വസ്തു തർക്കം: യുവതി സഹോദരനെ കുത്തിവീഴ്ത്തി
text_fieldsചേർത്തല: വസ്തു തർക്കത്തെ തുടർന്ന് യുവതി സഹോദരനെ കുത്തിവീഴ്ത്തി. ചേർത്തല നഗരസഭ 22ാം വാർഡിൽ നികർത്തിൽ സുഭാഷിനെ (36) സഹോദരി സൗമ്യ (34) കുത്തുകയായിരുന്നു. പുരുഷൻകവലക്ക് പടിഞ്ഞാറ് യക്ഷി അമ്പലത്തിനു സമീപം വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം.
ഏഴ് സെൻറ് സ്ഥലം മാതാവ് രാധയുടെ കാലശേഷം മക്കളുടെ പേരിൽ പിതാവ് ഭുവനചന്ദ്രൻ വർഷങ്ങൾക്ക് മുമ്പേ എഴുതിെവച്ചിരുന്നതാണ്. എന്നാൽ, കുറെ മാസങ്ങളായി മക്കൾ തമ്മിൽ വസ്തുതർക്കം നിലനിൽക്കുന്നുണ്ട്. സൗമ്യക്കും ഭർത്താവിനും മാത്രമായി വസ്തു നൽകണമെന്ന് കാട്ടി ചേർത്തല പൊലീസ് സ്റ്റേഷനിൽ കുറച്ചുനാൾ മുമ്പ് പരാതി നൽകിരുന്നു.
ഇതിനുശേഷം മാതാപിതാക്കളെയും സഹോദരൻ സുഭാഷിനെയും വീട്ടിൽനിന്ന് സൗമ്യ ഇറക്കിവിട്ടതോടെ അവർ പുറമ്പോക്കിൽ കുടിൽകെട്ടി താമസമാക്കി. ചേർത്തല നഗരസഭയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം രാധയുടെ പേരിൽ സൗമ്യ വീടിനു അപേക്ഷിക്കുകയും ഇതിനായി അനുവദിച്ച തുക കൈക്കലാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പിന് ഇരുകൂട്ടരെയും വിളിപ്പിച്ചു. ചർച്ചക്കൊടുവിൽ മാതാപിതാക്കളെ സൗമ്യ സംരക്ഷിക്കാനും കേസ് കോടതിയിൽ നൽകാനും തീരുമാനിച്ചു.
ഇതനുസരിച്ച് രാവിലെ മാതാപിതാക്കളും സുഭാഷുമൊത്ത് വീട്ടിൽ വന്നപ്പോൾ വീണ്ടും തർക്കമാകുകയായിരുന്നു. പശുവിനെ അഴിക്കാനായി കുനിഞ്ഞ സുഭാഷിനെ സൗമ്യ കൈയിൽ കരുതിയ കത്തിയെടുത്ത് മുതുകിൽ കുത്തുകയായിരുന്നു. പിടിവലിക്കിടെ സൗമ്യയുടെ വയറിനും ചെറിയ പരിക്കേറ്റു. രക്തം വാർന്ന് അബോധാവസ്ഥയിലായ സുഭാഷിനെ നാട്ടുകാരുടെ സഹായത്തോടെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സൗമ്യയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.