സംരംഭകനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; പരാതി
text_fieldsചേര്‍ത്തല: ചേര്‍ത്തല നഗരത്തില്‍ കോടികള്‍ മുതല്‍മുടക്കിൽ ആരംഭിക്കുന്ന വൃദ്ധസദനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ സംരംഭകനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമമെന്ന് പരാതി. ചേര്‍ത്തല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനാ നേതാവിനും മത്സ്യതൊഴിലാളി സംഘടന നേതാവിനും പ്രദേശവാസിക്കുമെതിരെയാണ് സംരംഭകന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. നഗരസഭാ രണ്ടാംവാര്‍ഡില്‍ വേളോര്‍വട്ടം പ്രദേശത്തെ മൂന്നരയേക്കറോളം സ്ഥലത്താണ് ഇ.പി.ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപേഴ്സ് വൃദ്ധസദനത്തിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ഹൈകോടതി വഴി ലഭിച്ച കരഭൂമിയായി ഡാറ്റാബാങ്കിലുള്പെട്ട സ്ഥലം കാടുവെട്ടി തെളിച്ചു ക്രമീകരിക്കുന്നതിനിടെയാണ് നിരന്തരം പണമാവശ്യപ്പെട്ട് ഭീഷണി മുഴക്കിയും പരാതികള്‍ നല്‍കിയും തടസ്സമുണ്ടാക്കിയതെന്ന് കമ്പനിയുടെ ലീഗല്‍ ഡയറക്ടര്‍ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.
സ്ഥലം ഒരുക്കാൻ മനുഷ്യാവകാശ പ്രവര്ത്തകന് 10ലക്ഷം, മത്സ്യതൊഴിലാളി നേതാവിന് നാലുസെന്റു സ്ഥലം, പ്രദേശവാസി മൂന്നുലക്ഷം എന്നിങ്ങനെ ആവശ്യപ്പെട്ടാണ് ഭീഷണിയെന്നാണ് പരാതി. പണം ആവശ്യപ്പെട്ടുളള ഫോണ്‍ ശബ്ദരേഖകളടക്കമാണ് മാനേജിങ് ഡയറക്ടര്‍ ഇ.പി.സുലൈമാന്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. പരാതികളെ തുടര്‍ന്ന് ചേര്‍ത്തല നഗരസഭ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. നഗരസഭയില്‍ നിന്നും അനുമതി വാങ്ങാതെയുള്ള ഭൂമിക്രമപ്പെടുത്തലും സമീപത്തെ നഗരസഭാ റോഡ് അലങ്കോലമാക്കിയതും ചൂണ്ടിക്കാട്ടിയാണ് നടപടി.
നഗരത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ ഓഫീസില്‍ ഒത്തുതീര്‍പ്പിനായി പലവട്ടം വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സംരംഭം തുടങ്ങുന്നതിനു ഭീഷണിയാകുന്ന സംഘത്തിനെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.