കലോത്സവം: മൊഞ്ചത്തി പകൽ; സ്ക്വാഡ് ഇശൽ
text_fieldsചേർത്തല: കലാനഗരിയിൽ മൂന്നാംനാളിൽ ഇശലുകൾ പെയ്തിറങ്ങുകയായിരുന്നു. ആഭരണങ്ങളും പട്ടു വസ്ത്രവും അണിഞ്ഞ് പുതുമണവാട്ടികളും സഖിമാരും പുതുമണവാളനും കൂട്ടുകാരും കട്ടി ബെൽറ്റ് മുറുക്കിയ മുണ്ടും ബനിയനും തലേക്കെട്ടുമായി കോൽക്കളി സംഘങ്ങളും. 11ാം നമ്പർ വേദിയിലേക്കുള്ള മാപ്പിള കലാസംഘത്തിെൻറ ഒഴുക്ക് കാണികളിലും കൗതുകമുണർത്തി.
അരയില്‍ പടിവെച്ച വെള്ളി അരഞ്ഞാണവും കൈകളില്‍ കുപ്പിവളയും പല തരം കര്‍ണാഭരണങ്ങളും ഇവരെ കളറാക്കി. ഇവർക്ക് പിന്നാലെ തൂവെള്ള വേഷധാരികളായ പുതുമണവാളനും കൂട്ടുകാരും വട്ടപ്പാട്ടിനായി വേദിയിൽ നിരന്നു. ഇമ്പമാർന്ന ഇശലുകളുടെ പശ്ചാത്തലത്തിൽ ലളിത ചുവടുകളും വ്യത്യസ്ത താളത്തിലെ കൈകൊട്ടലുകളുമായി മണവാട്ടിമാരും തോഴികളും നിറഞ്ഞാടി. താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചുള്ള അവതരണം കാണികളെ ഹരത്തിലാക്കി.
വശ്യമായ താളത്തിലും ഈണത്തിലും പരസ്പരം ഇടിച്ചും മുട്ടിയും അരങ്ങേറിയ കോൽക്കളിയും ശ്രദ്ധേയമായി. ഒപ്പനയിൽ യു.പിയിൽ 10ഉം ഹൈസ്കൂളിൽ 13ഉം ഹയർ സെക്കൻഡറിയിൽ ഒമ്പതും സംഘങ്ങളാണ് മൽസരിച്ചത്. വട്ടപ്പാട്ടിൽ ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും എട്ടുവീതം ടീമുകളും എത്തി.
കോൽക്കളിയിൽ ഹൈസ്കൂളിൽ 11 ഉം ഹയർ സെക്കൻഡറിയിൽ ആറും സംഘങ്ങളാണ് മൽസരിച്ചത്. ഒപ്പന ഹൈസ്കൂൾ വിഭാഗത്തിൽ ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്.എസ്.എസും യു.പി വിഭാഗത്തിൽ കായംകുളം സെന്റ് മേരീസ് സ്കൂളും ഒന്നാംസ്ഥാനംനേടി.
വിധി നിർണയത്തിൽ പ്രതിഷേധം; കലാജീവിതം അവസാനിപ്പിക്കുമെന്ന് കെസിയ
ചേർത്തല: കഴിവിനെ മാനിക്കാതെയുള്ള മോണോആക്ട് വിധിനിർണയത്തിനെതിരെ പ്രധാനവേദിക്ക് മുന്നിൽ പ്ലക്കാർഡുയർത്തി മത്സരാർഥിയുടെ പ്രതിഷേധം. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥി കെസിയ മരിയ ടോമിയാണ് കലോത്സവത്തിന്റെ പ്രധാനവേദിയായ ചേർത്തല ഹോളിഫാമിലി എച്ച്.എസ്.എസിന് മുന്നിൽ സമരം നടത്തിയത്. വേദി 10ൽ നടന്ന ഹയർസെക്കൻഡറി വിഭാഗം മോണോആക്ടിൽ 10 പേരാണ് മത്സരിച്ചത്.
ഇതിൽ എട്ടുപേരും ടൈം ഔട്ടായി. കൃത്യമായി സമയം പാലിച്ച രണ്ടുപേരിൽ ഒരാളായ കെസിയക്ക് എ ഗ്രേഡോടെ രണ്ടാംസ്ഥാനമാണ് ലഭിച്ചത്. ഏറ്റവും മോശമായി അവതരിപ്പിച്ച കുട്ടിക്കാണ് ഒന്നാംസ്ഥാനം നൽകിയെന്നാണ് ഇവരുടെ പരാതി. കഴിവുള്ളവർക്ക് അംഗീകാരം നൽകാത്തതിനെതിരെ സമാപനദിവസമായ വ്യാഴാഴ്ച പ്രധാനവേദിക്ക് മുന്നിൽ പരസ്യമായി മോണോആക്ട് അവതരിപ്പിച്ച് കലാജീവിതത്തോട് വിട പറയാനാണ് തീരുമാനം.
തമിഴ്നാട്ടിൽ നടന്ന സംഭവവുമായി ബന്ധപ്പെടുത്തി ആർത്തവകാലത്ത് ആദിവാസി പെൺകുട്ടികൾ നേരിടുന്ന ദുരിതവും സമൂഹത്തിന്റെ പ്രതിഷേധവുമാണ് മോണോആക്ടിലൂടെ അവതരിപ്പിച്ചത്. കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇതേവിഷയത്തിൽ നാടകം അവതരിപ്പിച്ചിരുന്നു. അർത്തുങ്കൽ ഏലശ്ശേരിൽ ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്ത് അംഗം ടോമി ഏലശ്ശേരിൽ-മിനി ടോമി ദമ്പതികളുടെ മകളാണ്.
വിധികർത്താക്കൾക്കെതിരെ പരാതിപ്രളയം; ഇന്ന് കലാശക്കൊട്ട്
ചേർത്തല: കലോത്സവത്തിന്റെ അവസാനദിനത്തിലേക്ക് കടന്നതോടെ കിരീടം കൈയെത്തും ദൂരത്തായതിന്റെ ആവേശത്തിലാണ് ഉപജില്ലകൾ. പ്രധാനവേദിയിൽ നൃത്തമുദ്രകൾ നിറഞ്ഞാടിയപ്പോൾ മലബാറിന്റെ തനത് കലാരൂപമായ ഒപ്പനയും വട്ടപ്പാട്ടും കോൽകളിയും മറ്റ് വേദികളെ ധന്യമാക്കി.
പ്രധാനവേദിയായ ഹോളിഫാമിലി എച്ച്.എസ്.എസിലെ ഗേറ്റിന് മുന്നിൽ മത്സരാർഥിയുടെ വേറിട്ട പ്രതിഷേധത്തോടെയാണ് മൂന്നാംനാൾ കലോത്സവവേദി ഉണർന്നത്. എച്ച്.എസ്.എസ് വിഭാഗം മോണോആക്ടിൽ രണ്ടാംസ്ഥാനം ലഭിച്ച അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥി കെസിയ മരിയ ടോമിയാണ് വിധിനിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചത്.
കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, ഭരതനാട്യം അടക്കമുള്ള നൃത്തഇനങ്ങളിലെ വിധിനിർണയം ഏറെ പരാതിക്കിടയാക്കി. ചൊവ്വാഴ്ച രാത്രി നടന്ന എച്ച്.എസ്.എസ് വിഭാഗം നാടോടിനൃത്തം മത്സരത്തിനുശേഷം വിധികർത്താക്കളെ തടഞ്ഞുവെച്ചിരുന്നു. ഇവരെ മറ്റിനങ്ങളിൽ വിധികർത്താക്കളാക്കരുതെന്ന നിർദേശമുയർന്നെങ്കിലും പാലിച്ചില്ല. ബുധനാഴ്ചയും ഇവർ തന്നെയായിരുന്നു വിധി നിർണയിച്ചത്. മൂന്നാംനാൾ മൂന്നുമണിക്കൂർ വൈകിയാണ് മത്സരങ്ങൾ തുടങ്ങിയത്.
പ്രധാനവേദിയായ ഹോളിഫാമിലി സ്കൂളിൽ നടന്ന എച്ച്.എസ് വിഭാഗം കുച്ചിപ്പുടി മത്സരത്തിലെ വിധിപ്രഖ്യാപനവും രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടയാക്കി. ഇത് ഏറെനേരത്തെ ബഹളത്തിന് കാരണമായി. 14 പേർ മാറ്റുരച്ച മത്സരത്തിലെ എല്ലാവർക്കും എ ഗ്രേഡും ലഭിച്ചു. ഈ മത്സരത്തിനിടെ രണ്ടുപേർക്ക് പരിക്കേറ്റു.
താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പൂർണിമ, പുറക്കാട് എസ്.എൻ.എം.എച്ച്.എസിലെ തൻവിയ വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. സ്റ്റേജ് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയെങ്കിലും പരിഹരിക്കാൻ സംഘാടകർ തയാറായില്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. ചില നൃത്താധ്യാപകർ പരിശീലിപ്പിക്കുന്ന വിദ്യാർഥികൾക്ക് മാത്രം സമ്മാനം കിട്ടുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.