കരപ്പുറം കാര്‍ഷികമേള; ചേർത്തലക്ക് ആഘോഷം
text_fieldsചേർത്തല: ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്ക് കൂടുതൽ നിറച്ചാർത്ത് പകരുകയാണ് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് മൈതാനത്ത് സംഘടിപ്പിച്ച കരപ്പുറം കാര്‍ഷിക കാഴ്ച പ്രദര്‍ശനം.
ആഘോഷത്തിന്റെ വൈബിനൊപ്പം കൃഷിരീതികളിലെ പുതിയ അറിവുകളുടെയും പുതു ഉൽപന്നങ്ങളുടെയും ചെപ്പ് തുറന്ന് കാട്ടുകയാണ് പ്രദർശന നഗരിയിലെ സ്റ്റാളുകൾ.
150 സ്റ്റാളുകളിൽ കാർഷിക ഉൽപന്നങ്ങളുടെയും വിവിധ തരം ആധുനിക കാർഷിക ഉപകരണങ്ങളുടെയും വലിയ നിരയാണ് ഒരുക്കിയിരിക്കുന്നത്. മൂവായിരത്തോളം ഉൽപന്നങ്ങളും ഉപകരണങ്ങളുമാണ് ഇവിടെ നിരത്തിവെച്ചിരിക്കുന്നത്. അതിനൊപ്പം കലാപരിപാടികൾ കൂടി അരങ്ങേറുന്നതോടെ ചേർത്തല ഉത്സവലഹരിയിൽ അമരുകയാണ്.
അരിയില്‍ നിന്ന് റെഡി ടു ഈറ്റ് പാസ്ത, പൈനാപ്പിളില്‍നിന്ന് വിനാഗിരി, ജാതിക്കാത്തോടില്നിന്ന് ജെല്ലി, എള്ള് ഹല്‍വ തുടങ്ങി പുത്തൻ മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ നിരയാണ് ഇവിടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ പവിലിയനിൽ ഒരുക്കിയിരിക്കുന്നത്.
വാഴ, നെല്ല്, ജാതിക്ക, കശുമാങ്ങ, കൊക്കോ, എള്ള്, റാഗി, ചക്ക, കൂണ്, മത്സ്യം, തേന്‍, തേങ്ങ, മാങ്ങ, പൈനാപ്പിള്‍ തുടങ്ങി നമുക്ക് ചുറ്റുവട്ടത്തുള്ള ഒട്ടേറെ കാര്‍ഷിക വിഭവങ്ങളില്‍നിന്നുള്ള ഉൽപന്നങ്ങൾ കാർഷിക സർവകലാശാല സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കണ്ണാറ കാര്‍ഷിക സര്‍വകലാശാല വാഴ ഗവേഷണ കേന്ദ്രം, കോട്ടയം എ.സി.എ.ആര് കൃഷി വിജ്ഞാനകേന്ദ്രം, ഓണാട്ടുകര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം, അഗ്രി ബിസിനസ് ഇന്‍ക്യുബേറ്റര്‍ എന്നീ സ്ഥാപനങ്ങളാണ് കാര്‍ഷികസര്‍വകലാശാല ഒരുക്കിയ സ്റ്റാളില്‍ പങ്കാളികളായിട്ടുള്ളത്.
മൂല്യവര്‍ധിത ഉൽപന്നങ്ങളെക്കുറിച്ച് വ്യത്യസ്തമായ ആശയങ്ങളുമായി എത്തുന്ന കര്‍ഷകര്‍ക്കും നവസംരംഭകര്‍ക്കും ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാനായി വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലെ റാഫ്ത്താര്‍ അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്റര്‍ ജീവനക്കാര്‍ സ്റ്റാളിലുണ്ട്.
ഭക്ഷ്യസംസ്കരണമേഖലയിലെ പ്രധാനയന്ത്ര സാമഗ്രികൾ പരിചയപ്പെടുത്തിനും സ്റ്റാളില്‍ അവസരം ഒരുക്കിയിട്ടുണ്ട്. കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി അഗ്രി ക്ലിനിക്കും കൃഷി വിജ്ഞാനകേന്ദ്രം ഒരുക്കിയിട്ടുണ്ട്.
പെട്ടിയും പറയും ചക്രവും പത്താഴവും പോലുള്ള പരമ്പരാഗത കാര്ഷികോപകരണങ്ങളുട മാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളില്‍ വില്പനയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.