പക്ഷിപ്പനിക്കെതിരെ നടപടി തുടങ്ങി; നാട് ആശങ്കയിൽ
text_fieldsചേർത്തല: പക്ഷിപ്പനിക്കെതിരെ നഗരസഭ നടപടി തുടങ്ങി. രോഗംബാധിച്ച് ചത്ത കോഴികളെ ശാസ്ത്രീയമായി സംസ്കരിച്ചുതുടങ്ങി. വൈറോളജി ഉദ്യോഗസ്ഥരും പരിശോധന തുടങ്ങി. ചേർത്തലയിൽനിന്ന് അയച്ച സാമ്പിളിൽ ഭോപ്പാലിൽനിന്നുള്ള പരിശോധന ഫലം ലഭിച്ചു. ഒരു കി.മീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ശനിയാഴ്ച കള്ളിങ് നടത്തും.
ചേർത്തല നഗരസഭ 15, 16 വാർഡുകളിലായി രണ്ടായിരത്തോളം കോഴികളാണ് കൂട്ടത്തോടെ ചത്തുവീണത്. മറ്റ് ഭാഗങ്ങളിലും രോഗബാധയുടെ ലക്ഷണങ്ങളുണ്ട്. അവിടങ്ങളിൽനിന്നുള്ള സാമ്പിളുകളും ഭോപ്പാലിലേക്ക് അയച്ചു. ചത്ത കോഴികളെ കത്തിക്കുന്ന നടപടികൾ രണ്ട് ദിവസമായി നടക്കുന്നുണ്ട്. ഭോപ്പാലിലെ ലാബിൽനിന്നുള്ള സ്ഥിരീകരണം ലഭിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ പക്ഷികളെയും നശിപ്പിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ പറഞ്ഞു. ശനിയാഴ്ച രാവിലെ മുതലാണ് കള്ളിങ് തുടങ്ങുന്നത്. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം എന്നിവയുടെ വിൽപന ജൂൺ 22 വരെ നിരോധിച്ചിട്ടുണ്ട്.
ഇതിനിടെ പള്ളിപ്പുറം, അർത്തുകൽ മേഖലയിലും കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നുണ്ട്. ആരോഗ്യ വകുപ്പ് കർശനമായ ജാഗ്രത നിർദേശവും നൽകുന്നുണ്ട്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലും മുഹമ്മയിലും രോഗം പ്രാഥമികമായി സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴിയിൽ പഞ്ചായത്തുതല ജാഗ്രത സമിതി യോഗം ചേർന്നു.
കള്ളിങ് ഇന്ന്
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ചേർത്തല നഗരസഭ, കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളിലെ കള്ളിങ് ശനിയാഴ്ച നടക്കുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. ചേർത്തല മുനിസിപ്പാലിറ്റിയിലെ 14, 15, 16 വാർഡുകൾ ഉൾപ്പെടുന്ന പ്രഭവ കേന്ദ്രത്തിൽനിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കുന്നത്. കഞ്ഞിക്കുഴി പത്താം വാർഡ് ഉൾപ്പെടുന്ന പ്രഭവസ്ഥാനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലും കള്ളിങ് നടക്കും. ചേർത്തല -3505, കഞ്ഞിക്കുഴി -2942 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കുമെന്ന് കരുതുന്നു. കഞ്ഞിക്കുഴിയുടെ കൂടെ മുഹമ്മയുടെയും മണ്ണഞ്ചേരിയുടെയും ഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.