ചേർത്തല - കോടിമത ടൂറിസ്റ്റ് ഹൈവേ പാത; പദ്ധതി നിലച്ചിട്ട് രണ്ട് പതിറ്റാണ്ട്
text_fieldsചേർത്തല: ചേർത്തല - കോടിമത ടൂറിസ്റ്റ് ഹൈവേ പാത പദ്ധതി നിലച്ചിട്ട് രണ്ട് പതിറ്റാണ്ടായി. 2000-2001 വർഷത്തിലാണ് പദ്ധതിയുടെ സ്ഥലമെടുപ്പ് പ്രവർത്തനം തുടങ്ങിയതെങ്കിലും അധികം വൈകും മുമ്പ് നിലച്ചു. ദേശീയ പാതയിൽ ചേർത്തല എക്സ്റേ കവലക്ക് തെക്ക് വശത്ത് നിന്നാണ് റോഡ് തുടങ്ങുന്നത്. അന്ന് നാറ്റ്പാക് തയാറാക്കിയ അടങ്കൽ 212.37 കോടി രൂപയുടേതായിരുന്നു. 45 മീറ്റർ വിസ്തൃതിയിലുള്ള റോഡിന്റെ ദൈർഘ്യം 28.7 കിലോമീറ്ററായിരുന്നു. അഞ്ച് വർഷം മുമ്പ് മന്ത്രി പി. തിലോത്തമൻ വീണ്ടും കേരള സർക്കാറിന്റെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടും തുടർ നടപടി ഉണ്ടായില്ല. മൂന്നു ഭാഗങ്ങളായി തിരിച്ചായിരുന്നു നിർമാണ പദ്ധതി. കോടിമത മുതൽ കവണാറ്റിൻ കര വരെ 14.5 കിലോമീറ്ററും തണ്ണീർമുക്കം മുതൽ ചേർത്തല വരെ 7.6 കിലോമീറ്ററും പുതുതായി നിർമിക്കാനും ചേർത്തല മുതൽ തണ്ണീർ മുക്കം ബണ്ട് വരെ നിലവിലെ റോഡിന്റെ വിസ്തൃതി വർദ്ധിപ്പിക്കാനുമായിരുന്നു പദ്ധതി. ആകെ 72.35 ഹെക്ടർ സ്ഥലമാണ് സർക്കാരിലേക്ക് എടുക്കേണ്ടത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ ഓഫ് കേരളക്കായിരുന്നു നിർമാണ ചുമതല.
എക്സ്റേ മുതൽ കിഴക്കോട്ട് ചേർത്തല നഗരസഭ പരിധിയിലും തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലും റോഡിന്റെ അലൈൻമെന്റ് നിർണയിച്ച് കല്ലുകൾ ഇട്ട് അതിർത്തി നിർണയിക്കുകയും ചെയ്തു. റോഡിലുള്ള സ്ഥലമെടുപ്പും അതിർത്തി കല്ലുകൾ ഇട്ടുമുള്ള പരിപാടികൾ നടന്നുവെങ്കിലും പിന്നീട് ഫണ്ട് ലഭിക്കാത്തതിനാലാണ് തുടർനടപടികളൊന്നുമില്ലാതെ പോകാനിടയാക്കിയത്. 2020ൽ മന്ത്രി പി. തിലോത്തമന്റെ പ്രത്യേക ഇടപെടൽ മൂലം ധനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പദ്ധതി പാതിവഴിയിൽ നിലക്കുകയായിരുന്നു. ചേർത്തലയിൽ നിന്നും തണ്ണീർമുക്കം റോഡിന്റെ സമാന്തര പാതയാകുമായിരുന്ന ചേർത്തല - കോടിമത ടൂറിസ്റ്റ് ഹൈവേ പാത പദ്ധതി നടപ്പായാൽ ടൂറിസം മേഖലക്കും ഉണർവേകിയേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.