ജില്ല ശാസ്ത്രോത്സവം; ആലപ്പുഴ ഉപജില്ലക്ക് കിരീടം
text_fieldsചേർത്തല: കൗമാരപ്രതീക്ഷകളുടെ കണ്ടുപിടിത്തവും കൗതുകപരീക്ഷണങ്ങളും സമന്വയിപ്പിച്ച് രണ്ടുനാൾ ചേർത്തലയിൽ നടന്ന റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ അട്ടിമറി വിജയത്തോടെ ആലപ്പുഴ ഉപജില്ലക്ക് ഓവറോൾ കിരീടം. തുടർച്ചയായ ആറ് വർഷങ്ങളിൽ വിജയം നേടിയ ചേർത്തല ഉപജില്ലയുടെ ‘കുത്തക’ തകർത്ത് 20 പോയന്റിന്റെ വ്യത്യാസത്തിലാണ് ഒന്നാമതെത്തിയത്. 1187 പോയന്റാണ് ആലപ്പുഴയുടെ സമ്പാദ്യം.
32 ഒന്നാം സ്ഥാനവും 21 രണ്ടാം സ്ഥാനവും 30 മൂന്നാം സ്ഥാനവും 148 എ ഗ്രേഡും 61 ബി ഗ്രേഡും 11 സി ഗ്രേഡും ഉൾപ്പെടെ സ്വന്തമാക്കിയാണ് കിരീടം തിരിച്ചുപിടിച്ചത്. 1167 പോയന്റ് നേടിയ ചേർത്തല ഉപജില്ല രണ്ടും 956 പോയന്റുമായി കായംകുളം ഉപജില്ല മൂന്നും സ്ഥാനം നേടി. മാവേലിക്കര (913), തുറവൂർ (898), ചെങ്ങന്നൂർ (837), ഹരിപ്പാട് (781), തലവടി (750), അമ്പലപ്പുഴ (721), മങ്കൊമ്പ് (705), വെളിയനാട് (288) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില.
സയൻസ് വിഭാഗത്തിൽ 100 പോയന്റുമായി കായംകുളവും ഗണിതശാസ്ത്ര വിഭാഗത്തിൽ 268 പോയന്റുമായി ആലപ്പുഴയും സോഷ്യൽ സയൻസ് വിഭാഗത്തിൽ 87 പോയന്റുമായി തുറവൂരും പ്രവൃത്തി പരിചയമേളയിൽ 700 പോയന്റുമായും ഐ.ടി മേളയിൽ 102 പോയന്റുമായും ചേർത്തലയും ഒന്നാം സ്ഥാനം നേടി. സ്കൂൾതലത്തിൽ 216 നേടി താമരക്കുളം വി.വി.എച്ച്.എസ്.എസ് ഒന്നാമതെത്തി. പൂങ്കാവ് എം.ഐ.എച്ച്.എസ് രണ്ടും ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി.
ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടന്ന സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.എസ്. ഷാജി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്. ശ്രീലത, ചേർത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.എസ്. സാബു, വാർഡ് കൗൺസിലർ അജി, ചേർത്തല എ.ഇ.ഒ സി. മധു, ഹെലൻ കുഞ്ഞുകുഞ്ഞ്, അജു പി. ബെഞ്ചമിൻ, സിജി സന്തോഷ് കുമാർ, എം. സുനിൽകുമാർ, രഘുകുമാർ, ഐസക് ഡാനിയേൽ, എസ്. വിജയകുമാർ, ഉണ്ണി ശിവരാജൻ എന്നിവർ സംസാരിച്ചു.
ചൂരല്‍മലയുടെ നൊമ്പരക്കാഴ്ചകളും
ചേര്‍ത്തല: വയനാട് ചൂരൽമലയിൽ ഉരുളെടുത്ത നൊമ്പരക്കാഴ്ചകളും ശാസ്ത്രമേളയിലെത്തി. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ജി.എച്ച്.എസിലെ 10ാം ക്ലാസ് വിദ്യാർഥികളായ ജെ. വൃന്ദയും അദിതി സുനിലുമാണ് ദുരന്തമുഖം വരച്ചുകാട്ടിയത്.
തകർന്ന മലകളും വീടുകളും ഉൾപ്പെടുത്തിയ മാതൃകയിൽ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവും പകർന്നു നൽകുന്നുണ്ട്. ഒലിച്ചുപോയ വീടുകളും താൽക്കാലിക ബെയ്ലി പാലം നിർമിച്ചതും ഉൾക്കൊള്ളിച്ചിരുന്നു. ഉരുള്‍പൊട്ടലിന്റെ കാരണങ്ങളും പ്രതിരോധിക്കാനും ഒഴിവാക്കാനും ചെയ്യേണ്ട കാര്യങ്ങളും നിരത്തിയിരുന്നു. വിവിധ വിഭാഗങ്ങളിലായി അഞ്ചിലധികം ടീമാണ് ചൂരൽമല ദുരന്തത്തിന്റെ കാഴ്ചകൾ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.