ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം: ലോറി ജീവനക്കാർ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ലെന്ന് പരാതി
text_fieldsചേർത്തല: മായിത്തറയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടിച്ച ടാങ്കർ ലോറി കടന്നുകളഞ്ഞെന്ന് ബന്ധുക്കൾ. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20ാം വാർഡിൽ മണവേലി പാലംപറമ്പിൽ സത്യെൻറ മകൻ വിഷ്ണുവാണ് (24) വെള്ളിയാഴ്ച പുലർച്ച 6.15ഓടെ മരിച്ചത്. അമിത വേഗത്തിലെത്തിയ ടാങ്കർ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിനുശേഷം ലോറി റോഡിെൻറ വശത്തേക്ക് ആദ്യം മാറ്റിയെങ്കിലും ഉടൻതന്നെ ചേർത്തല ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. ലോറി ജീവനക്കാർ വിഷ്ണുവിനെ രക്ഷപ്പെടുത്താൻപോലും ശ്രമിച്ചില്ലെന്നാണ് പരാതി. ചേർത്തല പൊലീസ് സ്റ്റേഷനിലെത്തി അപകടം നടന്നതായി അറിയിച്ചു. മാരാരിക്കുളം സ്റ്റേഷൻ പരിധിയാണെന്ന് ഇവിടെനിന്ന് പറഞ്ഞതനുസരിച്ച് അവിടെയെത്തി ഡ്രൈവറും ക്ലീനറും കീഴടങ്ങുകയാണുണ്ടായത്. അപകടം നടന്ന് 20 മിനിറ്റോളം രക്തം വാർന്ന് റോഡിൽ കിടന്നതാണ് മരണം സംഭവിക്കാൻ ഇടയാക്കിയതെന്നും വിഷ്ണുവിെൻറ ബന്ധുക്കൾ കുറ്റപ്പെടുത്തി.
അപകടമുണ്ടായതിനുശേഷം പിറകെവരുകയായിരുന്ന ബൈക്ക് യാത്രക്കാരൻ വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാൻ പല വണ്ടികൾക്കും കൈകാണിച്ചെങ്കിലും നിർത്തിയില്ല.
പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഓടിക്കൂടുന്ന ജനങ്ങൾ തങ്ങളെ ആക്രമിക്കുമെന്ന് ഭയന്നാണ് സ്ഥലംവിട്ടതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. അപകടസ്ഥലങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിക്കുമെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.