മുത്തശ്ശി കാർത്ത്യായനിയമ്മയെ അനുകരിച്ച് അനിൽവാരണം
text_fieldsചേർത്തല: 90 വയസ്സുള്ള കാർത്ത്യായനിയമ്മയെ അനുകരിച്ച് സ്വദേശത്തും വിദേശത്തുമായി അനവധി വേദികളിൽ കൈയടി നേടുകയാണ് മിമിക്രി കലാകാരൻ. തണ്ണീർമുക്കം പഞ്ചായത്ത് 11ാം വാർഡിൽ തകിടി വെളി അനിൽവാരണത്തിെൻറ (49) അനുകരണമാണ് ശ്രദ്ധനേടുന്നത്. അനുകരണകലയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ് അനിൽ. എന്നാൽ, അഞ്ചുവർഷമായി കാർത്ത്യായനിയമ്മയുടെ നീട്ടിയും കുറുക്കിയുമുള്ള സംഭാഷണ ശൈലി വേദികളിൽ അവതരിപ്പിച്ചപ്പോഴാണ് വലിയ കൈയടിയും അഭിനന്ദനവും നേടാനായത്. 10ാം ക്ലാസുമുതൽ മിമിക്രി ചെയ്തിരുന്നതിനിടെയാണ് വീടിന് സമീപമുള്ള കാർത്ത്യായനി അമ്മയെ പരിചയപ്പെടുന്നത്. പല്ലുകൾ കൊഴിഞ്ഞുള്ള വർത്തമാന ശൈലി അനിൽ ശ്രദ്ധയോടെയും വീക്ഷിച്ചിരുന്നു.
പിന്നീടത് അനുകരിച്ചപ്പോൾ വീട്ടിലും നാട്ടിലുമുള്ളവർക്ക് കൗതുകകരമായി. പിന്നീടാണ് വേദികളിൽ അവതരിപ്പിച്ച് തുടങ്ങിയത്. 2018ൽ പാലക്കാട് നടന്ന താരനിശയിൽ ധർമജൻ ബോൾഗാട്ടിയോടൊന്നിച്ച് മിമിക്രി അവതരിപ്പിച്ചു. മുതിർന്ന മിമിക്രി കലാകാരനായ അന്തരിച്ച അബിയോടൊന്നിച്ചും നിരവധി വേദികൾ പങ്കിടാൻ അനിലിന് കഴിഞ്ഞു. കാർത്ത്യായനിയമ്മ കൂടാതെ നടൻ സത്യൻ, മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങിയവരെയും വേദികളിൽ അനുകരിച്ചിട്ടുണ്ട്. നർമരസത്തിൽ ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി ചാക്ക്യാർ കൂത്തും വിവിധ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ദുബൈ, അബൂദബി, മസ്കത്ത് തുടങ്ങിയ രാജ്യങ്ങളിലും സ്റ്റേജ് ഷോ നടത്തിയിട്ടുണ്ട്. 12ൽഅധികം സീരിയലുകളിലും മൂന്ന് മലയാള സിനിമകളിലും 20ഓളം പരസ്യ ചിത്രങ്ങളിലും ഇതിനകം അഭിനയിച്ചു.
അമേരിക്കൻ പര്യടനത്തിന് പോകാനിരിക്കുമ്പോഴാണ് ആദ്യ ലോക്ഡൗൺ വരുന്നത്. അനിലിന് മിമിക്രിയിൽ എല്ലാ പിന്തുണയുമായി ഭാര്യ ജെസിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.