ചേർത്തല ഡിപ്പോ, അശാസ്ത്രീയ കെട്ടിടനിർമാണം; പരാധീനതകളേറെ
text_fieldsസ്കൂളുകൾ തുറക്കുന്നതോടെ ഉൾപ്രദേശങ്ങളിലേക്ക് പോയിരുന്ന ഓർഡിനറി ബസുകൾ പുനരാരംഭിക്കും
ചേർത്തല: പരാധീനതകൾക്ക് നടുവിലാണ് ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോ. മൂന്നര ഏക്കർ വിസ്തൃതിയുണ്ടെങ്കിലും നിന്നുതിരിയാൻ സ്ഥലമില്ലാത്ത അവസ്ഥ. അശാസ്ത്രീയമായി കെട്ടിടങ്ങൾ നിർമിച്ചതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ദിവസവും ആറ് മുതൽ ഏഴുലക്ഷം രൂപവരെ വരുമാനമുണ്ട്. തിങ്കളാഴ്ചകളിൽ തുകകൂടും. പുതുതായി തുടങ്ങിയ ഐ.ഒ.സി പമ്പിൽനിന്ന് ദിവസവും രണ്ടുലക്ഷം രൂപക്ക് മുകളിൽ വരുമാനമാണ് കിട്ടുന്നത്. ഐ.ഒ.സി പമ്പ്, സബ് ജില്ല വർക്ഷോപ്, ഉപയോഗമില്ലാത്ത പഴയ ബസുകളുടെ സൂക്ഷിപ്പുകേന്ദ്രം എന്നിവ മൂലം സ്ഥലപരിമിതിയിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഏറെയാണ്.
കൂടുതൽ ദുരിതം ഡിപ്പോയിലെ വനിത ജീവനക്കാർക്കാണ്. ഇവർക്കുവേണ്ട അടിസ്ഥാന സൗകര്യം ഇനിയും ഒരുക്കിയിട്ടില്ല. ബസ് പാർക്കിങ്ങിെൻറ വടക്ക് വശത്തുള്ള കംഫർട്ട് സ്റ്റേഷനെ ആശ്രയിച്ചാണ് ജീവനക്കാർ കഴിയുന്നത്. കോവിഡ് സാഹചര്യത്തിൽ വൈകീട്ട് ആറിന് അടച്ചുപോയാൽ പിന്നെ അടുത്തുള്ള ഹോട്ടലുകളിലെ ശുചിമുറിയാണ് അഭയം. മുലയൂട്ടുന്ന അമ്മമാർക്ക് ഫീഡിങ് മുറിയില്ലാത്തതും പ്രതിസന്ധിയാണ്. മെക്കാനിക്കൽ വിഭാഗത്തിൽ ജോലിചെയ്യുന്നവർക്കും വിശ്രമമുറിയില്ല. പുതുതായി തുടങ്ങിയ പമ്പിൽ ജോലിചെയ്യുന്നവരും പൂർണമായും മഴയിലും വെയിലിലും നിന്ന് ജോലിയെടുക്കേണ്ട അവസ്ഥയാണ്. മേൽക്കൂര ഇല്ലാത്തതാണ് കാരണം. കഴിഞ്ഞദിവസങ്ങളിൽ കൊടും വെയിലിൽ ജോലിചെയ്ത രണ്ടുപേർ കുഴഞ്ഞുവീണു.
പെട്രോൾ പമ്പ് വന്നതോടെ ബസുകൾ പ്രധാന റോഡിലേക്ക് കൊണ്ടുപോകാൻ ഡ്രൈവർമാർ പെടാപ്പാട് പെടുകയാണ്. മുഹമ്മ, അരൂക്കുറ്റി, വളമംഗലം, അന്ധകാരനഴി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾ കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ കുറഞ്ഞതോടെ നിർത്തലാക്കി. അന്തർസംസ്ഥാന സർവിസ് ചേർത്തല ഡിപ്പോയിൽനിന്ന് ഓടുന്നില്ല. മൂന്നാറിലേക്ക് ദിവസവും പുലർച്ച ആറിന് ഉണ്ടായിരുന്ന ഓർഡിനറി ലിമിറ്റഡ് സ്റ്റോപ് ബസും നിർത്തി. സ്കൂളുകൾ തുറക്കുന്നതോടെ ഉൾപ്രദേശങ്ങളിലേക്ക് പോയിരുന്ന ഓർഡിനറി ബസുകൾ പുനരാരംഭിക്കുമെന്ന് അസി. സ്റ്റേഷൻ മാസ്റ്റർ ശ്യാം പറഞ്ഞു.
ദേശീയപാതയോരത്ത് 'മിനി ബസ് സ്റ്റാൻഡ്'
ദേശീയ പാതയിൽ മിനി ബസ്സ്റ്റാൻഡ് വരുന്നതോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ തിരക്ക് നിയന്ത്രിക്കാനാകും. ദേശീയപാതയിൽ റെയിൽവേ സ്റ്റേഷന് മുന്നിലാണ് മിനി ബസ്സ്റ്റാൻഡിനായി 50 സെൻറ് സ്ഥലം ഏറ്റടുത്തത്.
എറണാകുളത്ത് നിന്നും ആലപ്പുഴയിൽ നിന്നും ദേശീയപാതയിലൂടെ എത്തുന്ന സൂപ്പർഫാസ്റ്റ്, ലോഫ്ലോർ ബസടക്കം കയറാനുള്ള ബസ് ടെർമിനലാണ് ലക്ഷ്യംവെക്കുന്നത്. ഇതോടെ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടവർക്ക് എളുപ്പമാർഗമാകും. ഇതിനായി നഗരസഭ ബജറ്റിൽ ഫണ്ട് വകയിരുത്തിട്ടുണ്ട്.
ചേർത്തല ഡിപ്പോക്ക് പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിക്കാനും തീരുമാനമുണ്ട്. എ.എം. ആരിഫ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഡിപ്പോയിൽ നിലവിലുള്ള അമിനിറ്റി സെൻററിനു മുന്നിലായാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിക്കുക. ആവശ്യത്തിനുള്ള ഇരിപ്പിടങ്ങൾ, ഫീഡിങ് റൂം, ശുദ്ധജലം, ബസിെൻറ ഇലക്ട്രോണിക്സ് സമയക്രമ ബോർഡ് തുടങ്ങിയവയാണ് പുതിയ പദ്ധതിയിൽ ഉൾെപ്പടുത്തിയിരിക്കുന്നത്. സി.സി ടി.വി കാമറ, സൗരോർജ പാനൽ തുടങ്ങിയവയും ആലോചനയിലുണ്ട്. കാത്തിരിപ്പ് കേന്ദ്രത്തിെൻറ വിസ്തീർണം നിശ്ചയിക്കൽ, എസ്റ്റിമേറ്റ് എടുക്കൽ ഉൾപ്പെടെ നടപടി അടുത്തയാഴ്ച തുടങ്ങും. അതേസമയം, അമിനിറ്റി സെൻററിൽ ഇപ്പോൾ യാത്രക്കാർക്ക് ഇരിക്കാൻ കസേരകൾ പോലുമില്ല.
ദുരിതമായി 'വെള്ളക്കെട്ട്'
പുറത്തുനിന്ന് ചേർത്തല സ്റ്റാൻഡിലേക്ക് കയറുന്നിടത്തെ വെള്ളക്കെട്ട് ദുരിതമാണ്. ഇൻറർലോക് കട്ട ഉപയോഗിച്ച് നിർമിച്ച തറപാകിയ ഇടത്താണ് താഴ്ന്ന് വെള്ളക്കെട്ട് രൂപപ്പെടുന്നത്. വർഷങ്ങളായി പരാതി നൽകിയെങ്കിലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. കാലവർഷമാകുമ്പോഴാണ് ദുരിതമേറുന്നത്. പടിഞ്ഞാറു നിന്നും കിഴക്ക് നിന്നും എത്തുന്ന ബസുകൾ വരുന്ന വേഗതയിൽ വളക്കുമ്പോഴാണ് സമീപത്തെ കടകളിലേക്ക് അടക്കം വെള്ളം തെറിക്കുന്നത്. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വേളോർവട്ടം ശശികുമാർ പറഞ്ഞു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.