ചേറിനകത്ത് 'തല' ചേർത്തലയായി
text_fieldsചേർത്തല: ചേര്‍ത്തലയുടെ സ്ഥലനാമത്തെപറ്റി നിരവധി നിഗമനങ്ങളുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടം കടലിനടിയിലായിരുന്നെന്ന് പറയപ്പെടുന്നു. മണ്ണ് കുഴിക്കുമ്പോള്‍ കടല്‍ജീവികളുടെ ഫോസിലുകളും തുറക്കാത്തനിലയിലെ കക്കകളുടെ അവശിഷ്ടങ്ങളും കിട്ടാറുണ്ട്. കടലിനും കായലിനും മധ്യേ ഏതാണ്ട് 12-15 കി.മീ. മാത്രം വീതിയിൽ മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തിന് മുമ്പുവരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലക്കൽ പ്രദേശം ഒരുസംരക്ഷണ ധാരണപ്രകാരം തിരുവിതാംകൂറിലേക്ക് ചേർത്തു. ഇങ്ങനെ ചേർത്തതിനാലാണ് ചേർത്തല എന്നറിയപ്പെടുന്നതെന്നും ചരിത്രമുണ്ട്.
പ്രസിദ്ധനായിരുന്ന വില്വമംഗലത്ത് സ്വാമിയാർ അനന്തപത്മനാഭ ക്ഷേത്രത്തിൽനിന്ന് ചേർത്തല എന്നറിയപ്പെടുന്ന കരപ്പുറത്തുവരുകയും അവിടെ ഒരു തമ്പകമരത്തിൽ സർവാംഗ സുന്ദരിയും നവയൗവന സമ്പൂർണയും വിശ്വമോഹിനിയുമായ ഒരുപെണ്ണ് സഖിമാരുമൊത്ത് ഊഞ്ഞാലിൽ ആടുന്നത് കണ്ടു. ഇത് കേവലം മനുഷ്യസ്ത്രീ അല്ലെന്നും കാർത്യായനി ദേവിയാണെന്നും തീർച്ചപ്പെടുത്തി. ദേവി മിക്കപ്പോഴും ഊഞ്ഞാലിൽ ഇരിക്കുന്ന പതിവുണ്ട്. ദേവീമാഹാത്മ്യത്തിൽ പല ഭാഗത്തും ഊഞ്ഞാലിൽ ഇരിക്കുന്ന ദേവിയെ വർണിച്ചിട്ടുമുണ്ട്. കന്യകദേവിയാണെന്ന് മനസ്സിലാക്കി സ്വാമി അടുത്തേക്ക് ചെന്നു. സ്വാമിയാരെ കണ്ട ദേവി സമീപത്തെ ഒരുകുളത്തിലേക്ക് ഓടിമറഞ്ഞു. സ്വാമിയാരും പിറകെ ചെന്നു. അവിടെനിന്ന് വീണ്ടും മറ്റൊരു കുളത്തിലേക്ക് ഓടിമറഞ്ഞു. ഏഴു കുളങ്ങളിലായി ദേവി ഓടിമറയുകയും സ്വാമിയാർ പിന്തുടരുകയും ചെയ്തു. അങ്ങനെ ദേവി ഇപ്പോൾ കുടികൊള്ളുന്ന എട്ടാമത്തെ കുളത്തിൽ ചാടി. അവിടെ മുഴുവൻ ചേറ് നിറഞ്ഞ കുളമായിരുന്നു. അതിനാൽ പിന്നാലെയെത്തിയ സ്വാമിയാരെ കണ്ട ദേവിക്ക് പെട്ടെന്ന് കരക്ക് കയറാൻ പറ്റിയില്ല. സ്വാമിയാർ പെട്ടെന്ന് ദേവിയുടെ മുടിയിൽ പിടിക്കുകയും ദേവിയെ അവിടെയിരുത്തുകയും ചെയ്തു. ചേറിൽ തലയായി പ്രതിഷ്ഠിച്ച സ്ഥലമായതിനാൽ കരപ്പുറം എന്നറിഞ്ഞിരുന്ന സ്ഥലം അന്നുമുതൽ ചേർത്തല എന്ന നാമത്തിൽ അറിഞ്ഞുതുടങ്ങി.
നിലവിൽ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തെ നഗരമാണ് ചേർത്തല. രാജാവായിരുന്ന സ്വാതി തിരുനാളിന്റെ മരണശേഷം അധികാരത്തിലെത്തിയ ഉത്രം തിരുനാൾ മാർത്താണ്ഡ വർമയുടെ കാലത്ത് ജില്ലപദവിയും കിട്ടിയിരുന്നു. ബ്രിട്ടീഷ് റെസിഡന്റായിരുന്ന ജനറൽ കല്ലനുമായുള്ള വ്യക്തിബന്ധമാണ് നിമിത്തമായത്. കല്ലന്റെ നിർദേശപ്രകാരം രാജ്യത്തെ രണ്ട് ഡിവിഷനാക്കി. വടക്കൻ പറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള വടക്കൻ ഡിവിഷനും നെയ്യാറ്റിൻകര മുതൽ കന്യാകുമാരി വരെയുള്ള തെക്കൻ ഡിവിഷനും. പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നിവയായിരുന്നു ജില്ലകൾ. ഇപ്പോഴത്തെ എറണാകുളം ജില്ലയുടെ നല്ലൊരുഭാഗമായ വടക്കൻ പറവൂർ, ആലുവ, കുന്നത്തുനാട് എന്നിവ ചേർത്തല ജില്ലയിൽ ഉൾപ്പെട്ടിരുന്നതായും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.