ആദർശ് സ്വന്തമാക്കി, നാട്ടുകാരുടെ തുണയിൽ ആ സൈക്കിൾ...
text_fieldsചേര്‍ത്തല: ആദര്‍ശിന് ഇനി ചവിട്ടിക്കയറാൻ നാട്ടുകാരുടെ മഹാമനസ്കതയിൽ അതിശയ വിലയുള്ള സഹചാരി. ജീവിത സാഹചര്യങ്ങളുടെ വെല്ലുവിളികൾ തരണം ചെയ്ത് സൈക്കിളിങ് മേഖലയിലെ വേഗം സ്വപ്നം കാണുന്ന ചേര്‍ത്തല കടക്കരപ്പള്ളി ചന്തുനിവാസില് അനില്‍കുമാറിന്റെയും ശ്രീദേവിയുടയും മകൻ 19 കാരനായ ആദര്‍ശാണ് തന്റെ സ്വപ്നസൈക്കിൾ സ്വന്തമാക്കിയത്.
ദേശീയ സൈക്കിളിങ് താരമാണ് ഇടക്കൊച്ചി അക്വിനാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥി ആദർശ്. സൈക്കിള്‍ ഹരമായി മാറിയപ്പോഴാണ് വീട്ടുകാര്‍ 1.25 ലക്ഷം വിലവരുന്ന ഗിയറുള്ള സൈക്കിള്‍ കഷ്ടപ്പെട്ട് വാങ്ങിനൽകിയത്. ഇതുമായി എറണാകുളത്തടക്കം സൈക്കിളിങ് മത്സരങ്ങള്‍ക്ക് ചെന്നപ്പോഴാണ് മത്സരത്തിനുപറ്റിയതല്ല തന്റെ സൈക്കിളെന്ന് മനസ്സിലാക്കിയത്. അപ്പോഴാണ് കൂടുതൽ മികവിന് പുതിയ സൈക്കിൾ വാങ്ങണമെന്ന ആഗ്രഹമുദിച്ചത്. സൈക്കിളിങ്ങില്‍ ആദർശിന്റെ പ്രതിഭ തിരിച്ചറിഞ്ഞ പരിശീലകന് സൈക്കിള്‍ മാറാന്‍ നിര്‍ദേശിച്ചതും ഉത്സാഹമായി. പക്ഷേ കൈയിൽ പൈസയില്ല. സ്വന്തം സൈക്കിൾ 1.10 ലക്ഷത്തിന് വിറ്റ ആദർശ് പിന്നീട് മികച്ച സൈക്കിളിനായി ശ്രമം.
ചില പ്രമുഖ വ്യക്തികൾ ഉൾപ്പെടെ നാട്ടുകാരുടെ സഹായത്താൽ 2.4 ലക്ഷം രൂപ നൽകി 3.2 ലക്ഷം വിലയുള്ളത് സ്വന്തമാക്കി. ജയ്മോന് കോര എന്ന പരിശീലകന്റെ ഉറപ്പിൽ 80,000 രൂപ കടം പറഞ്ഞാണ് ഊട്ടിയിൽനിന്ന് സൈക്കിൾ വാങ്ങിയത്. ഈ കടം വീട്ടാനുള്ള ഓട്ടം തുടങ്ങി ആദർശ്. മന്ത്രി പി. പ്രസാദ് ഇടപെട്ട് ഏതെങ്കിലും സ്പോൺസർ വരുമെന്ന പ്രതീഷ ആദർശിനുണ്ട്.
ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സൈക്കിള്‍ യാത്ര തുടങ്ങിയ ആദർശ് കരപുറത്തെ ചൊരിമണലില്നിന്ന് ദേശീയ സൈക്കിളിങ് താരമായത് കഠിനാദ്ധ്വാനംകൊണ്ടാണ്. ഇപ്പോള്‍ തമിഴ്നാടിനായി ദേശീയതലത്തില്‍ മത്സരിക്കുന്ന ശ്രീനാഥിന്റെ കീഴില്‍ ഊട്ടി കേന്ദ്രീകരിച്ചാണ് പരിശീലനം. 2021ല്‍ സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയാണ് സൈക്കിളിങ് മേഖലയിൽ വരവറിയിച്ചത്.
ദേശീയതലത്തില്‍ മുംബൈയില്‍ നടന്ന മത്സരത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്തു. മുംബൈയിലും ബംഗളൂരുവിലും പുണെയിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്വകാര്യ പ്രഫഷനല്‍ മത്സരങ്ങളിലും മാറ്റുരച്ചു. കേരള ഒളിമ്പിക്സ് മത്സരത്തിലും പ്രവേശനം നേടി. സമയക്രമമനുസരിച്ച് ആഴ്ചയില്‍ 400-450 കി.മീറ്ററാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.