ജീവനക്കാരുടെ അനാസ്ഥ; താലൂക്ക് ആശുപത്രിയിൽ ഗർഭസ്ഥശിശുവിന്റെ മരണം, അന്വേഷണം തുടങ്ങി
text_fieldsചേർത്തല: താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥമൂലം ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ വിവിധ വകുപ്പിൽനിന്നും അന്വേഷണം തുടങ്ങി. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് വേലിക്കകത്ത് വീട്ടില്‍ ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യയാണ് (32) ആറാംമാസം വീട്ടില്‍ പ്രസവിച്ചത്.
ഇതിനെതിരെ ആരോഗ്യമന്ത്രിക്ക് അടക്കം പരാതി നൽകിരുന്നു. ജില്ല മെഡിക്കൽ ഓഫിസ്, ചേർത്തല പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നാണ് അന്വേഷണം തുടങ്ങിയത്. കൃഷിമന്ത്രിയും സ്ഥലം എം.എൽ.എയുമായ പി. പ്രസാദ് ധന്യയുടെ വീട് സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. കുറച്ച് ദിവസമായി താലൂക്ക് ആശുപത്രിയെക്കുറിച്ച് വലിയ പരാതിയാണ് ലഭിക്കുന്നതെന്നും ധന്യക്ക് ഡോക്ടർമാരിൽനിന്നുമാണ് പിഴവുണ്ടായതെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വീട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ തുടങ്ങവെ ധന്യ വീട്ടിൽ പ്രസവിച്ചത്.
അഞ്ചാം മാസംവരെ ഡോക്ടർ നിർദേശിച്ച പ്രകാരം കൃത്യമായ സ്കാനിങ്ങും പരിശോധനയും നടത്തിയിരുന്നെങ്കിലും ഗർഭസ്ഥശിശുവിന്റെ വളർച്ചയിലും ആരോഗ്യത്തിലും കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. വയറുവേദനക്ക് ചികിത്സ തേടിയെത്തിയ ഗർഭിണിയെ ഗൈനക്കോളജി ഡോക്ടറുടെ സേവനം കിട്ടാതെ പരിശോധിച്ചത് വീഴ്ചയാണെന്നാണ് വിമർശനം. ഗർഭിണിയായിട്ടും കാര്യമായ പരിശോധനപോലും നടത്താതെയാണ് വയറുവേദനക്ക് മരുന്ന് നൽകിയതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.