ചേര്‍ത്തല റെയില്‍വേ സ്റ്റേഷൻ; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകൾ കയറിത്തുടങ്ങി
text_fieldsആലപ്പുഴ: ചേർത്തല റെയില്‍വേ സ്റ്റേഷനിൽ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിനുകള്‍ കയറാത്തതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കെ.സി. വേണുഗോപാൽ എം.പി നടത്തിയ ഉന്നതതല ഇടപെടലുകൾ ഫലം കണ്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയതിന് പിന്നാലെ, റെയിൽവേ ബോർഡ് ചെയർമാൻ, ഡിവിഷനൽ റെയിൽവേ മാനേജർ എന്നിവരുമായി എം.പി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചയെ തുടർന്ന് ശനിയാഴ്ച മുതൽ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകൾ കടത്തിവിടാൻ ഡിവിഷനൽ റെയിൽവേ ഓപറേഷൻസ് മാനേജർ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതനുസരിച്ചു ഗോരഖ്പൂരിൽനിന്ന് തിരുവന്തപുരത്തേക്കു വന്ന 12511 ട്രെയിൻ ആദ്യം ഒന്നാം നമ്പർ പ്ലാറ്റഫോമിൽക്കൂടി കടത്തിവിട്ടു.ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ കയറാത്തതുമൂലം ശാരീരിക വെല്ലുവിളികൾ നേരിടുന്ന യാത്രക്കാർ ഉൾപ്പെടെ പ്രയാസങ്ങൾ നേരിട്ടിരുന്ന സാഹചര്യത്തിലാണ് എം.പിയുടെ ഇടപെടൽ. പ്ലാറ്റ്ഫോം ഒന്നിൽ കൂടുതൽ ട്രെയിനുകൾ നിർത്താൻ ഉത്തരവായതായി റെയിൽവേ അധികൃതർ എം.പിയെ അറിയിച്ചു.
സ്റ്റേഷനിൽ യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ലിഫ്റ്റുകളും റാമ്പുകളും എസ്കലേറ്ററുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കാൻ മുൻഗണന നൽകാനും നടപടി സ്വീകരിക്കണമെന്നും എം.പി റെയിൽവേ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ നിലവിൽ ട്രെയിനുകളൊന്നും പ്രവേശിച്ചിരുന്നില്ല. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലാണ് പ്രധാന ട്രെയിനുകൾ നിർത്തിയിരുന്നത്. ഇവിടേക്ക് മേൽപാലം വഴി മാത്രമേ യാത്രക്കാർക്ക്എത്തിച്ചേരാനാകൂ. സ്റ്റേഷനിൽ അവശ്യ സൗകര്യങ്ങളില്ലാത്തതിനാൽ യാത്രക്കായി ട്രെയിനിനെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാർ, വികലാംഗർ, കുട്ടുകൾ, രോഗികൾ ഉള്‍പ്പെടെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്.
ഇത് പരിഹരിക്കാൻ ആവശ്യമായ ബദൽ സൗകര്യങ്ങൾ റെയിൽവേ സ്റ്റേഷനിൽ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കെ.സി. വേണുഗോപാൽ റെയിൽവേ മന്ത്രിയോടും റെയിൽവേ ബോര്‍ഡ് ചെയര്മാൻ, സീനിയർ ഡിവിഷനൽ ഓപറേഷന്‍സ് മാനേജര്‍ എന്നിവരുമായും ചർച്ച നടത്തിയിരുന്നു.
ജില്ലയിലെ പ്രധാന സ്റ്റോപ്പുകളിലൊന്നാണ് ചേര്‍ത്തലയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കടുത്ത അവഗണന നേരിടുന്നെന്നും എം.പി ചർച്ചയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.