ആശ്വാസമഴയിൽ കൃഷിയിടങ്ങൾ വെള്ളത്തിലായി; നഷ്ടക്കണക്കുമായി കർഷകർ
text_fieldsചേര്‍ത്തല: കനത്ത ചൂടിന് ആശ്വാസമായെത്തിയ മഴയിൽ പച്ചക്കറി കൃഷിയിടങ്ങള്‍ വെള്ളത്തിൽ. നാലു ദിവസമായി പെയ്യുന്ന മഴയിൽ ചേർത്തല താലൂക്കിലെ വിവിധ ഇടങ്ങളിൽ ഏക്കർകണക്കിനാണ് പച്ചക്കറി കൃഷി നശിച്ചത്.
ചേര്‍ത്തല തെക്ക്, പട്ടണക്കാട്, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലാണ് നൂറുകണക്കിന് ഏക്കര്‍ പാടങ്ങൾ വെള്ളത്തിലായത്. പ്രധാനമായും ചീര, വെള്ളരി, മത്തന്‍, ഇളവന്‍ തുടങ്ങിയ കൃഷിക്കാണ് മഴ പ്രശ്നമായത്. വേനല്‍ ചൂടിലാണ് കരപ്പാടങ്ങളില്‍ കര്‍ഷകര്‍ പരമ്പരാഗത രീതിയില്‍ കൃഷിയിറക്കുന്നത്. പ്രധാനമായും ചീരയാണ് കൃഷി. ഇതിനൊപ്പമാണ് വിവിധ ഇനം വെള്ളരിയും മത്തനും ഇളവനുമൊക്കെ കൃഷിയിറക്കുന്നത്. ഈ മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന ചീരക്ക് വിപണിയില്‍ വലിയ ഡിമാൻഡാണ്. മഴയില്‍ പാടങ്ങളില്‍ വെള്ളം നിറഞ്ഞ് കൃഷി പ്രതിസന്ധിയിലായതോടെ ചേർത്തല മാർക്കറ്റിൽ ഉൾപ്പെടെ പെട്ടെന്ന് നാടൻ പച്ചക്കറി ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി.
ബാങ്ക് വായ്പയെടുത്ത് ഡിസംബര്‍ മുതല്‍ നിലമൊരുക്കിയാണ് കര്‍ഷകര്‍ കൃഷിചെയ്തത്. വര്‍ഷകാലത്തെ തീവ്രമഴയില്‍ പാടങ്ങളില്‍ നിറഞ്ഞ വെള്ളം ഇറങ്ങാന്‍ വൈകിയതിനാല്‍ പലയിടത്തും ഇക്കുറി കൃഷിയിറക്കാന്‍ വൈകിയിരുന്നു. ഇപ്പോള്‍ വിളവെടുപ്പിന്റെ ഘട്ടത്തിലാണ് മഴ വില്ലനായെത്തിയത്. കഴിഞ്ഞയാഴ്ചത്തെ മഴതന്നെ പലയിടത്തും പ്രതിസന്ധിയായപ്പോള്‍ കൃഷിമന്ത്രിയുടെ ഇടപെടലില്‍ കടക്കരപ്പള്ളിയിലെ കൃഷിയിടങ്ങളില്‍നിന്ന് ഹോര്‍ട്ടി കോര്‍പ് വഴി ഉല്‍പന്നങ്ങള്‍ സംഭരിച്ചിരുന്നു. വേനല്‍ മഴയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രിക്ക് നിവേദനം നൽകുമെന്ന് കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.