ഇന്ന് വായന ദിനം; എട്ടാം ക്ലാസുകാരി വായിച്ചത് 500 പുസ്തകങ്ങൾ
text_fieldsചേർത്തല: മുത്തച്ഛന്റെ വായനകണ്ട് ശീലിച്ച് പ്രഗല്ഭരായ ആദ്യകാല എഴുത്തുകാരുടെ പുസ്തകങ്ങൾ അടക്കം 500ഓളം പുസ്തകങ്ങൾ വായിച്ച് എട്ടാം ക്ലാസുകാരി. ചേർത്തല നഗരസഭ 26ാം വാർഡിൽ വല്ലയിൽ വി.ആർ. കാർത്തികേയന്റെ ചെറുമകളും കോട്ടയം മുള്ളൻകുഴി അനിൽഭവൻ അരുൺകുമാർ-സരിതയുടെയും മകൾ അരുണിമയാണ് (14) വായന ഉൾപ്പെടെ കലകളിലും തൊട്ടതെല്ലാം പൊന്നാക്കുന്നത്. വായനയിലും ഭരതനാട്യത്തിലും ആയോധനകലയിലും പഠനത്തിലും ചുവർച്ചിത്രത്തിലും ക്ലേ മോഡലിങ്ങിലും തിളങ്ങുന്ന അരുണിമ രണ്ടുതവണ വായന റാണി കിരീടവും നേടി.
ചേർത്തല മുട്ടത്തങ്ങാടിയിലെ ചുമട്ടുതൊഴിലാളിയായ മുത്തച്ഛൻ വല്ലയിൽ വി.ആർ. കാർത്തികേയൻ വായനയിൽ ശ്രദ്ധനേടിയ വ്യക്തിയാണ്. കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ അരുണിമ 122 പുസ്തതകം വായിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കിയാണ് രണ്ടുവർഷം സ്കൂളിലെ വായന റാണിയായത്. മുത്തച്ഛന്റെ പാതയിലാണ് കുരുന്നിലേ വായനശീലം തുടങ്ങിയത്.
രാവിലെ ഒരുമണിക്കൂർ പത്രവായനക്ക് മാറ്റിവെക്കും. സ്കൂൾ ലൈബ്രറിയിലെയും പുസ്തകങ്ങൾ സമയം കിട്ടുമ്പോഴൊക്കെ വായിക്കും. അനിത പ്രതാപന്റെ ഐലൻഡ് ഓഫ് ബ്ലഡ്, മാക്സിം ഗോർക്കിയുടെ അമ്മ, അഡ്വഞ്ചേഴ്സ് ഓഫ് റോബിൻഹുഡ് എന്നിവ അരുണിമ വായിച്ച ഇഷ്ടപുസ്തകങ്ങളാണ്. ആർ.എൽ.വി ഓങ്കാറിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്ന അരുണിമ ചണ്ഡീഗഢ് സർവകലാശാലയുടെ കീഴിലെ പ്രാചീന കലാകേന്ദ്രത്തിൽനിന്ന് ഭരതനാട്യത്തിൽ ഡിപ്ലോമയും ഇതിനോടകം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.