വിദ്യാർഥി ഡി. വിഘ്നേശ്വറിന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ഉപഹാരം നൽകും.
30ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ സി.സി. കൃഷ്ണകുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ.ജെ. ബിന്ദു, കൈറ്റ് ജില്ല കോഓഡിനേറ്റർ സുനിൽകുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അജു പി. ബഞ്ചമിൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ.ആർ. ഉദയകുമാർ, റിസപ്ഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് റാഫി, ആർ. രാധാകൃഷ്ണ പൈ എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളുടെ ഫ്ലാഷ് മോബ് ഇന്ന്
ആലപ്പുഴ: ജില്ല സ്കൂൾ കലോത്സവത്തിന്റെ വിളംബരമായി ശനിയാഴ്ച ചേർത്തലയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് നടത്തും. ഉച്ചക്ക് രണ്ടിന് പ്രധാനവേദിയായ മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസിൽനിന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്വകാര്യബസ്സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി പരിസരം എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിക്കും. നഗരത്തിലെ സ്കൂകളിലെ വിദ്യാർഥികളും അധ്യാപകരും കണ്ണികളാവും.
മത്സരാർഥികൾക്ക് വാഹനസൗകര്യം
ആലപ്പുഴ: ദേശീയപാതയിൽ നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്ക് പരിഗണിച്ച് സ്കൂൾ കലോത്സവത്തിലെ വേദികളിലേക്കും ഭക്ഷണശാലയിലേക്കും വിദ്യാർഥികളെ എത്തിക്കാൻ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനവേദിയായ ഹോളിഫാമിലി എച്ച്.എസ്.എസിനോട് ചേർന്നാണ് നാലുവേദികൾ. എൻ.എസ്.എസ് യൂനിയൻ ഹാൾ പരിസരത്താണ് മറ്റ് എട്ട് വേദികൾ. ഗവ. ഗേൾസ് എച്ച്.എസ്.എസിൽ വിപുലമായ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളടക്കം പാർക്ക്ചെയ്യാനും സംവിധാനമുണ്ട്.
106 അപ്പീലുകൾ
ആലപ്പുഴ: കലോത്സവത്തിന് ഉപജില്ലകളിൽനിന്ന് എത്തിയത് 106 അപ്പീലുകൾ. ഏറ്റവും കൂടുതൽ അപ്പീലുകൾ എത്തിയത് മാവേലിക്കരയിലും കായംകുളത്തുമാണ്. ഒരെണ്ണം എത്തിയ മങ്കൊമ്പിലാണ് ഏറ്റവും കുറവ്. കായംകുളം-19, മാവേലിക്കര-19, ചേർത്തല-17, ഹരിപ്പാട്-13, ആലപ്പുഴ-11, ചെങ്ങന്നൂർ-11, തുറവൂർ-ആറ്, അമ്പലപ്പുഴ-എട്ട്, മങ്കൊമ്പ്-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലയിലെ കണക്ക്. ഇതോടെ മത്സരത്തിന്റെ സമയക്രമത്തിൽ വ്യത്യാസംവരും.
‘കുപ്പിവെള്ളം’ കൊണ്ടുവരരുത്
ആലപ്പുഴ: ജില്ല കലോത്സവം പരിസ്ഥിതി സൗഹൃദമാകും. ഗ്രീൻപ്രോട്ടോകോൾ പാലിക്കുന്നതിനാൽ മത്സരാർഥികൾ ‘കുപ്പിവെള്ളം’ കൊണ്ടുവരുതെന്നാണ് സംഘാടകരുടെ നിർദേശം. 12 വേദികളിലും പരിസരത്തും കുടിവെള്ളത്തിനായി പ്രത്യേക കൗണ്ടർ തുറക്കും. ഭക്ഷണശാലയിൽ സ്റ്റീൽ പാത്രങ്ങളും ഗ്ലാസും ആണ് ഉപയോഗിക്കുന്നത്. ചേർത്തല നഗരസഭയുടെ സമ്പൂർണ ഖരമാലിന്യ ശുചിത്വ പരിപാടിയായ ‘ചേലൊത്ത ചേർത്തല’ പദ്ധതിയുമായി ചേർന്നാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്.
കലോത്സവ വേദികൾ
- വേദി ഒന്ന്: ഹോളി ഫാമിലി എച്ച്.എസ്.എസ്
- രണ്ട്: മുട്ടം പള്ളി പാരിഷ് ഹാൾ
- മൂന്ന്: എസ്.എസ്.എസ് ശതാബ്ദി സ്മാരക ഓഡിറ്റോറിയം
- നാല്: ഗവ. ഗേൾസ് എച്ച്.എസ്.എസ് ഓപൺ സ്റ്റേഡിയം
- അഞ്ച്: സെന്റ് മേരീസ് എച്ച്.എസ്.എസ് ഓപൺ സ്റ്റേജ്
- ആറ്: എൻ.എസ്.എസ് യൂനിയൻ ഹാൾ
- ഏഴ്: ടൗൺ എൽ.പി.എസ്
- എട്ട്: സെന്റ് മേരീസ് എച്ച്.എസ് ഹാൾ
- ഒമ്പത്: എൻ.എസ്.എസ് യൂനിയൻ ഹാൾ രണ്ട്
- 10: ഹോളി ഫാമിലി എച്ച്.എസ്.എസ് മൂന്നാംനില
- 11: ഹോളി ഫാമിലി എൽ.പി.എസ്
- 12: ഗവ. ബോയ്സ് എച്ച്.എസ്.എസ് ഹാൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.