ജീവൻ വെക്കുമോ, പൊന്നിട്ടുശ്ശേരി ഇക്കോ ടൂറിസം പദ്ധതി?
text_fieldsചേർത്തല: പൊന്നിട്ടുശ്ശേരിക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തങ്ങളുടെ നാട്ടിലെ ഇക്കോ ടൂറിസം പദ്ധതിക്ക് ജീവൻ വെക്കുമെന്ന പ്രതീക്ഷയിൽ. കെട്ടിടങ്ങളടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ തയാറാണ്. എല്ലാം കോർത്തിണക്കി പ്രവർത്തന സജ്ജമാക്കുന്നതിന് കെ.സി. വേണഗോപാൽ എം.പിയുടെ കൈത്താങ്ങ് ഉണ്ടാകുമെന്നാണ് ഇവിടത്തുകാരുടെ പ്രതീക്ഷ. കഞ്ഞിക്കുഴിയുടെ ഗ്രാമീണ സൗന്ദര്യവും നാടൻ രുചിയും വിനോദസഞ്ചാരികൾക്ക് പകർന്ന് നൽകാൻ ആരംഭിച്ചതാണ് പൊന്നിട്ടുശ്ശേരി ഇക്കോ ടൂറിസം പദ്ധതി.
2006ൽ കെ.സി. വേണുഗോപാൽ കേന്ദ്ര ടൂറിസം സഹമന്ത്രിയായിരിക്കെയാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതി അനുവദിച്ചത്. അന്നത്തെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. എ.എസ് കനാലിൽ ഒരു കിലോമീറ്റർ ഭാഗം ശുചിയാക്കി പെഡൽ ബോട്ട് സർവിസും നാടൻ ഭക്ഷണശാലയും ഉൾപ്പെടെ ആരംഭിക്കുന്നതായിരുന്നു പദ്ധതി. വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ മീൻപിടിത്തം ഉൾപ്പെടെ വിഭാവനം ചെയ്തിരുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനും കഞ്ഞിക്കുഴി പഞ്ചായത്തിനുമായിരുന്നു പദ്ധതിയുടെ മോണിറ്ററിങ് ചുമതല. പദ്ധതിക്കായി എ.എസ് കനാലിൽ തൂണുകൾ സ്ഥാപിച്ച് കെട്ടിടവും നിർമിച്ചു.
ലക്ഷങ്ങൾ ചെലവഴിച്ചാണ് കനാലിൽ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിൽ നാടൻ ഭക്ഷണശാല ഉൾപ്പെടെ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ പദ്ധതി നടപ്പാക്കാൻ വൈകിയതോടെ ഫണ്ട് തികയാതെ വന്നു. ഒഴുക്ക് നിലച്ചും പുല്ല് വളർന്നും മരങ്ങൾ വീണും വികൃതമായി കിടക്കുകയാണ് എ.എസ് കനാൽ. പദ്ധതി നിലച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർഥ്യമാക്കാൻ ആരും മെനക്കെട്ടിട്ടില്ല. ഡി.ടി.പി.സിയും പഞ്ചായത്തും വിചാരിച്ചാൽ നടപ്പാക്കാമായിരുന്ന പദ്ധതിയാണ് നിലച്ചുകിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.