ചേർത്തല സെന്റ് മേരീസ് പാലം; വീണ്ടും നിർമാണത്തിന് അനുമതി
text_fieldsചേർത്തല: മാസങ്ങളായി മുടങ്ങിക്കിടന്ന ചേർത്തല സെന്റ് മേരീസ് പാലം നിർമ്മാണത്തിന് ഇറിഗേഷൻ വകുപ്പ് നൽകിയിരുന്ന സ്റ്റോപ് മെമ്മോ പിൻവലിച്ചു. ഇതോടെ വീണ്ടും പ്രവർത്തനം തുടരാൻ അനുമതിയായി. കൃഷി മന്ത്രി പി. പ്രസാദിന്റെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പി.ഡബ്ല്യു.ഡി, ഇറിഗേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
യോഗ തീരുമാനം അനുസരിച്ച് നിലവിലുള്ള രൂപകൽപ്പന പ്രകാരം പണി തുടരാം. ഏപ്രിലിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കും. ആറരക്കോടി രൂപ മുടക്കി പി.ഡബ്ല്യു.ഡി പാലം വിഭാഗം നിർമ്മിക്കുന്ന സെന്റ് മേരീസ് പാലത്തിന്റെ ഉയരം അഞ്ച് മീറ്റർ ആക്കി ഉയർത്തണമെന്നും രൂപകല്പനയിൽ ചില ഭേദഗതികൾ വരുത്തണമെന്നും നിർദ്ദേശിച്ച് ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എൻജിനീയറുടെ നിർദ്ദേശപ്രകാരം ഇറിഗേഷൻ വകുപ്പ് പണി നിർത്തിവെക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു.
രൂപകൽപ്പനയിൽ മാറ്റം വരുത്തിയാൽ വലിയ രീതിയിൽ സ്ഥലം ഏറ്റെടുപ്പ് വേണ്ടിവരുകയും സമീപപ്രദേശങ്ങളിലെ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ദുഷ്കരമാവുകയും ചെയ്യും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൃഷിമന്ത്രിയും ചേർത്തല എം.എൽ.എയുമായ പി.പ്രസാദ് നടത്തിയ ഇടപെടലിനെ തുടർന്നാണ് അനുകൂല തീരുമാനം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.