മുക്കുപണ്ടം നൽകി തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
text_fieldsചേർത്തല: മുക്കുപണ്ടം നൽകി ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ തൃച്ചാറ്റുകളും സിയാദ് മൻസിലിൽ സിയാദ് (32), അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡിൽ ലൈല മൻസിലിൽ നിയാസ് (32), അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡിൽ വടുതല ജെട്ടി തെക്കേ ഊട്ടുകുളം വീട്ടിൽ റിയാസ് (45), കോയമ്പത്തൂർ തെലുങ്ക് പാളയം സ്വദേശി അറുമുഖം (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സാമ്പത്തികം അത്യാവശ്യമുള്ള സുഹൃത്തുക്കളെ കണ്ടെത്തി അവരെക്കൊണ്ട് സ്വർണം പണയം െവപ്പിക്കും. വലിയ തുക സ്വർണപ്പണയത്തിലൂടെ വാങ്ങിയശേഷം സുഹൃത്തുക്കൾക്ക് ചെറിയ തുക മാത്രം നൽകി ബാക്കി തുക പ്രതികൾ വീതിച്ചെടുക്കുകയായിരുന്നു രീതി. ചേർത്തലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതികൾ പണയം വെക്കുകയും തിരികെ എടുക്കാതെ വന്നപ്പോൾ ധനകാര്യ സ്ഥാപനം സ്വർണം ലേലം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
സ്വർണപ്പണിക്കാരനായ അറുമുഖത്തെകൊണ്ടാണ് മുക്കുപണ്ടം പണിയിച്ചത്. ഒന്നര മുതൽ രണ്ടര ഗ്രാം വരെ മാത്രം സ്വർണം പുറം ഭാഗത്തും ബാക്കി ഉള്ളിൽ അലുമിനിയവും ചേർത്താണ് 10 ഗ്രാം വരുന്ന വളകൾ നിർമിച്ചുനൽകുന്നത്. നിയാസ്, സിയാദ് എന്നിവരാണ് കോയമ്പത്തൂരിൽ പോയി വളകൾ പണിയിച്ച് വാങ്ങുന്നത്.
250ഓളം സ്വർണ വളകളാണ് ഇത്തരത്തിൽ പ്രതികൾ പണിയിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷമായി തട്ടിപ്പ് നടത്തിവരുകയായിരുന്നു. റിയാസിനെ വ്യാഴാഴ്ചയും മറ്റ് പ്രതികളെ വെള്ളിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് ചേർത്തല ഡിവൈ.എസ്.പി എസ്. ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.